കോണ്‍ക്രീറ്റ് ചെയ്തത് ഉപ്പു വെള്ളത്തില്‍; ഇരട്ട ടവറുകള്‍ക്കടുത്ത് 14 നിലയുള്ള ഭവനസമുച്ചയവും മെട്രോപാതയുമുള്ളത് വെല്ലുവിളി; മെട്രോ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സാങ്കേതിക പരിശോധനകള്‍ വേണ്ടി വരും; വിരമിച്ച സൈനികരോട് കാട്ടിയത് വന്‍ ചതി; വൈറ്റിലയിലെ ചന്ദര്‍കുഞ്ജും 'സ്‌ഫോടനത്തില്‍' തകരും

Update: 2025-02-05 02:41 GMT

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിനും തീരദേശ പരിപാലന നിയമം ലംഘിച്ച മരട് ഫ്‌ലാറ്റുകള്‍ക്കും പിന്നാലെ നിലംപൊത്താനൊരുങ്ങുകയാണ് വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഇരട്ട ടവറുകള്‍. പാലാരിവട്ടം മേല്‍പ്പാലത്തിലുണ്ടായതിന് സമാനമായ നിര്‍മാണപ്പിഴവുകളാണ് 26 നിലകളുള്ള ചന്ദര്‍കുഞ്ജിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഈ ടവറുകള്‍ പൊളിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

പാലാരിവട്ടം മേല്‍പ്പാലം, മരട് ഫ്‌ലാറ്റുകള്‍ എന്നിവയേക്കാളും ദുഷ്‌കരമാകും ചന്ദര്‍കുഞ്ജിന്റെ പൊളിക്കല്‍. ചന്ദര്‍കുഞ്ജ് പൊളിക്കുന്നതും സ്ഫോടനത്തിലൂടെയാകും. ഇരട്ട ടവറുകള്‍ക്കടുത്ത് 14 നിലയുള്ള ഭവനസമുച്ചയവും മെട്രോപാതയുമുള്ളത് വെല്ലുവിളിയാകും. മെട്രോ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സാങ്കേതിക പരിശോധനകള്‍ വേണ്ടിവരും. മരട് ഫ്‌ലാറ്റുകളെക്കാള്‍ ഉയരമുണ്ട് ഇരട്ട ടവറുകള്‍ക്ക്. മരടില്‍ പൊളിച്ച ഫ്‌ലാറ്റുകളില്‍ ഉയരംകൂടിയത് 19 നിലയുള്ള ഹോളി ഫെയ്ത്ത് എച്ച്2ഒ ആയിരുന്നു. കലക്ടര്‍ അധ്യക്ഷനായി രൂപീകരിക്കുന്ന സമിതിക്കാണ് ടവറുകള്‍ പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കാനുള്ള ചുമതല.

മരടില്‍ ആല്‍ഫ സെറീന്‍ എന്ന 16 നിലകള്‍വീതമുള്ള ഇരട്ട ടവറുകള്‍ ഉള്‍പ്പെടെ അഞ്ച് ഫ്‌ലാറ്റുകളാണ് 2020 ജനുവരി 11, 12 തീയതികളില്‍ പൊളിച്ചത്. ഹോളിഫെയ്ത്ത്, 17 നിലയുള്ള ജെയിന്‍ കോറല്‍ കോവ്, 17 നിലയുള്ള ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ചുനീക്കിയ മറ്റു ഫ്‌ലാറ്റുകള്‍. ചന്ദര്‍കുഞ്ജില്‍ രണ്ടു ടവറുകളിലുമായി മുന്നൂറോളം അപ്പാര്‍ട്ട്മെന്റുകളുണ്ടെങ്കിലും നൂറില്‍ താഴെ കുടുംബങ്ങളേ നിലവില്‍ താമസിക്കുന്നുള്ളൂ. അതില്‍ത്തന്നെ പകുതിയോളം യഥാര്‍ഥ ഉടമകളില്‍നിന്ന് വാടകയ്ക്കെടുത്ത് താമസിക്കുന്നവരാണ്. ഫ്‌ലാറ്റ് തകര്‍ച്ചയിലായതോടെ ഉടമകള്‍ പലരും നേരത്തേതന്നെ ഒഴിഞ്ഞു. കുറെയേറെ ഫ്‌ലാറ്റുകള്‍ താമസക്കാരില്ലാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഈ സാഹചര്യത്തില്‍, അമ്പതോളം കുടുംബങ്ങളെ വാടക നല്‍കി പുനരധിവസിപ്പിക്കേണ്ടിവരും.

അതിനിടെ വൈറ്റില ചന്ദര്‍കുഞ്ജ് ഇരട്ട ടവറില്‍നിന്ന് ഒഴിയുന്നവര്‍ക്ക് വീട്ടുവാടകയിനത്തില്‍ ഹൈക്കോടതി നിശ്ചയിച്ച തുക അപര്യാപ്തമെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു. കൊച്ചിപോലൊരു നഗരത്തില്‍ വാടകവീടുകളുടെ ലഭ്യതയും നിരക്കും പരിഗണിച്ച് തുക നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഫ്‌ലാറ്റ് ഉടമകളുടെ തീരുമാനം. ഇരട്ട ടവറുകളുടെ പുനര്‍നിര്‍മാണത്തിനായി ഒഴിയുന്ന ബി ടവറിലെ താമസക്കാര്‍ക്ക് 21,000 രൂപയും സിയിലെ താമസക്കാര്‍ക്ക് 23,000 രൂപയും മാസവാടക നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് നഗരത്തിലോ പരിസരത്തോ വീടോ അപ്പാര്‍ട്ട്മെന്റുകളോ വാടകയ്ക്ക് കിട്ടില്ലെന്ന് ചന്ദര്‍കുഞ്ജ് കേസിലെ പ്രധാന ഹര്‍ജിക്കാരനായ റിട്ട. കേണല്‍ സിബി ജോര്‍ജ് പറഞ്ഞു.

