കരമടയ്ക്കാന്‍ വയ്യ, പോക്കുവരവ് ചെയ്യാന്‍ പറ്റുന്നില്ല, വായ്പ എടുക്കാന്‍ സാധിക്കുന്നില്ല; ചെറായി, മുനമ്പം തീരദേശമേഖലയിലെ 610 കുടുംബങ്ങളെ തീ തീറ്റിച്ച് വഖഫ് ബോര്‍ഡിന്റെ അവകാശവാദം; നാലുമാസത്തിനകം പരിഹാരമെന്ന അപരാജിത സാരംഗി എംപിയുടെ ഉറപ്പില്‍ പ്രതീക്ഷ

ചെറായി മുനമ്പം തീരദേശമേഖലയിലെ 610 കുടുംബങ്ങളെ തീ തീറ്റിച്ച് വഖഫ് ബോര്‍ഡിന്റെ അവകാശവാദം

Update: 2024-10-03 10:40 GMT

കൊച്ചി: മൂന്നുതലമുറകളായി ഇവിടെ ജീവിച്ച കുടുംബങ്ങളുടെ ജീവിതം പൊടുന്നനെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് കരം അടയ്ക്കാന്‍ കഴിയുന്നില്ല, പോക്കുവരവ് ചെയ്യാന്‍ പറ്റുന്നില്ല, മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വായ്പയെടുക്കാന്‍ സാധിക്കുന്നില്ല.

നിയമപ്രകാരം വിലകൊടുത്ത് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍. ചെറായി, മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണ് വിഷയമായത്. വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി. പള്ളിപ്പുറം പഞ്ചായത്ത് മേഖലയില്‍ നടത്തിവന്നിരുന്ന സമരം ഇപ്പോള്‍ കൊച്ചി നഗരത്തിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ സഭകളെ കൂടാതെ. എസ്.എന്‍.ഡി.പി യോഗം ശാഖയും ധീവരസഭയും സമരത്തില്‍ സജീവമാണ്.

എന്താണ് പ്രശ്‌നം?

ചെറായി, പള്ളിപ്പുറം, മുനമ്പം മേഖലയിലെ 114 ഏക്കര്‍ ഭൂമി 610 ഉടമകളുടെ കൈവശമാണ്. ഈ വസ്തു വകകളിലാണ് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. 74 വര്‍ഷം മുന്‍പ് സിദ്ദിഖ് സേഠ് എന്നയാള്‍ കോഴിക്കോട് ഫറൂഖ് കോളേജിന് ദാനമായി നല്കിയതാണ് ഭൂമി. എന്നാല്‍ കോളേജ് അധികൃതര്‍ ഈ ഭൂമി ഒന്നിനുവേണ്ടിയും ഉപയോഗിച്ചില്ല. തുടര്‍ന്ന് 1989 മുതല്‍ പലപ്പോഴായി ഭൂമി പലര്‍ക്കായി കോളേജ് അധികൃതര്‍ വില്പന നടത്തി. ഭൂമി വാങ്ങിയവരില്‍ കുടികിടപ്പുകാരുമുണ്ട്. വിഷയം കോടതിയില്‍ എത്തിയതോടെ 2022 വരെ കരമടച്ചിരുന്ന ഉടമകള്‍ക്ക് കരമടയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു,

അതേസമയം, സിദ്ദിഖ് സേഠ് ഭൂമി കോളേജിന് വസ്തു സൗജന്യമായി നല്കിയപ്പോള്‍ ആധാരത്തില്‍ വഖാഫായി നല്കുന്നു എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഈ വസ്തുവകകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്.



ക്രൈസ്തവസഭകളുടെ ആശങ്കയില്‍ കേന്ദ്ര ഇടപെടല്‍

വഖഫ് ഭൂമി അവകാശവാദത്തിന്റെ പേരിലുള്ള തര്‍ക്കം ഗൗരവമുള്ളതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. കേരളത്തിലെ ക്രൈസ്തവസഭാ നേതാക്കള്‍ മുനമ്പത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയത്തെക്കുറിച്ചു കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ സമൂഹങ്ങളിലുള്‍പ്പെട്ട ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ ആകുലതകളും ആവശ്യങ്ങളും മനസിലാക്കി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദേഹം എക്സില്‍ കുറിച്ചു.

