ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു; കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന ആശങ്കയില്‍ ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു; പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെതു സമ്മര്‍ദം കൂട്ടി; സി.ജെ.റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം

Update: 2026-02-04 09:29 GMT

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ.റോയിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. അടുത്തിടെ റോയി പ്രഖ്യാപിച്ച ചില റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട് റോയി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്. 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നു തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി.

കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ നിക്ഷേപത്തില്‍ കേന്ദ്ര ഏജന്‍സികള്‍ എത്തുമോ എന്ന സംശയമുണ്ടായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണു നിഗമനം.

പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ നഗരത്തില്‍ തുടരുകയാണെന്നും സൂചനയുണ്ട്.

30ന് നടന്ന പരിശോധനയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെയാണു റോയിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്നു പറയാറായിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തിപരമായ പ്രശ്നങ്ങളെക്കുറിച്ച് അടക്കം അന്വേഷിക്കാനാണ് പോലീസ് സംഘത്തിന്റെ തീരുമാനം. കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസിലെത്തിയ സമയത്തെ സംബന്ധിച്ച് പോലും വൈരുദ്ധ്യമുണ്ട്. സുരക്ഷാ ജീവനക്കാരുടെ മൊഴി അനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കാണ് റോയി ഓഫീസിലെത്തിയത്. സഹപ്രവര്‍ത്തകന്‍ ടിജെ ജോസഫിന്റെ മൊഴിയില്‍ അത് മൂന്ന് മണിയാണ്. വെടിയൊച്ച കേട്ടില്ലെന്ന വാദത്തിലും അന്വേഷണം നടക്കുകയാണ്.

റോയിയുടെ ഡയറിയില്‍ നിന്ന് വ്യക്തിപരമായി എന്തോ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചന എസ്ഐടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡയറിയില്‍ കുടുംബത്തോട് മാപ്പ് ചോദിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കണം, ജീവനക്കാരെ കൂടെ നിര്‍ത്തണം, ബിസിനസ് ആരെ ഏല്‍പ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ആത്മഹത്യ നേരത്തേ തീരുമാനിച്ചിരുന്നുവെന്നുള്ള സൂചന ലഭിക്കുന്നുണ്ട്. റോയിയുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരന്‍ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്. എന്തെങ്കിലും സമ്മര്‍ദമുള്ളതായി റോയ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നില്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

അതിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണം നടന്ന മുറിയില്‍നിന്നല്ല ഡയറി കിട്ടിയത്. അതിനാല്‍ ഡയറിയിലെ കുറിപ്പുകള്‍ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. റോയിയുടെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരന്‍ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

കടുത്ത നടപടിയിലേക്കു നീങ്ങുകയാണെന്നു വ്യക്തമാക്കുന്ന കുറിപ്പുകളോടെ സി.ജെ. റോയിയുടെ ഡയറി പൊലീസ് കണ്ടെടുത്തിരുന്നു. നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്നു കുടുംബത്തോട് ആവശ്യപ്പെടുന്ന 9 പേജുള്ള കുറിപ്പില്‍ ഇടപാടുകളുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന നിര്‍ദേശങ്ങളുമുണ്ടായിരുന്നു. തന്നെ സ്നേഹിക്കുന്നവര്‍ പൊറുക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കമ്പനി ആസ്ഥാനത്തെ മുറിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ റോയിയുടെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിലാണു ഡയറി കണ്ടെത്തിയത്.

Tags:    

Similar News