ചൈനയുടെ ചങ്കിടിപ്പേറ്റാന്‍ ചവറ റെഡി; കെ.എം.എം.എല്ലിലെ മണല്‍ തരികളില്‍ ഉറങ്ങുന്നത് ശതകോടികളുടെ വിദേശനാണ്യം; ഡ്രാഗണ്‍ രാജ്യത്തിന്റെ കുത്തക തകര്‍ക്കാന്‍ 'മോണോസൈറ്റ്' വരുന്നു; കൊല്ലത്തെ നിലവറകളില്‍ വിരിയുന്നത് ഇന്ത്യയുടെ സെമികണ്ടക്ടര്‍ സ്വപ്നങ്ങള്‍

Update: 2026-02-03 03:33 GMT

തിരുവനന്തപുരം: ചൈനയുടെ ആഗോള കുത്തക തകര്‍ക്കാന്‍ കരുത്തുള്ള അപൂര്‍വ ധാതുക്കളുടെ വന്‍ശേഖരം പ്രയോജനപ്പെടുത്താന്‍ ചവറ ഒരുങ്ങുന്നു. ആധുനിക സാങ്കേതികവിദ്യയുടെയും പ്രതിരോധ മേഖലയുടെയും നട്ടെല്ലായ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗത്ത് ചൈന പുലര്‍ത്തുന്ന മേധാവിത്വത്തിന് വെല്ലുവിളിയാകാന്‍ ചവറ കെ.എം.എം.എല്ലിലെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന കരിമണല്‍ നിക്ഷേപത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ വേര്‍തിരിച്ചെടുത്ത ശേഷം അവശേഷിക്കുന്ന ഒന്നേകാല്‍ ലക്ഷം ടണ്‍ മണലില്‍ 25 ശതമാനത്തോളം മോണോസൈറ്റ് അടങ്ങിയിട്ടുണ്ട്. ഈ അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും സംസ്‌കരണത്തിനും അനുമതി ലഭിക്കുന്നതോടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിക്കും.

സെമികണ്ടക്ടര്‍ ചിപ്പുകള്‍, ഹരിത ഊര്‍ജ ഉപകരണങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ തോറിയം, ലന്താനം തുടങ്ങിയ മൂലകങ്ങളുടെ കലവറയാണിത്. നിലവില്‍ ഈ വിപണിയില്‍ ഭൂരിഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. 1980 മുതല്‍ കെ.എം.എം.എല്ലില്‍ ശേഖരിക്കപ്പെട്ട ഈ 'മോണോസൈറ്റ് ടെയ്‌ലിങ്സ്' ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം. പ്രതിരോധ മേഖലയ്ക്കും ബഹിരാകാശ ഗവേഷണങ്ങള്‍ക്കും ആവശ്യമായ ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഇവിടെ സുലഭമാണ്.

കേന്ദ്ര ബജറ്റിലെ 'അപൂര്‍വ ധാതു ഇടനാഴി' പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനം വിഭാവനം ചെയ്യുന്ന 'റെയര്‍ എര്‍ത്ത് കോറിഡോറും' യാഥാര്‍ഥ്യമാകുന്നതോടെ ചവറയുടെ വിധി മാറും. പദ്ധതിക്കായി സംസ്ഥാനം 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരങ്ങളില്‍ മൂന്നേകാല്‍ കോടി ടണ്‍ കരിമണല്‍ നിക്ഷേപമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ പിന്തുണയോടെ ചവറയില്‍ പ്രത്യേക സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചാല്‍, സാങ്കേതിക ലോകത്ത് ചൈനയോട് നേരിട്ട് പൊരുതാനുള്ള ഇന്ത്യയുടെ പ്രധാന ആയുധമായി ഈ തീരമണല്‍ മാറും.

കൊല്ലം: ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെ.എം.എം.എല്‍.) ഉപയോഗശേഷം കെട്ടിക്കിടക്കുന്നത് ശതകോടികള്‍ വിലമതിക്കുന്ന അപൂര്‍വ ധാതുക്കളുടെ വന്‍ശേഖരമാണ്. ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍ എന്നിവ വേര്‍തിരിച്ചെടുത്ത ശേഷം അവശേഷിച്ച ഒന്നേകാല്‍ ലക്ഷം ടണ്‍ കരിമണലാണ് സംസ്‌കരിക്കാനാകാതെ നിലവറകളില്‍ ഉറങ്ങുന്നത്. 25 ശതമാനത്തോളം മോണോസൈറ്റ് അടങ്ങിയ ഈ മണല്‍ശേഖരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോണ്‍ക്രീറ്റ് നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. റേഡിയോ ആക്ടീവ് മൂലകങ്ങളായ തോറിയം, ലന്താനം തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാല്‍ ഇവ ഖനനം ചെയ്യാനോ സംസ്‌കരിക്കാനോ കെ.എം.എം.എല്ലിന് നിലവില്‍ അനുമതിയില്ല. 1980 മുതല്‍ ശേഖരിച്ചുവരുന്ന ഈ ധാതുസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന് അത് വലിയ സാമ്പത്തിക നേട്ടമാകും.

ഒരു വര്‍ഷം ശരാശരി 60,000 ടണ്‍ ഇല്‍മനൈറ്റാണ് കെ.എം.എം.എല്ലില്‍ വേര്‍തിരിച്ചെടുക്കുന്നത്. ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് നിര്‍മാണത്തിനും ബഹിരാകാശ-പ്രതിരോധ മേഖലകളില്‍ അത്യന്താപേക്ഷിതമായ ടൈറ്റാനിയം സ്പോഞ്ച് ഉത്പാദനത്തിനും പ്രധാന അസംസ്‌കൃത വസ്തുക്കളായ ഇല്‍മനൈറ്റും റൂട്ടൈലും മാറ്റിയ ശേഷം ബാക്കി വരുന്ന മണലിലാണ് മൂല്യമേറിയ മോണോസൈറ്റുള്ളത്. ഇതിനു പുറമെ സിലിമനൈറ്റ്, സിര്‍ക്കോണ്‍ എന്നിവയും കമ്പനി വേര്‍തിരിക്കുന്നുണ്ട്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 'അപൂര്‍വ ധാതു ഇടനാഴി' യാഥാര്‍ഥ്യമായാല്‍ വര്‍ഷങ്ങളായി തുടരുന്ന ഈ കാത്തിരിപ്പിന് അറുതിയാകുമെന്നാണ് പ്രതീക്ഷ. നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്ത് മൂന്നേകാല്‍ കോടി ടണ്ണോളം കരിമണല്‍ നിക്ഷേപമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അപൂര്‍വ ധാതുക്കളുടെ സംസ്‌കരണത്തിനായി വിഴിഞ്ഞം തുറമുഖത്തെ ചവറയുമായും കൊച്ചിയുമായും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. പദ്ധതിക്കായി 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയും ആണവോര്‍ജ വകുപ്പിന്റെയും കൃത്യമായ ഇടപെടലുകളും അനുമതിയും ഉണ്ടായെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ണരൂപത്തിലാകൂ.

ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, ഹരിത ഊര്‍ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ചൈന പുലര്‍ത്തുന്ന ആധിപത്യം തകര്‍ക്കാന്‍ ചവറയിലെ ഈ മണല്‍ നിക്ഷേപം ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News