സിബിസിഐയും കെസിബിസിയും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്കും മുമ്പില്‍ വഖഫ് അവകാശവാദം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ നല്‍കിയിരുന്നുവെന്നും അദേഹം വ്യക്തമാക്കി. വഖഫ് ദേദഗതി ബില്‍ പരിശോധിക്കുന്ന ജെപിസിക്കു മുന്നില്‍ ഹാജരായി അഭിപ്രായം പറയാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക സമയം അനുവദിക്കുമെന്ന് കിരണ്‍ റിജിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അന്യായമായി ആരെയും ഒഴിപ്പിക്കില്ലൈന്ന് അപരാജിതാ സാരംഗി

മുനമ്പം മേഖലയിലെ വഖഫ് ഭൂമി പ്രശ്നം പഠിക്കാന്‍ വഖഫ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി.) അംഗം അപരാജിതാ സാരംഗി എം.പി. കഴിഞ്ഞ ദിവസം മുനമ്പം സന്ദര്‍ശിച്ചിരുന്നു. എറണാകുളത്ത് എത്തിയ എം.പി.യെ കണ്ട് ന്യൂനപക്ഷമോര്‍ച്ച നേതാക്കള്‍ ഈ പ്രശ്നം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച എം.പി. സ്ഥലം സന്ദര്‍ശിച്ചത്. മുനമ്പം മേഖലയില്‍ വഖഫ് ബോര്‍ഡിന്റെ മറവില്‍ അന്യായമായി ആരേയും ഒഴിപ്പിക്കില്ലെന്ന് എം.പി. പറഞ്ഞു.

നാലു തലമുറകള്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളും സമ്പാദ്യവും സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടിയും സ്വീകരിക്കും. ജെ.പി.സി. ചെയര്‍മാന്റെ അനുമതിയോടെയാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. വഖഫ് ഭേദഗതി ബില്‍ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയംഗം എന്ന നിലയില്‍ മുനമ്പം മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കമ്മിറ്റി മുന്‍പാകെ അവതരിപ്പിക്കുമെന്നും എം.പി. പറഞ്ഞു. പ്രശ്‌നത്തിന് നാലുമാസത്തിനകം പരിഹാരം കാണുമെന്ന എംപിയുടെ ഉറപ്പാണ് തീരദേശമേഖലയിലെ ജനങ്ങളുടെ ആശ്വാസം.




മുനമ്പം വേളാങ്കണ്ണി മാതാ പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഫാ. ആന്റണി സേവ്യറും നാട്ടുകാരും നല്‍കിയ നിവേദനങ്ങള്‍ എം.പി. സ്വീകരിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, മൈനോറിറ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി. നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും അപരാജിതാ സാരംഗിക്കൊപ്പം ഉണ്ടായിരുന്നു.

ഇടപെട്ട് രാജീവ് ചന്ദ്രശേഖര്‍

രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ വഖഫ് ബോര്‍ഡ് ബില്ലിന്മേല്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ച നിവേദനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ നിയമപരമായി വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേല്‍ വഖഫ് ബോര്‍ഡുകള്‍ അന്യായമായി അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.




ഈ അവകാശവാദങ്ങള്‍ അന്യായവും ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ്, സീറോ മലബാര്‍ ചര്‍ച്ച് പബ്ലിക് അഫയേഴ്‌സ് ഫോറം ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴേത്ത് എന്നിവരുടെ നിവേദനങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. 600 ലധികം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയില്‍ ഈ വിഷയം പരിഹരിക്കാനുള്ള നിര്‍ദ്ദേശമുണ്ടാകണമെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റിന് നല്‍കിയ പരാതിയില്‍ സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News