അശ്ലീല തമാശകളിലുടെ അധ്യയനം; ഒരു ലക്ഷം രൂപയിലേറെ മാസ ശമ്പളം പറ്റി സര്‍ക്കാര്‍ അധ്യാപകര്‍ ഇവിടെയും ക്ലാസെടുക്കും; സംഘടനകളുടെ സമ്മേളനത്തിനും ലക്ഷങ്ങള്‍ കൊടുക്കും; ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടും നടപടി ശക്തമാവാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബി

ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടും നടപടി ശക്തമാവാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബി

Update: 2024-12-17 16:31 GMT

കോഴിക്കോട്: ഓണപ്പരീക്ഷക്ക് പിന്നാലെ ക്രിസ്മസ് ചോദ്യപരീക്ഷകളും കേരളത്തിലെ ചില ഡിജറ്റല്‍ ലേണിങ്ങ് പ്ലാറ്റ്ഫോമുകള്‍ ചോര്‍ത്തിയെന്ന് വ്യക്തമായിട്ടും അതിശക്തമായ നടപടിയുണ്ടാവാത്തത്, ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബിയുടെ സമ്മര്‍ദത്താല്‍. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പല ലേണിങ്ങ് ആപ്പുകളും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതുപോലെ, വിദ്യാലയങ്ങളില്‍ എന്‍ട്രിയുള്ളവയാണ്.

ഒരു ലക്ഷം രൂപയിലേറെ മാസ ശമ്പളം പറ്റി, സര്‍ക്കാര്‍ അധ്യാപകര്‍ ഇവിടെയും ജോലി ചെയ്യുന്നുണ്ട്. മണിക്കൂറിന് 2000 രൂപയിലേറെ പറ്റുന്നവര്‍ വിദഗ്ധരും ബുസ്റ്റര്‍ ക്ലാസുകളില്‍ എത്താറുണ്ട്. അധ്യാപക സംഘടനയുടെ സമ്മേളനത്തിനും ലക്ഷങ്ങള്‍ കൊടുത്തുമൊക്കെ ഇവര്‍ അധികൃതരെ കൈയിലെടുക്കുന്നുണ്ട്. ഈ കൂട്ടുകെട്ടില്‍ എഇഒമാരും ഡിഡിഇയുമൊക്കെ ഉള്‍പ്പെടുന്ന ഒരു വലിയ കോക്കസ് ഉണ്ട്. സ്വകാര്യ ട്യൂഷന്റെ പേരില്‍ ആരോപിതര്‍ ആയിരിക്കുന്നവര്‍ ഇടത് അധ്യാപക നേതാക്കളുമുണ്ട്. ഇതിന്റെയൊക്കെ ഫലമായാണ്, ഒരുപാട് യുട്യൂബ് എജു പ്ലാറ്റ്ഫോമുകള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടും, ഒന്നിനെതിരെ മാത്രം നടപടിയെടുത്ത്, തടിയെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

കോവിഡ്കാലത്തിനുശേഷം കേരളത്തില്‍ വളര്‍ന്ന പുതിയൊരു സംഭവമാണ് ഓണ്‍ലൈന്‍ എജുക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍. യു ട്യൂബിലൂടെയും, വാട്‌സാപ്പിലൂടെയും, ആപ്പുകളിലൂടെയും ഇവര്‍ നടത്തുന്ന ട്യൂഷന് ഏറെ വിദ്യാര്‍ത്ഥികളുണ്ട്. അശ്ളീല തമാശകള്‍ പറഞ്ഞ് കുട്ടികളെ ആകര്‍ഷിക്കുന്ന ഇവരുടെ രീതിയെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. സെക്സ് ജോക്കുകള്‍ പറഞ്ഞാണ് ഒരു പ്രമുഖചാനലില്‍ മാത്സ് ക്ലാസുകള്‍ തന്നെ നടക്കുന്നത്.

