അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായി; ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നു; ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചു കൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം കാമുകനെ മനോരോഗിയാക്കി; മദ്യ ലഹരിയില്‍ കല്ല് തലയ്ക്കടിച്ചു കൊന്നു; നിര്‍ണ്ണായകമായത് പാതിരാത്രിയിലെ സിസിടിവി; ചിത്രപ്രിയയുടെ ജീവനെടുത്തത് കാമുക സംശയം

Update: 2025-12-10 07:44 GMT

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ മരണത്തിന് കാരണമായത് തലയിലെ ആഴത്തിലുള്ള മുറിവ്. മൃതദേഹത്തിന് സമീപത്തു രക്തക്കറ പുരണ്ട കല്ല് കിടപ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അലന്(21) ലഹരി ഇടപാടുകള്‍ ഉണ്ടോയെന്നു സംശയമുണ്ട്. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ മറ്റു രണ്ടു യുവാക്കളെയും മറ്റൊരു ബൈക്കില്‍ കാണാം. ഇവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ അലന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന.

പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പരിശോധിച്ചുവരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകാരനു പെണ്‍സുഹൃത്തില്‍ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19കാരിയുടെ ജീവനെടുത്തത്. ബംഗ്ലൂരുവില്‍ കൂട്ടുകാരിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അലന്‍ സംശയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ അലന്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെത്തുടര്‍ന്നു കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലേടത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന്‍ സംശയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന്‍ കണ്ടത്ര. ഇതേത്തുടര്‍ന്നു പ്രകോപിതാനായ പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്. ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച അലനെ പെണ്‍കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു.

ബെംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ അവള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് താന്‍ ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.

മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ(19)യെ ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ആറു മുതലാണ് കാണാതായത്. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്‍കി. പോലീസ് പലേടത്തും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് ഇയാളെ ആദ്യം വിട്ടയച്ചത്. എന്നാല്‍, പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഈ സംഘത്തിനൊപ്പമായിരുന്നെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.അലനൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.53നുള്ള ദൃശ്യങ്ങളാണ് ഇവ. അലന്റെ പിന്നിലിരുന്നാണ് പെണ്‍കുട്ടി സഞ്ചരിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ രണ്ടുപേരും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അലനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ പ്രദേശത്ത് ബൈക്കില്‍ കൊണ്ടുവിട്ടതാണെന്നാണ് തുടക്കത്തില്‍ ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നല്‍കിയില്ല. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലനടത്തിയതായി കുറ്റസമ്മതം നടത്തിയത്.

Tags:    

Similar News