ജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയില്‍; സിസിടിവിയില്‍ കണ്ടയാളുടെ 'കുടവയര്‍' മോഷ്ടാവ് മലയാളിയെന്ന് ഉറപ്പിച്ചു; ദൃശ്യങ്ങള്‍ കണ്ട പരിസരവാസിയായ വീട്ടമ്മ പറഞ്ഞത് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്നും; വീട്ടില്‍ പൊലീസെത്തുമ്പോള്‍ തെളിവായി ആ സ്‌കൂട്ടറും ഷൂവും; ബാങ്കിലെത്തിച്ച് തെളിവെടുത്തു
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖലയിലെ കവര്‍ച്ചാ കേസില്‍ പ്രതി റിജോ ആന്റണി പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ നീക്കങ്ങളിലെ പഴുതുകളായിരുന്നു പ്രതിയെ കണ്ടെത്തുന്നതില്‍ പൊലീസിനെ സഹായിച്ചതും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാര്‍ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് 48 മണിക്കൂര്‍ കൊണ്ട് പ്രതിയെ വലയിലാക്കിയത്. ബാങ്ക് ജീവനക്കാരനോട് ഹിന്ദി സംസാരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും കവര്‍ച്ചയ്ക്ക് ശേഷം മടങ്ങുമ്പോള്‍ വസ്ത്രങ്ങള്‍ പലതവണ മാറിയതുമടക്കം പിടിക്കപ്പെടാതിരിക്കാന്‍ ഒട്ടേറെ മുന്‍കരുതലുകള്‍ റിജോ നടത്തിയെങ്കിലും മറച്ചുവയ്ക്കാന്‍ വിട്ടുപോയ രണ്ട് തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കി ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. പട്ടാപ്പകല്‍, ദേശീയപാതയുടെ തൊട്ടടുത്ത് ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവരും ആശ്ചര്യപ്പെട്ട കവര്‍ച്ച. പ്രതി കൊള്ളയടിക്കുന്നതും കടന്നുകളയുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ആളെ കിട്ടിയിരുന്നില്ല. പക്ഷെ കൊള്ള നടന്ന മൂന്നാം ദിവസം, പൊലീസ് പ്രതിയെ പിടികൂടി. രക്ഷപ്പെടാന്‍ ഒരു പഴതുമില്ലാതെ റിജോയ്ക്ക് കുറ്റം സമ്മതിക്കേണ്ടിയും വന്നു.
വളരെ ആസൂത്രിതമായിരുന്നു റിജോ ആന്റണിയുടെ കൊള്ള. ഇതിന് നാല് ദിവസം മുന്‍പും റിജോ ഇതേ ബാങ്കില്‍ ഒരു കൊള്ളശ്രമം നടത്തിനോക്കിയിരുന്നു. പക്ഷെ പൊലീസ് ജീപ്പ് കണ്ടതോടെ പിന്മാറി. പക്ഷെ നാല് ദിവസത്തിന് ശേഷം ഇയാള്‍ പ്ലാന്‍ കൃത്യമായി നടത്തി. ബാങ്ക് ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം നിരീക്ഷിച്ചുവച്ച റിജോ, ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി, കയ്യില്‍ കിട്ടിയ 15 ലക്ഷവുമായി രക്ഷപ്പെട്ടു. പോകുന്ന വഴിയില്‍ മദ്യവും വാങ്ങി.
പിടിക്കപ്പെടാതിരിക്കാനായി സകല അടവും ഇയാള്‍ പയറ്റിയിരുന്നു. ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പോലും കാണാതിരിക്കാനായി ഇയാള്‍ ശരീരം മുഴുവന്‍ മൂടിയിരുന്നു. അന്വേഷണം നടന്നാല്‍ ഗതി മാറിപ്പോകാനായി, ഹിന്ദിയിലാണ് സംസാരിച്ചത്. കൊള്ള കഴിഞ്ഞ് വാഹനത്തില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തികൊണ്ടിരുന്നു, വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറി. കൊള്ളയ്ക്ക് ശേഷം സിസിടിവി ഇല്ലാത്ത സ്ഥലം നോക്കിയും ഇയാള്‍ ഉടുപ്പ് മാറി. ബുദ്ധിപരമായി, വളഞ്ഞ വഴികളെടുത്ത് യാത്ര ചെയ്തു. പക്ഷെ കേരള പൊലീസിനെ റിജോയ്ക്ക് പറ്റിക്കാന്‍ സാധിച്ചില്ല.