ഇവര്‍ തമ്മിലുള്ള കിടമത്സരം വര്‍ധിച്ചതോടെ ഇപ്പോള്‍ ചോദ്യപേപ്പര്‍ വരെ ചോരുകയാണ്. ഓണപ്പരീക്ഷയെ പ്രഹസനമാക്കികൊണ്ട് പത്താംക്ലാസിലെ പരീക്ഷയുടെ ചോദ്യങ്ങള്‍ യുട്യൂബില്‍ ഇവര്‍ ചോര്‍ത്തിയിരുന്നത് വിവാദമായിരുന്നു. ഇപ്പോഴിതാ ക്രിസ്മസ് പരീക്ഷയുടെ പത്താംക്ലാസില്‍ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണില്‍ ഗണിതത്തിന്റെയും ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കയാണ്്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി പല പ്രമുഖ ഓണ്‍ലൈന്‍ ആപ്പുകാരും, യു ട്യൂബ് എജുപ്ലാറ്റ്‌ഫോമുകാരും ചോദ്യപേപ്പര്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണമുണ്ട്. ഒരു പ്രമുഖ യുട്യൂബ് എഡു ടീമിന്റെ ബൂസ്റ്റര്‍ ക്ലാസില്‍ പറഞ്ഞ അതേ ചോദ്യങ്ങള്‍ തന്നെ പരീക്ഷകളില്‍ ആവര്‍ത്തിച്ച സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. 'ന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും' എന്ന് കട്ടായം പറഞ്ഞായിരുന്നു അവരുടെ ക്ലാസ്.

ചോര്‍ന്നത് അധികൃതരുടെ ഒത്താശയോടെ

ചോദ്യക്കടലാസ് ചോര്‍ന്നത് അധ്യാപകരുടെ തന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിലും അച്ചടിയിലുമൊക്കെ രഹസ്യസ്വഭാവമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. എന്നിട്ടും ചോര്‍ന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്.

ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് യു ട്യൂബിലുടെ തലേന്ന് പുറത്തുവിട്ടുവെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി സഹകരിക്കുമെന്ന് ആരോപണ വിധയേരായ കോഴിക്കോട് കൊടുവള്ളിയിലെ ഐഎസ് സൊലുഷന്‍സ് യുട്യൂബ് ചാനല്‍ സിഇഒ ഷുഹൈബ് പ്രതികരിച്ചു. ചാനലിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള മറ്റ് ലേണിങ്ങ് പ്ലാറ്റ്‌ഫോമുകളാണ്, ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് ഷുഹൈബ് പറയുന്നത്. ഓണപ്പരീക്ഷാ സമയത്തും, ഒട്ടേറെ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ് ചോര്‍ച്ചാ ആരോപണം വന്നിരുന്നുവെന്നും എന്നാല്‍ തങ്ങളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത് എന്നുമാണ് ഇവര്‍ പറയുന്നത്.

വിവാദങ്ങളെ തുടര്‍ന്ന് എംഎസ് സൊലുഷന്‍സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണ്. പൊലീസ് ചോദ്യംചെയ്യലില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ല എന്ന നിലപാടിയാണ് എംഎസ് സൊലൂഷ്യന്‍സുകാര്‍. പരീക്ഷയുടെ തൊട്ടുമുന്‍പത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വീഡിയോ തയ്യറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിയോടെയാണ്, എംഎസ് സൊലുഷന്‍സ് വീഡിയോ തയ്യാറാക്കിയത്. അതാണ് ചോദ്യപേപ്പറിലുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടാന്‍ കാരണം എന്നാണ് ഇവരുടെ വിശദീകരണം. സമാനമായ പ്രശ്നമുണ്ടായ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയുണ്ടാവുന്നില്ല എന്നും ഇവര്‍ ചോദിക്കുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് നിപാട് കടുപ്പിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

ഇക്കാര്യങ്ങള്‍ പോലീസ് വിജിലന്‍സും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പിഎസ്സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ട്. സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെകുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പിടിഎ അധികൃതരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News