മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി; കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും റദ്ദാക്കി; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ്

Update: 2024-10-21 06:54 GMT

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. ബാലാവകാശ കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും കോടതി റദ്ദാക്കി. കൃത്യമായ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്റ്റേ ചെയ്തത്. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഈ കത്തിനെ പിന്‍പറ്റി ഉത്തര്‍ പ്രദേശ്, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം.

അംഗീകാരമില്ലാത്ത മദ്രസകളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവുകള്‍ സ്റ്റേ ചെയ്ത സുപ്രീംകോടതി, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 7 നും ജൂണ്‍ 25 നും പുറപ്പെടുവിച്ച എന്‍സിപിസിആറിന്റെ ഉത്തരവുകളില്‍ നടപടിയെടുക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച ഈ കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു.

മദ്രസകളെ കുറിച്ച് കമ്മീഷന്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിലയിരുത്തല്‍. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. മദ്രസകള്‍ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും 11 പേജുളള കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ 71 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശമുള്ളത്. ഇസ്ലാമിക ആധിപത്യം ആണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങള്‍ക്ക് എതിരാണ്. ബീഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണ്. മദ്രസകളിലെ പുസ്തകങ്ങളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഉള്ളടക്കം ഉണ്ട്. പരിശീലനം കിട്ടാത്ത അദ്ധ്യാപകരാണ് മദ്രസകളിലുള്ളത്.

യൂണിഫോം, പുസ്തകങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങള്‍ മദ്രസകള്‍ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. മുസ്ലിം കുട്ടികള്‍ക്ക് മറ്റു സ്‌കൂളുകളില്‍ നിന്ന് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നു എന്ന് ഉറപ്പാക്കണം. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കണം, മദ്രസ ബോര്‍ഡുകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും എന്നീ നിര്‍ദ്ദേശങ്ങളും കത്തിലുണ്ട്. കേരളത്തില്‍ മദ്രസകളില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

Tags:    

Similar News