ചാറ്റ് ജി.പി.ടി ഡോക്ടര്‍ക്ക് പകരമാകില്ല..! ചാറ്റ് ജി.പി.ടിയോട് ചോദിച്ച് ഡയറ്റ് ചെയ്ത അറുപതുകാരന് കിട്ടിയത് എട്ടിന്റെ പണി; ചാറ്റ് ബോട്ട് നിര്‍ദേശിച്ച ഡയറ്റ് പാലിച്ചയാള്‍ മാനസിക വിഭ്രാന്തികളോടെ ആശുപത്രിയില്‍; രോഗനിര്‍ണയത്തിലോ ചികിത്സയിലോ ചാറ്റ് ജി.പി.ടി ഉപയോഗിക്കാനാകില്ലെന്ന് വിദഗ്ധര്‍

ചാറ്റ് ജി.പി.ടി ഡോക്ടര്‍ക്ക് പകരമാകില്ല..!

Update: 2025-08-09 06:35 GMT

ന്യൂയോര്‍ക്ക്: ചാറ്റ് ജി.പി.ടി വന്നതോടെ തൊട്ടതിനും പിടിച്ചതിനും എല്ലാം അതിന്റെ സഹായം തേടാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ പണി കിട്ടുമെന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് പലരും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. ചാറ്റ് ജി.പി.ടിയോട് ഭക്ഷണത്തില്‍ നിന്ന് സോഡിയം ക്ലോറൈഡ് എങ്ങനെ നീക്കം ചെയ്യാമെന്ന് ചോദിച്ച ഒരു 60 കാരന്‍ ഒടുവില്‍ ആശുപത്രിയിലാണ് എത്തിയത്. മനുഷ്യര്‍ നിര്‍മ്മിതബുദ്ധിയുമായി കൂടുതല്‍ ഇടപഴകുമ്പോള്‍ അത് എങ്ങനെ അപകടകരമാകുമെന്നും ചിലപ്പോള്‍ മാരകമാകുമെന്നും ഈ സംഭവം വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിര്‍മ്മിത ബുദ്ധി പര്യാപ്തമല്ല എന്ന കാര്യം നേരത്തേ തന്നെ വ്യക്തമായിരുന്നതാണ്. ഈ സംഭവത്തോടെ ശാരീരികമായ പ്രശ്നങ്ങള്‍ നേരിടാനും എ.ഐ സംവിധാനത്തിന് കഴിയില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. രോഗലക്ഷണങ്ങളും ആരോഗ്യപരമായ കാര്യങ്ങള്‍ക്കും ഉത്തരം തേടി ഗൂഗിളിനെ സമീപിക്കരുതെന്ന് വിദഗ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങളില്‍ ഒരു ആരോഗ്യ വിദഗ്ധനെ നേരിട്ടു കണ്ട് തന്നെ പരിശോധന നടത്തണമെന്നുമാണ് അവര്‍ പറയുന്നത്.

അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ജേണല്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ കേസ് റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ചാറ്റ്‌ബോട്ടിനോട് ആരോഗ്യ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കണം. ബ്രോമിസം ബാധിച്ച ഒരാള്‍ ചാറ്റ് ജി.പി.ടിയോട് താന്‍ ഏത് ഭക്ഷണക്രമം സ്വീകരിക്കണം എന്ന് ചോദിച്ചിരുന്നു. 1990 കളുടെ തുടക്കത്തില്‍ ബ്രോമിസം അഥവാ ബ്രോമൈഡ് വിഷബാധ വ്യാപകമായിരുന്നു. ഉറക്കമില്ലായ്മ, ഹിസ്റ്റീരിയ, ഉത്കണ്ഠ എന്നിവ ചികിത്സിക്കുന്നതിനായി വില്‍ക്കുന്ന പല മരുന്നുകളിലും ബ്രോമൈഡ് ലവണങ്ങള്‍ കണ്ടെത്തിയിരുന്നു. അമിതമായി ബ്രോമൈഡ് കഴിക്കുന്നത് ന്യൂറോസൈക്യാട്രിക്, ഡെര്‍മറ്റോളജിക്ക് കാരണമാകും.

എന്നാല്‍ ചാറ്റ് ജി.പി.ടി നിര്‍ദ്ദേശിച്ച ഭക്ഷണക്രമം സ്വീകരിച്ച വ്യക്തി തുടര്‍ന്ന് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാട്ടുകയായിരുന്നു. ദാഹിക്കുന്നു എന്ന് പറഞ്ഞ രോഗിക്ക് വെള്ളം കണ്ടപ്പോള്‍ ഭയപ്പെടാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇയാള്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണത്തില്‍ സാധാരണ ഉപ്പിന് പകരം താന്‍ സോഡിയം ബ്രോമൈഡാണ് ഉപയോഗിച്ചിരുന്നതെന്നാണ്. ചാറ്റ് ജി.പി.ടിയാണ് ഈ ഭക്ഷണരീതി ഇയാള്‍ക്ക് ഉപദേശിച്ചത്.

സോഡിയം ബ്രോമൈഡ് പല വസ്തുക്കളും വൃത്തിയാക്കാനായിട്ടാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ സേവനങ്ങള്‍ ഏതെങ്കിലും ആരോഗ്യസ്ഥിതിയുടെ രോഗനിര്‍ണയത്തിലോ ചികിത്സയിലോ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് നേരത്തേ തന്നെ ചാറ്റ് ജി.പി.ടി അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്.

Tags:    

Similar News