120 ഏക്കറിലെ പാറമടയില്‍ വീണത് കൂറ്റന്‍ പാറകള്‍; ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍വെല്ലുവിളി; നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും

ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

Update: 2025-07-07 14:10 GMT

കോന്നി: താഴം വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കുളം ക്വാറിയില്‍ പാറ ഇടിഞ്ഞ് വീണ് അപകടത്തില്‍ പെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം കിട്ടി. ഫയര്‍ഫോഴ്സ് സംഘം വലിയ പാറക്കഷ്ണങ്ങള്‍ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. രണ്ടുപേരില്‍ ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായതോടെ ഇന്നത്തേക്ക് നിര്‍ത്തി വച്ചു. നാളെ രാവിലെ ഏഴുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കും.

വീണ്ടും പാറയിടിയുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ഒഡീഷ, ബിഹാര്‍ സ്വദേശികളാണ് കുടുങ്ങിയത്. കല്ലിടിഞ്ഞ് മണ്ണുമാന്തിയന്ത്രത്തിന് മുകളില്‍ വീഴുകയായിരുന്നു. ചെങ്കുത്തായ പാറയുടെ മുകള്‍ഭാഗത്താണ് അപകടം. ഇളകിയ പാറകള്‍ മാറ്റിയാല്‍ വീണ്ടും ഇടിയാന്‍ സാധ്യതയുണ്ട്.

പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്കാണ് കൂറ്റന്‍ പാറ ഇടിഞ്ഞു വീണത്. വഴിയുടെ പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് കുടുങ്ങിയത് എന്നാണ് വിവരം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറിയവരാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു.

അതുപോലെ പാറമടക്കെതിരെ മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പാറമടയിലെ ക്രഷറിന്റെ ലൈസന്‍സ് ജൂണ്‍ 30ന് അവസാനിച്ചതാണെന്നും ഇതിനെതിരെ മുന്‍പഞ്ചായത്ത് അംഗം ബിജി കെ വര്‍ഗീസ് കോന്നി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 120 ഏക്കര്‍ ഭൂമിയിലാണ് പാറമട സ്ഥിതി ചെയ്യുന്നത്.

അതേസമയം, പാറമടയ്ക്കുള്ളില്‍ നടന്ന അപകടമായതിനാല്‍ വിവരം പുറത്തറിയാന്‍ വൈകി. വീണത് വലിയ പാറക്കെട്ടുകളായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കുറേ കാലമായി ഖനനം നടക്കുന്ന പാറമടയാണ് ഇത്. പൊലീസും പാറമടയുടെ മധ്യഭാഗത്തായിട്ടാണ് ഹിറ്റാച്ചി കുടുങ്ങിക്കിടക്കുന്നത്. അതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് മാത്രമേ ഇറങ്ങാന്‍ സാധിക്കുകയെന്നതാണ് പ്രതിസന്ധി.

Tags:    

Similar News