'നായ്ക്കുരണപ്പൊടി ആണെന്ന് ആദ്യം അവര്‍ സമ്മതിച്ചില്ല; ടീച്ചറോട് കുറേ കള്ളം പറഞ്ഞു; മണിക്കൂറുകളോളം എനിക്ക് വസ്ത്രമില്ലാതെ നില്‍ക്കേണ്ടി വന്നു; കൂട്ടുകാര്‍ കളിയാക്കി ചിരിക്കുകയായിരുന്നു'; മാനസികമായി തകര്‍ന്ന് പെണ്‍കുട്ടി; അഞ്ച് വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ കേസ്

അഞ്ച് വിദ്യാര്‍ഥിനികള്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരേയും കേസ്

Update: 2025-03-02 08:40 GMT

കൊച്ചി: എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബിഎന്‍എസ് നിയമ പ്രകാരം സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്. എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. അതേ സമയം പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.തെങ്ങോട് ഗവ. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സഹപാഠികള്‍ നായ്കുരണ പൊടി എറിഞ്ഞത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും രണ്ട് അധ്യാപകര്‍ക്ക് എതിരെയുമാണ് വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞത്. നായ്കുരണ പൊടി എറിയുന്നതിന് മുന്‍പ് ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഡെസ്‌ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പരാതി ഉന്നയിച്ചു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് 3ന് കേസ് രജസിറ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിനാല്‍ ഈ കുട്ടികളുടെ മൊഴിയെടുക്കുന്നതും മറ്റ് നടപടി ക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിലും ആശങ്കയുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഈ പെണ്‍കുട്ടി. മോഡല്‍ എക്സാം പോലും കുട്ടിക്ക് എഴുതാനായില്ല. ഇതു ചെയ്ത വിദ്യാര്‍ഥിനികളുടെ പേരില്‍ സ്‌കൂള്‍ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിക്കാത്തത് പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി. മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായ പെണ്‍കുട്ടിയെ, ഹാജരില്ലെങ്കില്‍ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു. ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തില്‍ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരേ കാര്യമായ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നതെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.

കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയില്‍ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് പെണ്‍കുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്. നായ്ക്കുരുണപ്പൊടി ദേഹത്ത് വീണാലുള്ള അനുഭവം പണ്ടെത്തെ ആള്‍ക്കാര്‍ കേട്ടുള്ള പരിചയമേ ഒള്ളു, ഇപ്പോള്‍ അത് കണ്ടു. ദുഷ്ടന്മാരോട് പോലും ഈ ക്രൂരത പാടില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞത്.

ഒരു മാസത്തോളം പള്ളിക്കരയിലെ ഈ പത്താം ക്ലാസുകാരി അനുഭവിക്കുന്ന ദുരിതം കണ്ടാല്‍ ആരും അത് തന്നെ സാക്ഷ്യം വെക്കും. ശരീരത്ത് ചൊറിച്ചില്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ എന്താണ് ഇതെന്ന് ഞാന്‍ ചോദിച്ചു. പിന്നീട് വാഷ് റൂമിലേക്ക് ഓടിപ്പോയി. ഇവരോടെല്ലാം ഞാന്‍ പറഞ്ഞു സഹിക്കാന്‍ വയ്യ, ടീച്ചറോട് പറയണമെന്ന്. ആരും അറിയിച്ചില്ല. അടുത്ത ദിവസമായപ്പോഴേക്കും കാലുകള്‍ കൂട്ടി വെക്കാന്‍ പറ്റാത്ത അവസ്ഥയിലായി താനെന്ന് പെണ്‍കുട്ടി പറയുന്നു.

നായ്ക്കുരണപ്പൊടി പ്രയോഗത്തില്‍ വിദ്യാര്‍ഥിനിക്ക് ദുരിത ജീവിതമാണ് നയിക്കേണ്ടി വന്നിരിക്കുന്നത്. കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ബോര്‍ഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥിനി. സംഭവദിവസം നായ്ക്കുരണപ്പൊടി ദേഹത്ത് വീണ് ചൊറിച്ചില്‍ സഹിക്കാനാവാതെ ബാത്റൂമില്‍ നിന്ന് താന്‍ കരയുമ്പോള്‍ സഹപാഠികള്‍ പുറത്ത് നിന്ന് ചിരിക്കുകയായിരുന്നുവെന്ന് വേദനയോടെ ഓര്‍ത്തെടുക്കുകയാണ് പെണ്‍കുട്ടി. സ്വകാര്യ ഭാഗങ്ങളില്‍ വരെ ചൊറിച്ചിലും അസ്വസ്ഥതയും മൂലം കടുത്ത ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെയാണ് ഈ പെണ്‍കുട്ടി കടന്നു പോകുന്നത്.

