യൂണിഫോം ധരിച്ച് ചെറു പുഞ്ചിരിയോടെ നെഞ്ച് വിരിച്ച് നിൽക്കുന്ന ആ 'വിങ്ങ് കമാൻഡർ'; എല്ലാവരെയും ഷേക്ക് ഹാൻഡ് നൽകി വരവേൽക്കുന്ന കാഴ്ച; സ്വന്തം മകന്റെ അവസാന നിമിഷങ്ങൾ യൂട്യൂബിൽ കണ്ടിരുന്ന പിതാവും; 'തേജസ്' പറത്തുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്; രാജ്യത്തിന് തന്നെ തീരാ നോവായി നമൻഷ് സ്യാലിന്റെ വിയോഗം
ദുബായ്: ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് യുദ്ധവിമാനം ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ തകർന്ന് വീണ് പൈലറ്റ് വിങ് കമാൻഡർ നമാൻഷ് സ്യാൽ (34) വീരമൃത്യു വരിച്ചു. ഇന്ത്യൻ പോർവിമാനങ്ങളുടെ കയറ്റുമതി സാധ്യതകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ ദുരന്തം.
അപകടത്തിന് തൊട്ടുമുമ്പുള്ള വിങ് കമാൻഡർ നമാൻഷ് സ്യാലിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ എന്നിവരുൾപ്പെടെയുള്ളവരോടൊപ്പം അദ്ദേഹം ചിരിച്ചുകൊണ്ട് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് സ്യാലിൻ്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച (നവംബർ 21, 2025) ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽവെച്ച് തേജസ് മാർക്ക്-1 വിമാനം താഴ്ന്ന നിലയിലുള്ള അഭ്യാസ പ്രകടനം നടത്തുന്നതിനിടെ 'നെഗറ്റീവ് ജി-ടേൺ' എന്ന അഭ്യാസത്തിൽ നിന്ന് നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാതെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വിമാനം നിലത്ത് തകർന്ന് വീഴുകയും വലിയ തീഗോളമായി മാറുകയും ചെയ്തു.
അതിസമർത്ഥനായ യുദ്ധവിമാന പൈലറ്റായിരുന്ന വിങ് കമാൻഡർ സ്യാലിന് അപകടം സംഭവിച്ച നിമിഷം വിമാനത്തിൽ നിന്ന് ഇജക്റ്റ് ചെയ്ത് രക്ഷപ്പെടാൻ കഴിഞ്ഞില്ല. "നെഗറ്റീവ് ജി-ടേൺ" പോലുള്ള അഭ്യാസങ്ങൾക്കിടെ പൈലറ്റുമാർക്ക് ദിശാബോധം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ പാട്ടിയാൽകധ് സ്വദേശിയാണ് വിങ് കമാൻഡർ നമാൻഷ് സ്യാൽ. സുലൂർ ഐഎഎഫ് സ്റ്റേഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. റിട്ടയേർഡ് വിങ് കമാൻഡറായ ഭാര്യയും ഏഴ് വയസ്സുള്ള മകളും മാതാപിതാക്കളും അദ്ദേഹത്തിന് ഉണ്ട്. മകൻ്റെ പ്രകടനം യൂട്യൂബിൽ കാണാനായി തിരയുന്നതിനിടെയാണ് പിതാവ് ജഗന്നാഥ് സ്യാലിന് അപകടവിവരം ലഭിച്ചത്.
അതേസമയം, ദുബായ് വ്യോമയാന അതോറിറ്റിയുമായി സഹകരിച്ച് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്ത ശേഷം, അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേന കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്. എഞ്ചിൻ തകരാറോ നിർണായക സമയത്തെ നിയന്ത്രണ സംവിധാനത്തിലെ പാളിച്ചകളോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനങ്ങൾ.
ധീരനായ പൈലറ്റിന്റെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, ദുരന്തത്തിൽ രാജ്യം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) അനുശോചനം രേഖപ്പെടുത്തി.