ചന്ദര്‍കുഞ്ജ് ഫ്‌ലാറ്റ് പൊളിക്കണമെന്ന കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും പിന്നീടുള്ള കാര്യങ്ങളിലെ അവ്യക്തയില്‍ അതൃപ്തരാണെന്ന് ചന്ദര്‍കുഞ്ജ് വെല്‍ഫെയര്‍ മെയിന്റനന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു. വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റിലെ രണ്ട് ടവറുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് അവര്‍ പറഞ്ഞു. മറ്റൊരിടം കണ്ടെത്താതെ അതേ സ്ഥലത്ത് തന്നെയുള്ള പുനര്‍നിര്‍മാണം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ഫ്‌ളാറ്റിന്റെ നിര്‍മാണത്തിലെ അപാകം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ എല്‍.എസ്.ജി.ഡി.യെ സമീപിച്ചിരുന്നു. അതുപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തി ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കേഷനും നിയപരമല്ലെന്ന് കണ്ടെത്തി. പക്ഷേ, അതിനുശേഷവും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ച ശില്‍പ പ്രജക്ടസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രജക്ട് മാനേജ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ആര്‍ക്കിടെക്ട്‌സ്, ചട്ടലംഘനം നടത്തി ഫ്ളാറ്റ് നിര്‍മിച്ച എ.ഡബ്ള്യൂ.എച്ച്.ഒ( ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് കോര്‍പറേഷന്‍) എന്നിവര്‍ക്കെതിരേ നടപടിവേണമെന്നും ആവശ്യമുണ്ട്. സൈനികരെ കണ്ണില്‍ച്ചോരയില്ലാതെ വഞ്ചിക്കുകയായിരുന്നു എ.ഡബ്ള്യൂ.എച്ച്.ഒ. ചെയ്തത്. രാജ്യത്തെ സേവിച്ചതിനു കിട്ടിയ ഒരായുസിന്റെ സമ്പാദ്യമാണ് പൊലിഞ്ഞുപോയത്. വിരമിച്ച സൈനികരും അവരുടെ ആശ്രിതരുമാണ് ഫ്ളാറ്റില്‍ കഴിയുന്നവര്‍. ഇരട്ട ടവറില്‍ ബി, സി. എന്നിവയാണ് ബലക്ഷയംമൂലം തകരാറിലായത്. എ ടവറിന് കേടുപാടുകളില്ല. ഫ്ളാറ്റ് സമുച്ചയ നിര്‍മാണത്തില്‍ അടിമുടി പിഴവുകളാണ്. എല്ലാ കെട്ടിട നിര്‍മാണ നിയമങ്ങളും ലംഘിച്ചാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് കോര്‍പറേഷന്‍(എ.ഡബ്ള്യൂ.എച്ച്.ഒ.) കെട്ടിട നിര്‍മാണം നടത്തിയതെന്നാണ് ആരോപണം.

എന്നാല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇക്കാര്യങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കലക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ഫ്ളാറ്റ് പൊളിക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കണമെന്നാണ് കോടതിയും പറഞ്ഞിട്ടുള്ളത്.

നിലവില്‍ കെട്ടിടം പണിതിരിക്കുന്നത് റവന്യൂ വകുപ്പില്‍ നിലം എന്നു രേഖപ്പെടുത്തിയ ഭൂമിയിലാണ്. കെട്ടിടം പണിയാന്‍ തുടങ്ങിയ 2013 കാലഘട്ടത്തില്‍ ഒരു നിര്‍മാണത്തിനും അനുമതി കിട്ടാത്ത സ്ഥലത്താണ് പണിതുയര്‍ത്തിയത്. സി.ആര്‍.ഇസഡ് മേഖലയിലുള്ള സ്ഥലത്ത് കെട്ടിടം പണിയാന്‍ അനുമതി കിട്ടിയതുപോലും ദുരൂഹമാണ്. വില്ലേജ്, മുനിസിപ്പാലിറ്റി, എന്നുവേണ്ട ഒരിടത്തുനിന്നുപോലും വേണ്ടത്ര അനുമതികള്‍ കിട്ടിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി താമസക്കാര്‍ ചൂണ്ടിക്കാട്ടി. 15 വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ടൗണ്‍ പ്ളാനര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും പാലിക്കാതെയാണ് കെട്ടിടം പണിതത്.

ഉപ്പുവെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതാണ് കെട്ടിടം ദുര്‍ബലമാകാന്‍ കാരണം. കോണ്‍ക്രീറ്റ് പരിശോധിച്ചപ്പോള്‍ ക്ളോറിന്റെ സാന്നിധ്യം കണ്ടെത്തി. 2016 മുതല്‍ താമസം തുടങ്ങിയ ഫ്ളാറ്റില്‍ ആ വര്‍ഷത്തെ മണ്‍സൂണില്‍ മഴവെള്ളം കയറിയിരുന്നു. മഴവെള്ളം ബേസ്മെന്റില്‍ നിറയാന്‍ പാടില്ലാത്തവിധം ബൗണ്ടറി വാള്‍ കെട്ടിയിരുന്നില്ല. . 11 പഠന റിപ്പോര്‍ട്ടുകളിലും കെട്ടിടത്തിന് അറ്റകുറ്റപ്പണി അസാധ്യമെന്ന് കണ്ടെത്തുകയുണ്ടായി. ഇതെല്ലാം കാരണമാണ് ടവര്‍ പൊളിക്കുന്നത്.

Tags:    

Similar News