ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് 2018ല്‍ മുന്നറിയിപ്പ് നല്‍കി; മുന്നറിയിപ്പ് നല്‍കിയത് ബോയിങ് 737 വിമാനങ്ങളിലെ സ്വിച്ച് സംബന്ധിച്ച്; അഹമ്മദാബാദില്‍ അപകടത്തിന് കാരണമായ ബോയിങ്ങിന്റെ 737-8 വിമാനത്തിലും ഇതേ സ്വിച്ച് തന്നെ; വിമാന ദുരന്തത്തില്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ബോയിങോ?

ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് 2018ല്‍ മുന്നറിയിപ്പ് നല്‍കി;

Update: 2025-07-13 01:19 GMT

നൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇടയാക്കിയത് ഇന്ധന സ്വിച്ചുകള്‍ ഓഫാക്കിയതാണെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ പൈലറ്റുമാര്‍ക്കുണ്ടായ പിഴവാകുമെന്നതാണ് പൊതുധാരണ. എന്നാല്‍, അതിന് അപ്പുറത്തേക്കും കാര്യങ്ങള്‍ സംഭവിച്ചിരിക്കാമെന്ന സൂചനകളുമുണ്ട്. ഈ സംഭവത്തില്‍, പറന്നുയര്‍ന്ന് വെറും സെക്കന്‍ഡുകള്‍ക്കകം ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ 'റണ്‍' നിലയില്‍ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറി, രണ്ട് എന്‍ജിനുകളും ഇന്ധനം ലഭിക്കാതെ നിലച്ചു, ഇതോടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം അപകടത്തിന് ആറ് വര്‍ഷം മുമ്പ് ഇന്ധന സ്വിച്ചുകളുടെ കാര്യത്തില്‍ എയര്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ 2018ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ബോയിങ് 737 വിമാനങ്ങളിലെ സ്വിച്ച് സംബന്ധിച്ചാണ് മുന്നറിയിപ്പ്. ചില വിമാനങ്ങളിലെ സ്വിച്ചിന് തകരാറുണ്ടെന്നായിരുന്നു യു.എസ് അറിയിച്ചത്.

2018 ഡിസംബറിലാണ് യു.എസ് ഇതുസംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ഇതുപ്രകാരം ബോയിങ് 737 വിമാനങ്ങളില ചിലതിന്റെ ഇന്ധനനിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് ഫീച്ചറില്‍ തകരാറുണ്ടെന്നായിരുന്നു കണ്ടെത്തിയത്. ഇത് സുരക്ഷിതമല്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരുന്നു. അഹമ്മദാബാദില്‍ അപകടത്തിന് കാരണമായ ബോയിങ്ങിന്റെ 737-8 വിമാനത്തിലും ഇതേ സ്വിച്ച് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.


Full View

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെ സംബന്ധിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 15 പേജുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ടേക്ക് ഓഫിന് പിന്നാലെ രണ്ട് എന്‍ജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വിമാന എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം നിലച്ചു. ഉടന്‍ തന്നെ പെലറ്റുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തുവെങ്കിലും വിമാനത്തിന്റെ പറക്കല്‍ സാധാരണനിലയിലേക്ക് എത്തുന്നതിന് മുമ്പ് തകര്‍ന്നുവീഴുകയായിരുന്നു.


 



വിമാനം തകര്‍ന്നുവീണ സ്ഥലത്തിന്റെ ഡ്രോണ്‍ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവയുള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തന്നെ പരമാവധി വേഗതയായ 180 നോട്ട്‌സ് കൈവരിച്ചു. ഇതിന് പിന്നാലെ വിമാനത്തിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ട് സ്വിച്ചുകളും ഓഫാകുകയായിരുന്നു.

ഇന്ധനവിതരണം നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ റണ്‍ പൊസിഷനില്‍ നിന്നും കട്ട് ഓഫിലേക്ക് മാറുകയായിരുന്നു. ഉടന്‍ തന്നെ സ്വിച്ചുകള്‍ പഴയനിലയിലാക്കിയെങ്കിലും ത്രസ്റ്റ് വീണ്ടെടുക്കുന്നതിന് മുമ്പ് വിമാനം തകര്‍ന്നുവീണു. വിമാനത്തിലെ കോക്പിറ്റിലെ വോയ്‌സ് റെക്കോഡിങ്ങും അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്. ഇതില്‍ പൈലറ്റുമാരിലൊരാള്‍ എന്തിനാണ് ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുമ്പോള്‍ മ?റ്റൊരു പൈലറ്റ് താന്‍ അത് ചെയ്തിട്ടില്ലെന്ന് മറുപടി പറയുന്നത് കേള്‍ക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2018-ലെ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിച്ച പ്രശ്നം എഐ 171 അപകടത്തില്‍ നേരിട്ട് ബാധിച്ചുവെന്നോ, അതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നോ തെളിവില്ല. എഐ 171ല്‍ സംഭവിച്ചത് മാനുവല്‍ ഇടപെടലോ മറ്റേതെങ്കിലും അസാധാരണ സാഹചര്യമോ ആയിരിക്കാമെന്നതാണ് നിലവിലെ അന്വേഷണത്തിന്റെ നിലപാട്.