പിടിക്കപ്പെടാതിരിക്കാന്‍ റിജോ നടത്തിയ ഒരുക്കങ്ങള്‍ പൊലീസിനെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാര്‍ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് 48 മണിക്കൂര്‍ കൊണ്ട് പ്രതിയെ വലയിലാക്കിയത്. കവര്‍ച്ചയില്‍ പൊലീസ് പിടികൂടാതിരിക്കാനായി പ്രതി റിജോ ആന്റണി നടത്തിയ ഒരോ ശ്രമങ്ങളും ആദ്യമെ തന്നെ പൊലീസ് പൊളിച്ചു. വെള്ളിയാഴ്ച കവര്‍ച്ച നടക്കുന്നതിനിടെ പ്രതി ജീവനക്കാരോട് ഹിന്ദിയിലാണ് സംസാരിച്ചതെന്ന മൊഴി പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചു. പ്രതിയായ റിജോ ബാങ്കിലെത്തുമ്പോള്‍ എത്തുമ്പോള്‍ ബാങ്കിന്റെ ഫ്രണ്ട് ഓഫീസില്‍ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ കത്തി കാണിച്ചശേഷം ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തിയത്. ജീവനക്കാരെ ബാത്ത്‌റൂമില്‍ അടച്ചശേഷം കൗണ്ടറിലെ പണമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു.
മോഷണത്തിന്റെ അന്വേഷണം തന്നിലേക്ക് വരാതിരിക്കുന്നതിനായി പ്രതി തന്ത്രപൂര്‍വം ഹിന്ദി ഭാഷയില്‍ സംസാരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരനാണെന്ന് വരുത്തിതീര്‍ക്കാനും പൊലീസ് അന്വേഷണം ആ രീതിയില്‍ വഴിതിരിച്ചുവിടാനുള്ള റിജോയുടെ പദ്ധതിയാണ് പൊലീസ് ആദ്യം തന്നെ പൊളിച്ചത്. ഇതില്‍ റിജോയുടെ കുടവയറും നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിച്ച പൊലീസ് പ്രതിയുടെ ശരീരപ്രകൃതം കൃത്യമായി നിരീക്ഷിച്ചു മലയാളിയുടേതെന്ന് മനസിലാക്കി.
കുടവയറുള്ള ഹിന്ദിക്കാരനായ റോബിഹുഡ് ഉണ്ടായിരിക്കുമോയെന്നും പൊലീസ് സംശയിച്ചു. ഇതോടൊപ്പം റിജോ ഓടിച്ച സ്‌കൂട്ടറും ധരിച്ചിരുന്ന ഷൂവും പൊലീസിന് വേഗത്തില്‍ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി. ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ മാത്രമെടുത്ത പ്രതി കൂടുതല്‍ പണം എടുക്കാത്തതും പൊലീസിനെ സംശയിപ്പിച്ചു. ബാങ്കിനെക്കുറിച്ച് നന്നായി അറിയുന്നയാളായിരിക്കുമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ ടിവിഎസ് എന്‍ട്രോഗ് സ്‌കൂട്ടറുള്ള ഉടമകളുടെ ലിസ്റ്റ് അടക്കം പൊലീസ് പരിശോധിച്ചിരുന്നു.
ബാങ്കിലുള്ളവര്‍ പുറത്തുള്ളവരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുമെന്ന ഭയം മൂലമാണ് 15 ലക്ഷം മാത്രം എടുത്തതെന്നാണ് റിജോയുടെ കുറ്റസമ്മത മൊഴി. കുറച്ചു സമയം മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാത്തിലാണ് വീട്ടിലിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
വീട്ടമ്മയുടെ മൊഴി പിടിവള്ളിയായി
ബാങ്കിന്റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ഇവിടെ അടുത്തുള്ളയാളാണ് റിജോയെന്ന് വീട്ടമ്മ പറഞ്ഞു. റിജോയ്ക്ക് ഇതുപോലെയുള്ള സ്‌കൂട്ടറുണ്ടെന്നും വീട്ടമ്മ പറഞ്ഞു. തുടര്‍ന്ന് റിജോയുടെ വീട്ടില്‍ പൊലീസെത്തുമ്പോള്‍ സ്‌കൂട്ടര്‍ അവിടെയുണ്ടെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോള്‍ സ്‌കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാല്‍, മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീട്ടിന് മുന്നിലുണ്ടായിരുന്നു. ഈ അടയാളം കൂടി ലഭിച്ചതോടെ പ്രതി റിജോയാണെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്നാണ് റിജോ പൊലീസിന്റെ വലയിലാകുന്നത്. മോഷണശേഷം പ്രതി വീട്ടില്‍ കുടുംബ സംഗമവും നടത്തി. ഇതിനിടെയാണ് പൊലീസെത്തുന്നതും പ്രതി പിടിയിലാകുന്നത്.
