സെക്രട്ടേറിയറ്റ് ഉപരോധത്തിന് പോയാല്‍ അവരുടെ ആരുടെയും തന്നെ ഓണറേറിയം അടിക്കുന്നതല്ല, അത് ഡിപിഎം എന്നോട് പറഞ്ഞിട്ടുണ്ട്; ഇങ്ങനെ പോകുന്നവരുടെ പ്രശ്‌നങ്ങളില്‍ നമ്മളാരും ഇടപെടത്തില്ല; ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സിഐടിയു ഇടപടല്‍; ശബ്ദ സന്ദേശം പുറത്ത്; പാര്‍ട്ടി ഇടപടലിന് പുറമേ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും
ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സിഐടിയു ഇടപടല്‍; ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: 37 ദിവസം പിന്നിടുന്ന ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് പിണറായി സര്‍ക്കാര്‍. തിങ്കളാഴ്ചത്തെ സെക്രട്ടേറിയറ്റ് ഉപരോധത്തോടെ, സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഓണറേറിയം അനുവദിക്കുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കി ഇന്നലെ ഉത്തരവിറക്കിയത് സമര വിജയം തന്നെയായി ആശമാര്‍ കണക്കാക്കുന്നു. അതിനിടെ, സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ സിപിഎം-സിഐടിയു-സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കം വെളിച്ചത്ത് വന്നു. സി ഐ ടിയു ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ ആലപ്പുഴ ജില്ല സെക്രട്ടറി ഗീതാ ഭായിയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് പോകുന്നവരുടെ ലിസ്റ്റ് എടുക്കാനാണ് നിര്‍ദ്ദേശം. സമരക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
' സി ഐ ടി യു ഡിസി എന്ന നിലയില്‍ നല്ല ശക്തമായ ഇടപെടല്‍ താഴോട്ട് നടത്തിയിട്ടുണ്ട്. ആശ ഡിസി എന്ന രീതിയില്‍ നിങ്ങളുടെ ഒരു ഇടപെടല്‍ കൂടിയുണ്ടായാല്‍, ഈ പരിപാടിക്ക് ആരും പോകത്തില്ല. അതാണ്, നിങ്ങളാദ്യം മനസ്സിലാക്കേണ്ടത്. മനസ്സിലാക്കിക്കൊണ്ട് താഴേ തട്ടിലേക്ക് നന്നായിട്ട് ഇടപെടുക, എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരെയും വിളിച്ച് ആരും പോകരുതെന്ന് പറയുക.
പോകുന്നുണ്ടെങ്കില്‍, നാളെ പോയാല്‍ അവരുടെ ആരുടെയും തന്നെ ഓണറേറിയം അടിക്കുന്നതല്ല. അത് ഡിപിഎം( ഡിസ്ട്രിക്റ്റ് പ്രോഗ്രാം ഓഫീസര്‍) എന്നോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോകുന്നവരുടെ പ്രശ്‌നങ്ങളില്‍ നമ്മളാരും ഇടപെടത്തില്ല.'
സിപിഎം, സി ഐ ടി യു തലത്തില്‍ മാത്രമല്ല, സര്‍ക്കാര്‍ തലത്തിലും ആശാ സമരം പൊളിക്കാന്‍ നീക്കം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരെയും വിളിച്ച് ആരും പോകരുതെന്ന് പറയണമെന്ന നിര്‍ദ്ദേശം. സെക്രട്ടേറിയറ്റ് ഉപരോധത്തിന് പോകുന്ന ആശമാരുടെ ഓണറേറിയം തടഞ്ഞുവയ്ക്കുമെന്ന ഭീഷണിയും മുഴക്കുന്നു. ചുരുക്കത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ നഗ്നമായ ദുരുപയോഗമാണ് നടക്കുന്നത്.
അതിനിടെ, സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പേരില്‍ ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ 8 വകുപ്പുകള്‍ ചുമത്തിയിരിക്കുകയാണ്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു, വൈസ്പ്രസിഡന്റ് എസ്.മിനി തുടങ്ങിയവരും പ്രതികളാണ്.
കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയാണ് കേസ് എന്നു കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 10 നു സമരം തുടങ്ങിയ ശേഷം ഗതാഗത തടസ്സമുണ്ടാക്കിയതിന് കേസുകളെടുത്തിരുന്നു. ഇതിനു പുറമേയാണ് ഇന്നലെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഉപരോധ സമരം പൊലീസ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നു പ്രവര്‍ത്തകരെ തിരിച്ചറിയാനുള്ള നടപടികളും ആരംഭിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തിയ നീക്കവും ഒടുവില്‍ പൊളിഞ്ഞു. സമരത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പങ്കാളിത്തം കുറയ്ക്കാന്‍ തിങ്കളാഴ്ച പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണു നല്‍കിയിരുന്നത്. എല്ലാ ജില്ലകളിലുമായി 344 കേന്ദ്രങ്ങളിലായിരുന്നു പരിശീലനം. ഇതില്‍ 25,883 പേരാണു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 9654 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. തിരുവനന്തപുരം ജില്ലയില്‍ 2563 പേരാണു പങ്കെടുക്കേണ്ടിയിരുന്നത്. 47 കേന്ദ്രങ്ങളിലായി 1617 പേരാണു ഹാജരായത്.