ടേക്ക് ഓഫിന് മുമ്പ് തന്നെ സ്വിച്ച് ഓഫായിരുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. കോ - പൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാള്‍ ഇത് നിരീക്ഷിക്കുകയായിരുന്നു.

സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു.വെറും 32 സെക്കന്‍ഡ് മാത്രമാണ് വിമാനം പറന്നത്. വിമാനത്തിന്റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രം രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തി. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 



ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടം നടന്ന് പിറ്റേദിവസം തന്നെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്. 260 പേരാണ് അപകടത്തില്‍ മരിച്ചത്.

എന്താണ് ഇന്ധന സ്വിച്ച്?

വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകളാണിവ. വിമാനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം സ്വിച്ച് ഓണ്‍ ചെയ്യണം. മാത്രമല്ല, വിമാനം പറത്തുന്നതിനിടെ അടിയന്തര സാഹചര്യം ഉണ്ടായി എഞ്ചിന്‍ നിലച്ചാല്‍ ഇവ ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ ഓണ്‍ ചെയ്യും. ഇങ്ങനെ എഞ്ചിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാറുണ്ട്.ഇത്രയും പ്രാധാന്യം ഉള്ളതിനാല്‍ അബദ്ധത്തില്‍ കൈ തട്ടിയാല്‍ ഓഫ് ആകുന്ന തരത്തിലല്ല ഈ സ്വിച്ചുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് വ്യോമയാന വിദഗ്ദ്ധര്‍ പറയുന്നത്.

എന്നാല്‍, ഇവ ഓഫാകുന്ന പക്ഷം പെട്ടെന്ന് തന്നെ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കും. വിമാനത്തിലെ മറ്റ് സംവിധാനങ്ങളില്‍ നിന്ന് സ്വതന്ത്രമായാണ് ഫ്യുവല്‍ സ്വിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് യുഎസ് വ്യോമയാന വിദഗ്ദ്ധന്‍ ജോണ്‍ കോക്സ് പറയുന്നത്. ഒരു പൈലറ്റ് അനാവശ്യമായി സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്യില്ല. പ്രത്യേകിച്ച് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയില്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ജോണ്‍ കോക്സ് പറഞ്ഞു.

ഇന്ധന സ്വിച്ചുകളുടെ സ്ഥാനംതകര്‍ന്നുവീണ ബോയിംഗ് 787 വിമാനത്തിന്റെ കോക്പിറ്റില്‍ ത്രസ്റ്റ് ലിവറിന് താഴെയായാണ് രണ്ട് ഫ്യുവല്‍ സ്വിച്ചുകളുള്ളത്. അറിയാതെ കൈ തട്ടി സ്ഥാനം മാറാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. മാത്രമല്ല, ഈ സ്വിച്ച് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പൈലറ്റ് സ്വിച്ച് മുകളിലേക്ക് വലിച്ച് മുന്നോട്ടോ പിന്നോട്ടോ മാറ്റണം. മുന്നോട്ട് മാറ്റുമ്പോള്‍ റണ്‍ പൊസിഷനിലും പിന്നിലേക്ക് മാറ്റുമ്പോള്‍ കട്ട് ഓഫ് പൊസിഷനിലും എത്തും. കട്ട് ഓഫ് പൊസിഷനിലെത്തി സിച്ച് റിലീസ് ചെയ്താല്‍ എഞ്ചിന്‍ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കും.

കോക്പിറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഈ സ്വിച്ചുകള്‍ ഓഫായി. റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി. ഒരു സെക്കന്‍ഡിന്റെ ഇടവേളയിലാണ് സ്വിച്ച് ഓഫായത്. ഇതോടെ എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹം നിലച്ചു. തുടര്‍ന്ന് ഉയരാന്‍ ആവശ്യത്തിനുള്ള സമ്മര്‍ദം ലഭിക്കാതെ വിമാനം നിലംപതിക്കുകയായിരുന്നു. സ്വിച്ച് ഓഫ് ആയെന്ന് ശ്രദ്ധയില്‍പ്പെട്ട പൈലറ്റുമാരിലൊരാള്‍ എന്തിനാണ് ഇത് കട്ട് ഓഫ് ആക്കിയതെന്ന് ചോദിക്കുന്നുണ്ട്. അത് താനല്ല ചെയ്തതെന്നാണ് മറ്റേയാള്‍ മറുപടി നല്‍കിയത്. ഈ സംഭാഷണം വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ചു.

സംഭാഷണത്തിനിടെ പൈലറ്റുമാരിലൊരാള്‍ സ്വിച്ചുകള്‍ റണ്‍ പൊസിഷനിലേക്ക് കൊണ്ടുവന്നെങ്കിലും റീ സ്റ്റാര്‍ട്ട് ആകുന്ന സമയത്തിനിടെ ത്രസ്റ്റ് നഷ്ടപ്പെട്ട വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

Tags:    

Similar News