മണിപ്പൂരിൽ ഖേംചന്ദ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഉപമുഖ്യമന്ത്രിമാരായി കുക്കി-നാഗ പ്രതിനിധികൾ; കേന്ദ്രഭരണ പ്രദേശം എന്ന ആവശ്യത്തിൽ ഉറച്ച് കുക്കി സംഘടനകൾ; മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുമോ?; പുതിയ സർക്കാരിന്റെ വെല്ലുവിളികൾ ഇങ്ങനെ

Update: 2026-02-04 13:21 GMT

ഡൽഹി: മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി യുമ്നം ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം ഉപമുഖ്യമന്ത്രിമാരായി നെംച കിപ്‌ഗൻ (കുക്കി വിഭാഗം), ലോസി ഡിഖോ (നാഗ വിഭാഗം) എന്നിവരും, പുതിയ ആഭ്യന്തര മന്ത്രിയായി ഗോവിന്ദാസ് കോന്തൗജവും സത്യപ്രതിജ്ഞ ചെയ്തു. 2025 ഫെബ്രുവരിയിൽ എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഇന്ന് പിൻവലിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ നെംച കിപ്‌ഗൻ ഡൽഹിയിലെ മണിപ്പൂർ ഭവനിൽ നിന്നാണ് ചുമതലയേറ്റത്.

61-കാരനായ ഖേംചന്ദ് മെയ്‌തേയ് വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിൽ എല്ലാവർക്കും സ്വീകാര്യനായ നിഷ്പക്ഷ മുഖമായാണ് അദ്ദേഹം അറിയപ്പെടുന്നത്. വെറും പ്രസംഗങ്ങളേക്കാൾ അച്ചടക്കത്തിനും ഭരണനിർവ്വഹണത്തിനും പ്രാധാന്യം നൽകുന്ന ഖേംചന്ദിന്, മണിപ്പൂരിലെ കലുഷിതമായ അന്തരീക്ഷത്തിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

2017 മുതൽ 2022 വരെ നിയമസഭാ സ്പീക്കറായും പിന്നീട് ബിരേൻ സിംഗ് മന്ത്രിസഭയിൽ മന്ത്രിയായും പ്രവർത്തിച്ച പരിചയവുമായാണ് ഖേംചന്ദ് സിംഗ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ബിജെപിയിലെയും സഖ്യകക്ഷികളിലെയും എംഎൽഎമാരെ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഖേംചന്ദിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. മെയ്‌തേയ്, കുക്കി വിഭാഗങ്ങളിൽ നിന്നുള്ള എംഎൽഎമാരെ ചർച്ചകളിൽ പങ്കെടുപ്പിച്ചിരുന്നതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തിരുന്നു.

നിയമസഭ 2027 വരെ

നിലവിലെ നിയമസഭയുടെ കാലാവധി 2027 മാർച്ചിലാണ് അവസാനിക്കുന്നത്. മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാനുള്ള ഏക വഴി കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലയോര മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുക എന്നതാണെന്ന നിലപാടിൽ കുക്കി-സോ സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ഓഗസ്റ്റിൽ പാർലമെന്റ് അംഗീകരിച്ച ആറുമാസത്തെ രാഷ്ട്രപതി ഭരണം ഈ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത്.

എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി കുക്കി കൗൺസിൽ

മെയ്‌തേയ് - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും മണിപ്പൂരിൽ ഇപ്പോഴും അശാന്തി നിലനിൽക്കുന്നുണ്ട്. പുതിയ സർക്കാരിന്റെ ഭാഗമാകില്ലെന്ന് ചില കുക്കി സിവിൽ സൊസൈറ്റികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലയോര മേഖലകളെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി (Union Territory) പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ കുക്കി-സോ സംഘടനകൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. താഴ്വരകളിൽ മെയ്‌തേയ് വിഭാഗവും മലയോരങ്ങളിൽ കുക്കികളും ആധിപത്യം പുലർത്തുന്നതാണ് സംസ്ഥാനത്തെ സാഹചര്യം.

തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കാളികളാകില്ലെന്ന് ജനുവരി 6-ന് തന്നെ കുക്കി-സോ കൗൺസിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. ജനുവരി 13-ന് ചേർന്ന കുക്കി സായുധ സംഘടനകളുടെയും എം.എൽ.എമാരുടെയും യോഗവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പ്രത്യേക ഭരണപ്രദേശം എന്ന കാര്യത്തിൽ രാഷ്ട്രീയമായ ഉറപ്പ് ലഭിക്കാതെ സർക്കാരിന്റെ ഭാഗമാകില്ലെന്നായിരുന്നു തീരുമാനം.

എന്നാൽ, സമുദായത്തിന്റെ ഈ പൊതുതീരുമാനം ലംഘിച്ച് ഏതെങ്കിലും എം.എൽ.എമാർ സർക്കാരിൽ ചേരാൻ തീരുമാനിച്ചാൽ അത് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമായിരിക്കുമെന്നും, അതിന്റെ പ്രത്യാഘാതങ്ങൾക്ക് കൗൺസിൽ ഉത്തരവാദിയായിരിക്കില്ലെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കുക്കി-സോ കൗൺസിൽ കർശന മുന്നറിയിപ്പ് നൽകി.

"ഞങ്ങളുടെ ജനതയ്ക്ക് നീതി ലഭിക്കാതെയും രാഷ്ട്രീയ പരിഹാരത്തിന് രേഖാമൂലം ഉറപ്പ് ലഭിക്കാതെയും പുതിയ സർക്കാരിന്റെ ഭാഗമാകില്ല" എന്ന് പ്രമുഖ കുക്കി നേതാവ് പൗലിയൻലാൽ ഹാവോക്കിപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങണമെന്നും സമാധാന ചർച്ചകൾ തുടരണമെന്നുമാണ് മെയ്‌തേയ് സംഘടനകളുടെ നിലപാട്.

260 ജീവനുകൾ, 59,000 അഭയാർത്ഥികൾ

2023 മെയ് മാസത്തിൽ മെയ്‌തേയ്, കുക്കി-സോ-ഹ്മർ വിഭാഗങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ കുറഞ്ഞത് 260 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. 59,000-ത്തിലധികം ആളുകൾക്ക് തങ്ങളുടെ വീടുകൾ വിട്ട് പാലായനം ചെയ്യേണ്ടി വന്നു. 2024-ലും 2025-ലും ഇടയ്ക്കിടെയുണ്ടായ സംഘർഷങ്ങൾ സംസ്ഥാനത്തെ വീണ്ടും ചോരക്കളമാക്കിയിരുന്നു.

കലാപം അടിച്ചമർത്തുന്നതിൽ പക്ഷപാതം കാണിച്ചുവെന്നും ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു എന്നുമുള്ള കുക്കി-സോമി-ഹ്മർ സംഘടനകളുടെ കടുത്ത ആരോപണങ്ങൾക്കിടയിലാണ് എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ബിരേൻ സിംഗിന്റെ നടപടികൾ വംശീയ വേർതിരിവ് വർദ്ധിപ്പിച്ചുവെന്ന പഴി ശക്തമായതോടെയാണ് അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നത്.

Tags:    

Similar News