കുടുംബ സംഗമം നടക്കവേ ബാങ്ക് കൊള്ളയെ കുറിച്ചു സംസാരിച്ചു; കളളനെ പിടിക്കാന്‍ പോലീസിന് സാധിക്കില്ല, അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് പറഞ്ഞു; കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ല; റിജോയെ കുറിച്ച് വാര്‍ഡ് മെമ്പര്‍ ജിജി പറയുന്നു
കുടുംബ സംഗമം നടക്കവേ ബാങ്ക് കൊള്ളയെ കുറിച്ചു സംസാരിച്ചു
തൃശൂര്‍: മോഷണ കേസില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ അന്ന് റിജോയുടെ വീട്ടില്‍ കുടുംബ സംഗമം നടത്തിയിരുന്നതായി മുന്‍സിപ്പില്‍ കൗണ്‍സില്‍ വാര്‍ഡ് മെമ്പര്‍ ജിജി ജോണ്‍സണ്‍. താളിപ്പാറ വാര്‍ഡിലാണ് റിജോയുടെ വീട്. രണ്ടര വര്‍ഷമേ ആയിട്ടുള്ളൂ ഇവിടെ താമസം തുടങ്ങിയിട്ട്. കുടുംബ സംഗമം നടക്കുന്ന സമയത്ത് ബാങ്ക് കൊളളയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കളളനെ പിടിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി ജോണ്‍സണ്‍ പറഞ്ഞു.
'ഇന്നലെ ഉച്ചയോടെ കുടുംബ സമ്മേളനം നടത്തിയിരുന്നത് പ്രതി റിജോയുടെ വസതിയിലായിരുന്നു. അത് കഴിഞ്ഞാണ് പൊലീസ് റിജോയെ കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചയെ കുറിച്ച് സംസാരിച്ചപ്പോള്‍ കളളനെ പിടിക്കാന്‍ കഴിയില്ലെന്നും അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് റിജോ പറഞ്ഞിരുന്നു. കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ലെ'ന്നാണ് ജിജി ജോണ്‍സണിന്റെ പ്രതികരണം.
ഇന്നലെ കുടുംബ സമ്മേളനം നടന്നത് രണ്ടരക്കാണ്. നാലരയോടെയാണ് വീട്ടിലേക്ക് പോയത്. അതിന് ശേഷമാണ് അറസ്റ്റു വിവരം അറിയിയുന്നത്. മക്കള് സ്‌കൂളില്‍ പോയതിന് ശേഷം നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുന്ന പ്രകൃതമാണ് റിജോയുടേത്. ഇങ്ങനെയൊരു മോഷണം നടത്തുമെന്ന് കരുതിയില്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കടങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. ഭാര്യ വിദേശത്തു നിന്നും അയച്ചു കൊടുത്ത പണം ധൂര്‍ത്തടിച്ചെന്നും പറഞ്ഞു. പോലീസ് പരിസരത്ത് ഉണ്ടായിരുന്നു. അപ്പോഴാണ് കള്ളനെ പിടിക്കാന്‍ കഴിയില്ലെന്ന് തമാശയായി പറഞ്ഞത്.- ജിജി പറഞ്ഞു.
ചാലക്കുടിയില്‍ ബാങ്ക് കൊള്ളയടിച്ച പണം തട്ടിയ റിജോ ആന്റണിയെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്. ഭാര്യ കുവൈറ്റിലെ നഴ്‌സാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്.
എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.
ഇതിനിടെ പ്രതി കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. കവര്‍ച്ചയ്ക്ക് ശേഷം ഈ പണം പ്രതി കടം വാങ്ങിയ ആള്‍ക്ക് തിരിച്ച് നല്‍കിയിരുന്നു. ഇയാളാണ് ഈ പണം പൊലീസിന് കൈമാറിയത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 15 ലക്ഷത്തില്‍ നിന്നാണ് 2, 94 , 000 രൂപ കടം വീട്ടിയത്.
വന്‍ ആസൂത്രണം. ആഴ്ചകള്‍ക്കുമുന്‍പേ ഇതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശരീരം മുഴുവന്‍ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുന്‍കരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാള്‍ ശ്രദ്ധിച്ചിരുന്നു.
മോഷണം നടത്തുന്നതിന് നാലുദിവസം മുന്‍പ് ഇയാള്‍ ബാങ്കിലെത്തി. കാലാവധി കഴിഞ്ഞ എ.ടി.എം. കാര്‍ഡുമായിട്ടാണ് വന്നത്. ഈ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ആളുകള്‍ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയില്‍ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുര്‍ബാനയില്ലെന്നതും കണക്കിലെടുത്തു.
ബാങ്കിലെത്തി മൂന്നു മിനിറ്റുകൊണ്ടാണ് ഇയാള്‍ മോഷണം പൂര്‍ത്തിയാക്കിയത്. 47 ലക്ഷം രൂപയില്‍ 15 ലക്ഷം രൂപമാത്രമെ ഇയാള്‍ എടുത്തിരുന്നുള്ളു. ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട ബാങ്ക് ജീവനക്കാര്‍ ഫോണ്‍ ചെയ്യുന്നതും മറ്റും കേട്ടതോടെയാണ് പണം മുഴുവന്‍ മോഷ്ടിക്കാഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനായി വീട്ടില്‍നിന്നിറങ്ങി തിരിച്ച് വീട്ടിലെത്തുന്നതുവരെ മൂന്നിടത്തുനിന്ന് വസ്ത്രം മാറുമ്പോഴും സി.സി.ടി.വി. ക്യാമറ ഇല്ലെന്ന് ഉറപ്പാക്കി. ഗ്ലൗസ് വരെ മാറ്റുകയും ചെയ്തു.
മോഷണത്തിനുശേഷം ഇട റോഡുകളിലൂടെയും റോഡുമാറിയുമെല്ലാം സഞ്ചരിച്ച് പോലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചു. മോഷണസമയത്ത് ഹിന്ദിയാണ് ഇയാള്‍ സംസാരിച്ചിരുന്നതും. പിടിയിലാകില്ലെന്ന ആത്മ വിശ്വാസത്തിലായിരുന്നു പ്രതി. മോഷണം സംബന്ധിച്ച വാര്‍ത്തകളെല്ലാം ഫോണിലൂടെ ഇയാള്‍ അറിയുന്നുണ്ടായിരുന്നു.വീടുവിട്ട് പോയില്ല. പോലീസ് തേടിയെത്തിയപ്പോള്‍ പ്രതിക്ക് അതുവലിയ ആഘാതമായി. പ്രതിബന്ധങ്ങളെല്ലാം തട്ടിമാറ്റി പ്രതിയിലേക്ക് എത്താനായത് പോലിസിന് വന്‍ നേട്ടവുമായി.