അമ്മ മരിച്ച് ഏഴാം ദിവസം മുതല്‍ നോക്കിയ അമ്മൂമ്മയോട് സ്‌നേഹക്കൂടുതല്‍; ഇത് ഇഷ്ടമാകാത്ത അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കുന്നു; പോലീസ് അറിഞ്ഞതോടെ ഒളവില്‍ പോയ അന്‍സാറും രണ്ടാം ഭാര്യയും പിടിയില്‍; അമ്മൂമ്മയ്ക്ക് ഒപ്പം പോയാ മതിയെന്ന് വാശിപിടിച്ച് കുട്ടിയും; സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്ക് നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
ചാരുംമൂട്: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മര്‍ദനമേറ്റ് ഗുരുതരമായ മാനസിക-ശാരീരിക പീഡനം അനുഭവിച്ച നാലാംക്ലാസ് വിദ്യാര്‍ഥിനിയുടെ സംരക്ഷണം അമ്മൂമ്മയ്ക്ക് (പിതൃമാതാവ്) നല്‍കി. ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. 'വാപ്പിക്ക് വലിയ ശിക്ഷ കൊടുക്കരുത്, എനിക്ക് അമ്മൂമ്മയുടെ കൂടെ പോയാല്‍ മതി. അമ്മൂമ്മയാണ് എന്നെ നോക്കിയത്' എന്ന കുട്ടിയുടെ നിലപാടാണ് തീരുമാനത്തിന് പിന്നില്‍. കുട്ടിയെ ചേര്‍ത്തല മായിത്തറ സര്‍ക്കാര്‍ ഹോമിലേക്ക് മാറ്റാന്‍ പ്രാഥമിക തീരുമാനം ഉണ്ടായിരുന്നെങ്കിലും, കുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം അമ്മൂമ്മയ്‌ക്കൊപ്പമാണ് തുടരാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ കുട്ടി ശൂരനാട്ടെ ബന്ധുവീട്ടിലാണ്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്ന് കുട്ടിയെ സന്ദര്‍ശിക്കും.
അതേസമയം, കുട്ടിയെ ഉപ്രദവിച്ച അച്ഛനും രണ്ടാനമ്മയും പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ പിതാവ് അന്‍സാറിനെയും രണ്ടാനമ്മ ഷെഫിനയെയും പിടികൂടിയത്. അന്‍സാറിനെ പത്തനംതിട്ടയിലെ കടമാന്‍കുളം പ്രദേശത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്‍സാറിനെയും ഭാര്യയെയും കണ്ടെത്താന്‍ രണ്ടുദിവസമായി അഞ്ച് പ്രത്യേക സംഘങ്ങളായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
സംഭവം പുറത്ത് അറിഞ്ഞ ദിവസം തന്നെ ബുധനാഴ്ച്ചയ്ക്ക് ശേഷം രണ്ട് പേരും വീട് പൂട്ടി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് അന്‍സാര്‍ വീട്ടിലെത്തി സ്വന്തം പിതാവിനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിലാനാണ് അന്‍സാറിനെയും രണ്ടാനമ്മയെയും കണ്ടെത്തിയത്. കുട്ടിക്ക് അമ്മൂമ്മയുമായി ഉണ്ടായിരുന്ന അമിത സ്‌നേഹമാണ് മര്‍ദ്ദിക്കുന്നതിലേക്ക് കാര്യം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. അമ്മയില്ലാത്ത കുട്ടിയെ ഏഴ് ദിവസം മാത്രമുള്ളപ്പോള്‍ നോക്കാന്‍ തുടങ്ങിയതാണ്. രണ്ട് മാസം മുന്‍പ് പുതിയ വീട്ടിലേക്ക് മാറിയതോടെയാണ് കുട്ടിയെ മര്‍ദ്ദിച്ച് തുടങ്ങിയത്.