റിജോയുമായി തെളിവെടുപ്പ്
റിജോയുമായി പൊലീസ് കവര്‍ച്ച നടന്ന ഫെഡറല്‍ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിലെത്തി തെളിവെടുപ്പ് നടത്തി. വന്‍ സുരക്ഷയിലാണ് റിജോയെ പൊലീസ് സ്ഥലത്തെത്തിച്ചത്. മോഷണശേഷം റിജോയ പോയ സ്ഥലത്തടക്കം തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിനുശേഷം റിജോയെ കോടതിയില്‍ ഹാജരാക്കും. എല്ലാം ഒറ്റയ്ക്കാണ് ചെയ്തതെന്ന് റിജോ പൊലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച മുഴുവന്‍ പണവും പൊലീസ് കണ്ടെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്കിലെത്തി
കൊള്ള നടന്നയുടന്‍ തന്നെ അന്വേഷണം വേഗത്തിലാക്കിയ പൊലീസ് നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് ആദ്യം മനസിലാക്കി. പിന്നീടാണ് ആ സുപ്രധാന നിരീക്ഷണം പൊലീസ് നടത്തിയത്. പലതവണ വസ്ത്രം മാറിയതടക്കമുള്ള ഗംഭീര പ്ലാനിങ് നടത്തിയ റിജോ ആന്റണി പക്ഷെ ഷൂ മാറ്റാന്‍ മറന്നുപോയിരുന്നു. സുപ്രധാന സൂചന കിട്ടിയ പൊലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഇതേ ബാങ്കില്‍ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. അന്ന് ഇയാള്‍ ചുറ്റുപാടുകളൊക്കെ കൃത്യമായി നിരീക്ഷിച്ചിരുന്നു. ബാങ്കിന് തൊട്ടുമുന്‍പിലുള്ള പള്ളിയില്‍ കുര്‍ബാന ഇല്ലാത്ത സമയം വെള്ളിയാഴ്ച്ചയാണെന്ന് പ്രതി മനസിലാക്കി. തുടര്‍ന്നായിരുന്നു കൊള്ള. ഇതെല്ലാം കണ്ടുപിടിച്ച പൊലീസ് ഇയാളുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി, ട്രേസ് ചെയ്തു. തത്ഫലം മൂന്നാം നാള്‍ റിജോയുടെ വീട്ടുപടിക്കല്‍ പൊലീസെത്തി.
കടം തീര്‍ത്ത് സുരക്ഷിതനാകാന്‍ നോക്കി
മോഷ്ടിച്ച പണം ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കാനായിരുന്നു പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചുതന്നിരുന്ന പണമെല്ലാം മദ്യപിച്ചും മറ്റും ഇയാള്‍ ധൂര്‍ത്തടിച്ചു കളഞ്ഞിരുന്നു. കൂടാതെ കടവും ഉണ്ടായിരുന്നു. ഭാര്യ അവധിക്ക് വരുന്നുവെന്നറിഞ്ഞതോടെ, തന്റെ കടമെല്ലാം തീര്‍ത്ത് 'സുരക്ഷിത'നാകാനായിരുന്നു റിജോ കൊള്ളയടിച്ചത്. സുഹൃത്തില്‍ നിന്ന് കടമായി വാങ്ങിയ പണം മോഷ്ടിച്ചതില്‍ നിന്ന് നല്‍കി. വീട്ടില്‍ കുടുംബസംഗമം നടക്കുമ്പോള്‍, മോഷണക്കേസ് പ്രതി നാടുവിട്ടെന്നും അയാളെ പിടിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് റിജോ ആശങ്കയും ഭയവുമില്ലാതെ നടക്കുകയായിരുന്നു. എന്നാല്‍ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. നാട്ടുകാര്‍ നോക്കി നില്‍ക്കെത്തന്നെപൊലീസ് റിജോയെ അറസ്റ്റ് ചെയ്തു.