കുട്ടിയുടെ വാക്കുകള്‍; 'ഐടിയുടെ എക്സാമിന് ശേഷം ഞാന്‍ ക്ലാസില്‍ വന്നു കിടക്കുകയായിരുന്നു. സഹപാഠി ബാഗില്‍ നിന്ന് നായ്കുരണം എടുത്ത് മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു ഇത് പുലര്‍ച്ചെ അഞ്ച് മണിക്ക് പോയി പറിച്ചതാണ്, ചൊറിയുന്ന സാധനം ആണെന്നൊക്കെ. ഇതും പറഞ്ഞ് ക്ലാസിലെ മറ്റൊരു കുട്ടിയുടെ മേലേക്ക് ഈ സാധനം ഇട്ടു. അയാളത് എടുത്തെറിഞ്ഞത് എന്റെ ദേഹത്തേക്ക് വീണു. അപ്പോള്‍ തന്നെ തട്ടിക്കളഞ്ഞതാണ് പക്ഷേ അതിന്റെ പൊടി എന്റെ മേലേക്ക് വീണു, ചൊറിയാന്‍ തുടങ്ങി. ഞാന്‍ നേരെ ബാത്റൂമിലേക്ക് പോയി കോട്ടെല്ലാം അഴിച്ചപ്പോഴേക്കും എല്ലാ പൊടിയും ദേഹത്തായി. ക്ലാസിലെ കുട്ടികളോട് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, ചൊറിയുന്നു എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ സോപ്പ് വാങ്ങി വരാം നീയൊന്ന് കുളിക്ക് ശരിയാകും എന്നാണ് അവര്‍ പറഞ്ഞത്. കുളിച്ച് കഴിഞ്ഞതും ചൊറിച്ചില്‍ സഹിക്കാനാവാതെ ആയി. അന്നേരം അവര്‍ പോയി എണ്ണ വാങ്ങി വന്നു. അപ്പോഴേക്കും ദേഹമാകെ ഇത് പടര്‍ന്നിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ വരെ സഹിക്കാനാവാത്ത ചൊറിച്ചില്‍ വന്നപ്പോള്‍ ഇവര്‍ ലാക്ടോ കലാമിന്‍ വാങ്ങാനായി പുറത്ത് പോയി. അന്നേരമാണ് ഹിന്ദി ടീച്ചര്‍ ഇവര്‍ പോകുന്നത് കാണുന്നത്.

എന്തിനാ ലാക്ടോ കലാമിന്‍ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എനിക്ക് പീരിയഡ്സിന്റെ ഭാഗമായി ചൊറിച്ചില്‍ ഉണ്ടെന്നാണ്. അന്നേരവും അവര്‍ ടീച്ചറോട് കാര്യങ്ങള്‍ പറഞ്ഞില്ല. പക്ഷേ ടീച്ചര്‍ എന്നെ കാണാന്‍ വന്നു. വാതില്‍ തുറക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ടീച്ചറേ ഇങ്ങനൊരു പൊടി മേത്ത് വീണു ഞാന്‍ വസ്ത്രം മാറി നില്‍ക്കാണ് ചൊറിച്ചില്‍ സഹിക്കാനാവുന്നില്ല എന്ന്. ടീച്ചര്‍ പുറത്ത് നില്‍ക്കുന്നവരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. നായ്ക്കുരണപ്പൊടി ആണെന്ന് ആദ്യം അവര്‍ സമ്മതിച്ചില്ല. കുറേ കള്ളം പറഞ്ഞു. ടീച്ചറാണ് അമ്മയെ വിളിച്ച് എനിക്കുള്ള ഡ്രസ് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത്. അമ്മ എത്തിയാണ് എന്നെ കാക്കനാട് പ്രൈമറി ഹെല്‍ത്ത് സെന്റില്‍ കൊണ്ടുപോകുന്നത് .. മണിക്കൂറുകളോളം എനിക്ക് വസ്ത്രമില്ലാതെ നില്‍ക്കേണ്ടി വന്നു, അന്നേരവും കൂട്ടുകാര്‍ പുറത്ത് നിന്ന് കളിയാക്കി ചിരിക്കുകയായിരുന്നു. അടിവസ്ത്രങ്ങള്‍ ധരിക്കാത്തോണ്ടാണ് അവിടെയൊക്കെ ചൊറിയുന്നതെന്ന് പറഞ്ഞായിരുന്നു കളിയാക്കിയിരുന്നത്. പരീക്ഷയ്ക്ക് പഠിക്കാന്‍ പോലും ഇപ്പോഴെനിക്ക് പറ്റുന്നില്ല'. പെണ്‍കുട്ടി പറയുന്നു.

മാനസികമായി തകര്‍ന്ന പെണ്‍കുട്ടിക്ക് കാവലായി ജോലിക്ക് പോലും പോകാനാവാതെ കൂട്ടിരിക്കുകയാണ് കുട്ടിയുടെ അമ്മ. ആന്തരികമായി ഇന്‍ഫക്ഷന്‍ ബാധിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു. 'കുട്ടികള്‍ കളിക്കാനായി ക്ലാസില്‍ കൊണ്ടുവന്നതാണ് നായ്ക്കുരണമെന്ന് പറയുന്നുണ്ടെങ്കിലും അത് അനുവദിച്ച് കൊടുക്കാന്‍ പാടില്ലാത്തതാണ്. മോള്‍ക്ക് രാത്രി ഉറങ്ങാനാവുന്നില്ല.അത്രയ്ക്ക് അസ്വസ്ഥതയാണ്. കാല് രണ്ടും കൂട്ടി വയ്ക്കാന്‍ പോലും പറ്റുന്നില്ല. സ്വകാര്യ ഭാഗങ്ങളില്‍ വരെ നായ്ക്കുരണത്തിന്റെ മുള്ള് കയറി'.- അമ്മ പറയുന്നു

Similar News