കുട്ടിയുടെ പിതാവ് അന്‍സാറിന്റെ കുടുംബവീടിനോടു ചേര്‍ന്നുള്ള താഴത്തെ പറമ്പിലാണ് പുതിയ വീട്. മാതാപിതാക്കള്‍, അന്‍സാറിന്റെ കുടുംബം, അനുജന്റെ കുടുംബം തുടങ്ങിയവരെല്ലാം ഒരുമിച്ചാണ് പഴയവീട്ടില്‍ താമസിച്ചിരുന്നത്. അപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാര്‍ക്ക് അറിവില്ല. പുതിയ വീട്ടിലേക്കു മാറിയശേഷം പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നെന്നും ബഹളം കേട്ടിരുന്നെന്നും ഇവര്‍ പറയുന്നു. അന്‍സാറിന്റെ മാതാവും കുട്ടിയും രാത്രി ഉറങ്ങാനായി പുതിയ വീട്ടില്‍ പോകുമായിരുന്നു. എന്നാല്‍, അന്‍സാറിന്റെ ഭാര്യയുമായി വഴക്കുണ്ടായതോടെ അമ്മൂമ്മ ആ വീട്ടിലേക്കു പോകാതെയായി. അമ്മൂമ്മ പുതിയ വീട്ടിലേക്ക് വരാതെ ആയതിനാല്‍ കുട്ടി പഴയ വീട്ടിലേക്ക് അമ്മൂമ്മയെ കാണാന്‍ പോയതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം കുട്ടിയുടെ അനുഭവക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു.
അന്‍സാറിന്റെ മുന്‍ ഭാര്യയെ കുറിച്ചും നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമായിരുന്നു. മിടുക്കിയായിരുന്നു അന്‍സാറിന്റെ ആദ്യ ഭാര്യ. പ്രണയവിവാഹം ആയിരുന്നു രണ്ട് പേരുടെയും. പഠിക്കാന്‍ മിടുക്കിയായിരുന്നു. കുട്ടി ഉണ്ടായി ഏഴാം ദിവസം മരിക്കുകയായിരുന്നു. മരിച്ച് 17-ാം ദിവസം കഴിഞ്ഞപ്പോള്‍ ഏതേ സര്‍ക്കാര്‍ ജോലിക്ക് കത്ത് വന്നിരുന്നു എന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. അമ്മയെ പോലെ തന്നെയാണ് കുട്ടിയും. സ്‌കൂളില്‍ പഠിക്കാനും മറ്റ് ആക്ടിവിറ്റീസിലും മിടുക്കിയായിരുന്നു. എല്‍കെജി മുതല്‍ ആ സ്‌കൂളിലാണ് പഠിക്കുന്നത്. മുന്‍പ് എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അധ്യാപകര്‍ക്കും അറിയില്ല. അന്‍സാറിനെ കുറിച്ചും രണ്ടാം ഭാര്യയെ കുറിച്ചും നാട്ടുകാര്‍ക്ക് മോശം അഭിപ്രായം ഒന്നും തന്നെയില്ല. കണ്ടാല്‍ ഒന്ന് ചിരിച്ചിട്ട് പോകും. അധികം സംസാരിക്കാത്ത പ്രകൃതം. ഷെഫിനയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരെ രണ്ട് പേരെയും നല്ലതുപോലെയാണ് നോക്കിയിരുന്നത് എന്നാണ് കരുതിയിരുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആദ്യ ഭാര്യയുടെ മരണശേഷം മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് ബന്ധുകൂടിയായ ഷെഫിനയെ അന്‍സാര്‍ വിവാഹം ചെയ്തത്. ആക്രിക്കച്ചവടം, സീസണുകളില്‍ പഴവര്‍ഗവില്‍പ്പന എന്നിങ്ങനെ പല തൊഴിലുകളാണ് അന്‍സാര്‍ ചെയ്യുന്നത്. കൃത്യമായ വിവരം സമീപവാസികള്‍ക്കുമില്ല. സ്‌കൂള്‍ അധികൃതര്‍ക്കു മുന്നില്‍ ഇരുവരും ഒരുകാര്യത്തിനും പോയിട്ടില്ല. ഒരുമാസം മുന്‍പ് കുട്ടിയുടെ കാലിലെ മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴും സ്‌കൂള്‍ അധികൃതര്‍ അന്‍സാറിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.ഇതുവരെ കുട്ടിയുടെ ഒരാവശ്യത്തിനും ഇവര്‍ എത്തിയിട്ടില്ലെന്നും അന്‍സാറിന്റെ മാതാപിതാക്കളാണ് എത്താറുള്ളതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.