തരംതാഴ്ത്തപ്പെട്ട എ.പി ജയനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് പ്രതിനിധികളില്‍ ഭൂരിപക്ഷം; അപകടം തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം കളി; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജയനെ ജില്ലാ കൗണ്‍സിലില്‍ എടുത്ത് സമവായം
ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
പത്തനംതിട്ട. സിപിഐ ജില്ലാ സെക്രട്ടറിയായി നിയമസഭ ഡെപ്യൂട്ടീ സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. തരംതാഴ്ത്തപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി എ.പി. ജയനെ വീണ്ടും സെക്രട്ടറിയാക്കണമെന്ന് ഭൂരിഭാഗം സമ്മേളന പ്രതിനിധികളും ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയാക്കിയത്. 10 ഏരിയകളില്‍ നിന്നായി 295 പ്രതിനിധികളാണ് സമ്മേനത്തില്‍ പങ്കെടുത്തത്. മുന്‍ ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെ പാര്‍ട്ടി കൈക്കൊണ്ട തരംതാഴ്ത്തല്‍ നടപടിക്കെതിരെ
എട്ട് ഏരിയകളില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി.
ഇതോടെ ഏറെനേരം സമ്മേളന നടപടികള്‍ നിര്‍ത്തി വച്ച് സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടന്നു. ജയനെ സെക്രട്ടറിയാക്കണമെന്ന ആവശ്യത്തിന് മുന്നില്‍ സംസ്ഥാന നേതൃത്വം വിയര്‍ത്തു. വൈകിട്ട് നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ച ചിറ്റയം ഗോപകുമാറിന്റെയും 50 അംഗ ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും പേരുകള്‍ സമ്മേളനപ്രതിനിധികള്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിലെക്കുള്ള പ്രതിനിധികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. ജയനെ ജില്ലാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ് ചിറ്റയം ഗോപകുമാര്‍. കൊല്ലം ജില്ലയിലെ പനയം വില്ലേജില്‍ ചിറ്റയം കാട്ടുവിള പുത്തന്‍ വീട്ടില്‍ ടി ഗോപാലകൃഷ്ണന്റെയും ടി കെ ദേവയാനിയും മകനായി കര്‍ഷക തൊഴിലാളി കുടുംബത്തില്‍ 1965 ല്‍ ജനിച്ചു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊട്ടാര്‍ക്കര സെന്റ് ഗ്രീഗോറിയസ് കോളേജില്‍ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയം ആരംഭിച്ചു. അതിനു മുമ്പ് ബാലവേദി പ്രവര്‍ത്തനം തുടങ്ങി. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എഐവൈഎഫിലും എഐടിയുസിയിലും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ദേശീയ കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കശുഅണ്ടി തൊഴിലാളി യൂണിയന്‍ കേന്ദ്ര കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി, ആശാവര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ്, കെടിഡിസി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കലാസാംസ്‌കാരിക സംഘടനയായ ഇപ്റ്റ', യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് അടൂര്‍ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
1995 ല്‍ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 ല്‍ കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരിക്കെയാണ് 2011 ല്‍ അടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നത്. അന്ന് 607 വോട്ടിന് വിജയിച്ചു. 2016 ല്‍ വീണ്ടും 25640 വോട്ടില്‍ വിജയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 2,909 വോട്ടിനും വിജയിച്ചു. റിട്ട കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസര്‍ സി ഷെര്‍ളി ബായി ആണ് ഭാര്യ. അമൃത എസ് ജി (ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറര്‍ സെന്റ് സിറിള്‍സ് കോളേജ്, അടൂര്‍). അനുജ എസ്ജി (എല്‍ എല്‍ ബി വിദ്യാര്‍ത്ഥി തിരുവനന്തപുരം ഗവ: ലോ കോളേജ്) എന്നിവര്‍ മക്കള്‍.50 അംഗ ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കണം സി പി ഐ
പത്തനംതിട്ട ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുക, പെരുമ്പെട്ടിയിലെ കര്‍ഷകര്‍ക്കുള്ള പട്ടയ വിതരണ നടപടികള്‍ വേഗത്തിലാക്കുക, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, പട്ടികജാതി വിദ്യാര്‍ത്ഥികളുടെവിദ്യാദ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കാലതാമസമില്ലാതെവിതരണംചെയ്യണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഡി സജി, ബാബു പാലക്കല്‍, കെ സതീശ്, സുമതി നരേന്ദ്രന്‍ എന്നിവര്‍ പ്രസീഡിയം അംഗങ്ങളായി. അടൂര്‍ സേതു രക്തസാക്ഷി പ്രമേയവും അഡ്വ. കെ ജി രതീഷ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ആര്‍ ഗോപിനാഥന്‍, കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാര്‍, പി.പി.സുനീര്‍ എം.പി, മന്ത്രി പി. പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുല്ലക്കര രത്നാകരന്‍, കെ.ആര്‍.ചന്ദ്രമോഹന്‍, സി.എന്‍.ജയദേവന്‍, ആര്‍. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.