പാലക്കാട് ജലചൂഷണത്തിന് പിന്നില്‍ വന്‍ അഴിമതി; ഒയാസിസ് കമ്പിനിയുമായി ചര്‍ച്ച നടത്തിയോയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല; ബ്രൂവറിയില്‍ ആഞ്ഞടിക്കാന്‍ ഉറച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ്; 'റാഡിക്കോ എന്‍.വി. ഡിസ്റ്റലറീസ്' പുകമറയില്‍ നില്‍ക്കാന്‍ സര്‍ക്കാരും; എലപ്പുള്ളിയില്‍ മുമ്പോട്ട് പോകാന്‍ സിപിഎം; സിപിഐ നിലപാട് നിര്‍ണ്ണായകമാകും
കണ്ണൂര്‍ : ബ്രൂവറിയില്‍ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഒയാസിസ് കമ്പനിയുമായി മന്ത്രി എം.ബി രാജേഷ് ഡിസ്റ്റ്‌ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറോളം കമ്പിനികള്‍ക്ക് ആരുമറിയാതെ ഡിസ്റ്റലറി തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല പറയുന്നു. വിഎസ് അച്യുതാനന്ദന്‍ വികാരവും ചെന്നിത്തല വിഷയത്തില്‍ ചര്‍ച്ചയാക്കുന്നുണ്ട്. എലപ്പുള്ളിയില്‍ പഞ്ചായത്ത് അധികൃതര്‍ ഈ കാര്യം അറിഞ്ഞിട്ടില്ല. അവിടുത്തെ എം.പി യും എം.എല്‍.എ യും അറിഞ്ഞിട്ടില്ല. ഭൂമി വിണ്ടുകീറി കുടിവെള്ളം കിട്ടാത്ത പ്രദേശത്താണ് ബ്രുവറി തുടങ്ങുന്നത്. മദ്യമോ വേണ്ടത് കുടിവെള്ളമാണോ വേണ്ടതെന്ന ചോദ്യമാണ് ഇവിടെ നിന്നുംഉയരുന്നത്. ഈ പദ്ധതികള്‍ ജനങ്ങളുടെ താല്‍പര്യത്തിനെതിരാണ്. ഇതിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിട്ടുണ്ട് പ്‌ളാച്ചിമടയില്‍ കോളയ്‌ക്കെതിരെ സമരം നടത്തിയത് സി.പി.ഐയാണ് അവര്‍ കുടിവെള്ള ചുഷണത്തിനെതിരെ രംഗത്തു വരുമെന്നാണ് കരുതുന്നത്.
ബ്രൂവറി ഇടപാടില്‍ അഴിമതിയുണ്ട്. മുന്‍ഡി. വൈ. എഫ്. ഐ നേതാവായ മന്ത്രി എം.ബി രാജേഷ് ഇതിനൊക്കെ കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു.മന്ത്രിക്ക് എന്തോ പ്രത്യേക താല്‍പര്യം ഇതിലുണ്ട്. 2018ല്‍ ഒഴിവാക്കിയ ഒയാസിസ് കമ്പിനിയെ വീണ്ടും ക്ഷണിച്ചു വരുത്തിയത് ടെന്‍ഡര്‍ വിളിക്കാതെയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റലറസിന് ഒരു ലക്ഷം ലിറ്റര്‍ വെള്ളം അനുവദിക്കാത്തവരാണ് അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ സ്വകാര്യ ഡിസ്റ്റലറിക്ക് അനുമതി നല്‍കിയത്. മഴനിഴല്‍ പ്രദേശമായ ഇവിടെ ജനങ്ങള്‍ക്ക് കുടിക്കാന്‍ പോലും വെള്ളം കിട്ടുന്നില്ല. മലമ്പുഴ ഡാമില്‍ നിന്നും ഡിസ്റ്റലറിക്ക് ആവശ്യമായ വെള്ളമെടുക്കുമെന്നാണ് പറയുന്നത്. ഇതു നടക്കാന്‍ പോകുന്നില്ല. കാര്‍ഷിക ഇതര ആവശ്യങ്ങള്‍ക്കായി ഡാമില്‍ നിന്നും വെള്ളമെടുക്കരുതെന്ന് കോടതി വിധിയുണ്ടന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്യുണിസ്റ്റ് വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. പ്‌ളാച്ചിമടയില്‍ ജലചൂഷണത്തിനെതിരെ സമരം നടത്തിയ വി..എസ് അച്ചുതാനന്ദനെ ഈ സമയം ഓര്‍ത്തു പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി ഇത്തരം കമ്പിനികളുടെ കൂടെയായിരുന്നു. അദ്ദേഹം സമരങ്ങളിലുണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ആലപ്പുഴയില്‍ ചേരുന്നുണ്ട്. മദ്യ കമ്പനിക്കു അനുമതി നല്‍കിയ വിഷയം ചര്‍ച്ചയായിരിക്കെയാണ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി ചേരുന്നത്. ജലദൗര്‍ലഭ്യമുള്ള പാലക്കാട് മദ്യ കമ്പനി വരുന്നതില്‍ സിപിഐ പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിര്‍പ്പ് ഉണ്ട്. ഇക്കാര്യം അവര്‍ സിപിഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മദ്യ കമ്പനിക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെടുമോ എന്ന് ഇന്ന് അറിയാനാകും.ആലപ്പുഴയില്‍ നിശ്ചയിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കമാണ് സംസ്ഥാന നിര്‍വാഹക സമിതിയുടെ പ്രധാന അജണ്ഡ. ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സ്വകാര്യ മദ്യ നിര്‍മാണ കമ്പനിക്കു അനുമതി നല്‍കിയത് ചര്‍ച്ചക്ക് വരിക. സിപിഎം പ്ലാന്റിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ സിപിഐ നിലപാട് നിര്‍ണ്ണായകമാണ്. വിഷയത്തില്‍ സിപിഐ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു.
