കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്; അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് നായന്‍മാര്‍ക്ക് നേട്ടം ഉണ്ടാക്കാനല്ല; കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ് ചെന്നിത്തല; എന്‍എസ്എസ് ആസ്ഥാനത്ത് ചെന്നിത്തലക്ക് സ്വാഗതമോതി സുകുമാരന്‍ നായര്‍

കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്

Update: 2025-01-02 06:53 GMT

കോട്ടയം: വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ക്ഷണിക്കുകയാണ് ചെയ്തത്. ഉജ്ജ്വല സ്വീകരണമാണ് ചെന്നിത്തലക്ക് ലഭിച്ചത്.

മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും രംഗത്തെത്തി. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

പരിപാടിക്കായി രമേശിനെ വിളിച്ചപ്പോള്‍ കൃതജ്ഞത പറയാനായാലും താന്‍ എത്തുമെന്നാണ് രമേശ് പറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശിന്റെ വരവിനെ വിവാദമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരുനായര്‍ വന്നാലേ അവര്‍ക്ക് കുഴപ്പമുള്ളു. മറ്റ് ആരു വന്നാലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാറില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് നായന്‍മാര്‍ക്ക് നേട്ടം ഉണ്ടാക്കാനല്ല. കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ് രമേശ് ചെന്നിത്തല. എന്‍എസ്എസിന്റെ സന്തതിയാണ് രമേശ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസില്‍ വിവിധ രാഷ്ട്രീയക്കാരുണ്ട്. ഇടതുപക്ഷത്ത് നില്‍ക്കുന്നവനാണ് ഗണേഷ് കുമാര്‍.

ഗണേഷിന്റെ രാഷ്ട്രീയത്തില്‍ ജാതിയുടെ പേര് പറഞ്ഞ് എന്‍എസ്എസ് ഇടപെടുന്നില്ല. അവര്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. അവര്‍ക്ക് അത് ഉപയോഗിക്കാം. അവരുടെ കുടുംബം മറക്കരുത് എന്നുമാത്രമാണ് പറയാനുള്ളത്. അവര്‍ കുടുംബം മറക്കാത്തതുകൊണ്ടാണ് അവരെ ഉള്‍ക്കൊള്ളുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

നേരത്തെ സുകുമാരന്‍ നായരുടെ താക്കോല്‍സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടര്‍ന്നായിരുന്നു ചെന്നിത്തലയും സുകുമാരന്‍ നായരും തമ്മില്‍ അകന്നത്. ചെന്നിത്തല പെരുന്നയില്‍ എത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്‍മാര്‍ക്ക് ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറല്‍ വെങ്കിട്ടരമണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ചെന്നിത്തലയെ എന്‍.എസ്.എസ്. ക്ഷണിച്ചത്.

നേരത്തെ വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയെ പിന്തുണച്ച് എത്തിയിരുന്നു. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ സമസ്തയുടെ പരിപാടിയിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

Tags:    

Similar News