പുലയ സ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു; മലയാളിയെ അത്ഭുതപ്പെടുത്തിയ അതിജീവനം; സിപിഎമ്മുമായി കണ്ണൂരില്‍ പോരടിച്ച ചിത്രലേഖ ഇനി ഓര്‍മ്മ; കാന്‍സര്‍ ആ പോരാളിയെ കീഴടക്കുമ്പോള്‍

സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ കൂടിയാണ ചിത്രലേഖ

Update: 2024-10-05 02:42 GMT

കണ്ണൂര്‍: സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഈ വിവാദങ്ങളാണ് ചിത്രലേഖയെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കിയത്. സിപിഎമ്മിനെതിരെ അസാധാരണ പ്രതിരോധമാണ് കണ്ണൂരില്‍ ചിത്രലേഖ ഉയര്‍ത്തിയത്. പാര്‍ട്ടി വെല്ലുവിളികളെ സധൈര്യം നേരിട്ട ചിത്രലേഖ കടുത്ത വെല്ലുവളികളെയാണ് അന്ന് നേരിട്ടത്.


സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ കൂടിയാണ ചിത്രലേഖ. 'പുലയസ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു. 'എന്നിട്ടും അക്രമം തുടരുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തോന്നിയത് കൊണ്ടുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ചിത്രലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇരുപത് വര്‍ഷത്തില്‍ അധികം ജീവിക്കാനായി സി.പി.എമ്മിനെതിരേ പോരാടിയ വ്യക്തിയാണ് ചിത്രലേഖ.

പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട യൂണിയന്‍ തര്‍ക്കമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്നെ ചിത്രലേഖയെ മാധ്യമ ശ്രദ്ധയിലേക്കെത്തിച്ചത്. ജാതി വിവേചനം നേരിടുന്നുവെന്നും സി.പി.എമ്മുകാര്‍ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രലേഖ രംഗത്ത് വന്നത്. തുടര്‍ന്ന് ഇവരുടെ ഓട്ടോ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുണ്ടായി. ഒടുവില്‍ കണ്ണൂര്‍ കട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറിയെങ്കിലും ഇവിടേയും ജീവിക്കന്‍ സമ്മതിക്കുന്നില്ലെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു.

ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകരുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെ സി. ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ചിത്രലേഖയുടെ വിഷയം ചര്‍ച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുള്‍പ്പെടെ വിവാദങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പിന്നീട് എടാട്ടു നിന്ന് കാട്ടാമ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.

വീടിന് സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് ഇവര്‍ക്ക് വീടുവെക്കാന്‍ അഞ്ചു സെന്റ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വീടുപണി പാതിവഴിയില്‍ നില്‍ക്കെ, ചിത്രലേഖയ്ക്ക് അനുവദിച്ച സഹായം പിണറായി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ചില സംഘടനകളുടെ സഹായത്തോടെയാണ് ചിത്രലേഖ വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്ക് സിപിഎമ്മില്‍ നിന്ന് നേരിട്ട ദുരനുഭവവും ജാതി വിവേചനവും കേരളം പലതവണ ചര്‍ച്ച ചെയ്തതാണ്.

ജോലി ചെയ്തു ജീവിക്കാന്‍ സിപിഎമ്മുകാര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ചിത്രലേഖ മലയാളിയുടെ മനസ്സില്‍ നൊമ്പരമായി. വടകര സ്വദേശി ശ്രീഷ്‌കാന്തുമായുള്ള വിവാഹത്തെ തുടര്‍ന്നാണു പ്രശ്‌നം തുടങ്ങിയത്. ഇതോടെ സിപിഎം തങ്ങള്‍ക്ക് എതിരായതെന്നു ചിത്രലേഖ പറയുന്നു. ദലിത് വിഭാഗത്തില്‍പെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്‌കാന്ത് മറ്റൊരു സമുദായക്കാരനാണ്. ഇതായിരുന്നു പ്രശ്‌നത്തിന് കാരണം.

പാര്‍ട്ടി എതിരായതോടെ വടകരയില്‍ നിന്ന് ശ്രീഷ്‌കാന്തിനു ചിത്രലേഖയുടെ നാടായ പയ്യന്നൂര്‍ എടാട്ടേക്കു മാറേണ്ടി വന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്‌കാന്തിനു പുറമേ ചിത്രലേഖയും സര്‍ക്കാര്‍ പദ്ധതിയില്‍ ഓട്ടോ വാങ്ങി. എടാട്ട് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികള്‍ ഇവര്‍ക്ക് എതിരായി. ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതി അധിക്ഷേപത്തിനും ഇരയായി. പിന്നെ നടന്നതെല്ലാം സമാനതകളില്ലാത്ത പ്രതികാരം. ഇതിനെ ചിത്രലേഖ മനസ്സിലെ കരുത്തുമായി നേരിട്ടു.

ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ ഗൂണ്ടാ ലിസ്റ്റില്‍ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലില്‍ അടച്ചു. അവിടെയും തീര്‍ന്നില്ല അക്രമം, അജിത്തിന്റെ നേതൃത്വത്തില്‍ ശ്രീഷ്‌കാന്തിനെ കൊല്ലാന്‍ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. പക്ഷെ ആളുമാറി വെട്ടുകൊണ്ടത്, ശ്രീഷ്‌കാന്തിന്റെ അനിയനും. തൊഴിലെടുത്തു ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പിലും പിന്നീട് 47 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും ചിത്രലേഖയ്ക്കു സമരം ചെയ്യേണ്ടി വന്നു. എടാട്ടു നിന്നു കണ്ണൂര്‍ കാട്ടമ്പള്ളിയില്‍ വാടക വീട്ടിലേക്കു മാറേണ്ടി വന്നു.

Tags:    

Similar News