സ്‌കൂളിലെ ഡാന്‍സ് പരിപാടിക്കു വസ്ത്രം വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം പോകുമ്പോള്‍ അപകടം; ഓവര്‍ടേക്കിങിനിടെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തി കെഎസ്ആര്‍ടിസി ബസ്: പിന്‍ചക്രം ദേഹത്ത് കൂടി കയറി ഇറങ്ങി: ദാരുണമായി മരിച്ചത് എട്ടു വയസ്സുകാരി ആരാധ്യ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോ കുട്ടി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു

Update: 2024-10-04 00:21 GMT

കൂത്താട്ടുകുളം: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങി എട്ടു വയസ്സുകാരിക്കു ദാരുണാന്ത്യം. ഇടയാര്‍ കൊച്ചുമലയില്‍ കെ.എ. അരുണിന്റെയും അശ്വതിയുടെയും മകള്‍ ആരാധ്യയാണു മരിച്ചത്. അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തുക ആയിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ അശ്വതിക്കും (36), ഇളയ മകള്‍ ആത്മികയ്ക്കും (4) പരുക്കുണ്ട്. എംസി റോഡില്‍ അമ്പലംകുന്നില്‍ ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. സ്‌കൂളിലെ ഡാന്‍സ് പരിപാടിക്കു ധരിക്കാന്‍ ആരാധ്യയ്ക്ക് വസ്ത്രം വാങ്ങാന്‍ കൂത്താട്ടുകുളത്തേക്കു പോവുമ്പോഴാണ് അമ്മയും രണ്ടു മക്കളും അപകടത്തില്‍പ്പെട്ടത്.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ബസ് ഓവര്‍ ടേക്ക് ചെയ്യുമ്പോാണ് അപകടം ഉണ്ടായത്. ബസിന്റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നു മൂവരും റോഡിലേക്ക് തെറിച്ചു വീണു. ഇതൊന്നും അറിയാതെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ ആരാധ്യയുടെ ദേഹത്തു ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. അപകടം നടന്ന ഉടന്‍ കണ്ടക്ടര്‍ ബെല്ലടിച്ചു ബസ് നിര്‍ത്തിച്ചു.

കുട്ടി അടിയില്‍ പെട്ടതറിയാതെ ഡ്രൈവര്‍ വീണ്ടും ബസ് മുന്നോട്ടെടുത്തതായി യാത്രക്കാര്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തിയാണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പാക്കുട അഡ്വഞ്ചര്‍ പബ്ലിക് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരാധ്യ. അശ്വതി ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. പിതാവ് അരുണ്‍ വിദേശത്താണ്. സംസ്‌കാരം പിന്നീട്.

Tags:    

Similar News