ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക്; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവ്; പ്രായം തളര്‍ത്താത്ത പേരാളി; പിറന്നാള്‍ നിറവില്‍ കേരളത്തിന്റെ വിപ്ലവ സൂര്യന്‍: വി.എസ് @101
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ മുന്‍ മുഖ്യമന്ത്രി കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന് ഇന്ന് 101 -ാം പിറന്നാള്‍. 5 വര്‍ഷത്തോളമായി പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടു നിന്ന് തിരുവനന്തപുരത്തെ ബാര്‍ട്ടന്‍ ഹില്ലിലുള്ള മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. പൊതുരംഗത്ത് നിന്ന് വിട്ടു നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരളം എന്നും നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ്. ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയായിരിക്കും പിറന്നാള്‍ കൊണ്ടാടുക. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറന്നാള്‍ ആഘോഷിക്കും.
1923 ഒക്ടോബര്‍ 20 ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാന്നദന്‍ തന്റെ ത്യാഗ പൂര്‍ണമായ ജീവിതത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുന്നില്‍ നിന്നു നയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വിനര്‍ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ വിഎസ് തിളങ്ങി നിന്നു.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ടീയത്തില്‍ പ്രവേശിച്ച വിഎസ് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1940 ല്‍ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയില്‍ അംഗമാകുന്നത്. 1946ല്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സില്‍ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. 1967 ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1980 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു. 1985ല്‍ പോളിറ്റ് ബ്യൂറോ അംഗമായി. 2006ല്‍ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു.
2019മുതല്‍ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. 4 വര്‍ഷം മുന്‍പ് ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. എന്നാല്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. രാവിലെ ഒരുമണിക്കൂറോളം പത്രം വായിച്ചു കേള്‍പ്പിക്കും. വൈകിട്ട് ടിവിയില്‍ വാര്‍ത്തയും കേള്‍ക്കും. ഡോക്ടറുടെ നിര്‍ദ്ദേശമുള്ളതിനാല്‍ സന്ദര്‍ശക വിലക്കുണ്ട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുകയെന്ന് മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.