എലപ്പുള്ളിയില്‍ പ്രാരംഭാനുമതി നല്‍കിയ ബ്രൂവറിക്കെതിരേ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ഹാലിളകുന്നതിനുപിന്നില്‍ വിവിധ താത്പര്യങ്ങളുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു. കേരളത്തില്‍ സ്പിരിറ്റ് നിര്‍മാണ പ്ലാന്റ് വന്നാല്‍ അവരുടെ മറ്റു സംസ്ഥാനങ്ങളിലുള്ള നേതാക്കളുടെ കന്പനികളെ ആശ്രയിക്കാത്ത സ്ഥിതിവരുമോയെന്ന ഭയമുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലടക്കമുള്ള 43 കമ്പനികളാണ് കേരളത്തിലേക്ക് പ്രധാനമായും സ്പിരിറ്റെത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം 9.26 കോടി ലിറ്റര്‍ സ്പിരിറ്റാണ് കേരളത്തിലേക്കെത്തിയത്. ദശലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റെത്തിക്കുന്ന കര്‍ണാടകത്തിലുള്ള 'ഹര്‍ഷ ഷുഗേഴ്‌സ്' എന്ന കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസിന്റെ അവിടത്തെ വനിതാ-ശിശുക്ഷേമ വകുപ്പിന്റെ മന്ത്രിയാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഡയറക്ടര്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും എം.ഡി. കര്‍ണാടകയിലെ കോണ്‍ഗ്രസിലെ എം.എല്‍.സി.യുമാണെന്നും കമ്പനിയുടെ വെബ് സൈറ്റിലുണ്ട്. ഒരുകോടിലിറ്റര്‍ സ്പിരിറ്റെത്തിക്കുന്ന 'റാഡിക്കോ എന്‍.വി. ഡിസ്റ്റലറീസ്' എന്ന മഹാരാഷ്ട്ര കമ്പനിയുടെ ഉടമ അവിടത്തെ ബി.ജെ.പി. മന്ത്രിയുടെ ഭര്‍ത്താവാണ്. കേരളത്തില്‍ സ്പിരിറ്റ് നിര്‍മാണ പ്ലാന്റ് വരുമ്പോള്‍, കോണ്‍ഗ്രസ്-ബി.ജെ.പി. നേതാക്കള്‍ക്ക് വിഷമം വരുന്നതും ഹാലിളകുന്നതും ഇതുകൊണ്ടൊക്കെയാണ്. ഇവിടെ സ്പിരിറ്റ് ഉത്പാദിപ്പിച്ചാല്‍ അവരുടെ ബന്ധങ്ങളിലുള്ള കന്പനികള്‍ക്ക് നഷ്ടമുണ്ടാവുമെന്ന് അറിയാമെന്നും എം.ബി. രാജേഷ് പറഞ്ഞു.
സ്പിരിറ്റ്, എഥനോള്‍ എന്നീ വ്യാവസായിക ഉത്പന്നങ്ങള്‍ നിര്‍മിക്കല്‍ ലക്ഷ്യമിട്ടാണ് എലപ്പുള്ളിയില്‍ കമ്പനി തുടങ്ങുന്നത്. മദ്യവും ബ്രൂവറിയും പിന്നീടുള്ള ഘട്ടങ്ങളിലേ വരുന്നുള്ളൂ. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നയത്തിലുള്ളതിനാല്‍ വരുംവര്‍ഷങ്ങളില്‍ ആവശ്യക്കാരേറും. എലപ്പുള്ളിയില്‍ ബ്രൂവറികമ്പനി വന്നാല്‍ ഭൂഗര്‍ഭജലചൂഷണമുണ്ടാകുമെന്ന പ്രതിപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും പ്രചാരണം പച്ചക്കള്ളമാണെന്നും മന്ത്രി പറഞ്ഞു. മഴവെള്ള സംഭരണിയില്‍നിന്നും മലമ്പുഴയില്‍നിന്നും മാത്രമേ വെള്ളമെടുക്കൂ എന്നത് ഉറപ്പാക്കിയാണ് പ്രാരംഭാനുമതി നല്‍കിയത്. എലപ്പുള്ളി പഞ്ചായത്തിനെ ഒരുവര്‍ഷംമുമ്പ് കെ.എസ്.ഐ.ഡി.സി. മുഖേന വിഷയം അറിയിക്കയും അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.