ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിന് ഉപകാരസ്മരണ! ലോകായുക്തയോ ഉപലോകായുക്തയോ ആയവര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന പദവികള്‍ വഹിക്കരുതെന്ന് നിയമം; ഫീ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനായുള്ള ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം നിയമ വിരുദ്ധം; സര്‍ക്കാര്‍ 'പാരിതോഷികം' റദ്ദാക്കണമെന്ന് പരാതി

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിന് ഉപകാരസ്മരണ!

Update: 2025-09-13 13:26 GMT

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച വിരമിച്ച ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ പ്രൊഫഷണല്‍ കോഴ്‌സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനായി നിയമിച്ചത് ചോദ്യം ചെയ്യപ്പെടുന്നു. നിയമനം നിയമവിരുദ്ധമെന്നാണ് ആരോപണം. നിയമനം, ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി വിധി പറഞ്ഞതിനുള്ള പാരിതോഷികമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. കൂടാതെ, സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് പ്രവേശന മേല്‍നോട്ടസമിതി ചെയര്‍മാന്‍ സ്ഥാനവും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന് നല്‍കിയിട്ടുണ്ട്.

ലോകായുക്ത നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ലോകായുക്തയോ ഉപലോകായുക്തയോ ആയി സേവനമനുഷ്ഠിച്ചവര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്ന പദവികള്‍ വഹിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഈ നിയമനം ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.




 




മുഖ്യമന്ത്രി എതിര്‍കക്ഷിയായ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ്, ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്നംഗ ബഞ്ച്, പരാതിക്ക് സാധുതയുണ്ടെന്നും ലോകായുക്തക്ക് പരിഗണിക്കാവുന്നതാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, പുനഃപരിശോധനാ അധികാരമില്ലാത്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഉള്‍പ്പെടുത്തിയ പുതിയ ഫുള്‍ ബെഞ്ച്, പരാതിയുടെ സാധുത വീണ്ടും പരിശോധിച്ച് ഹര്‍ജി തള്ളുകയായിരുന്നു.

വിശദമായ വാദത്തിനൊടുവില്‍, ലോകയുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും വ്യത്യസ്ത നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ ഉള്‍പ്പെടുത്തി മൂന്ന് അംഗ ഫുള്‍ ബെഞ്ച് രൂപീകരിച്ചത്. ഈ ബഞ്ചാണ് പരാതിയുടെ സാധുത വീണ്ടും പരിശോധിച്ച് ഹര്‍ജി തള്ളിയത്. ഈ നടപടി മുഖ്യമന്ത്രിയെ സഹായിക്കുന്നതിനാണെന്ന് ആരോപണമുണ്ട്.

വിവാദങ്ങള്‍ക്കിടെ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ നിയമനം ചോദ്യം ചെയ്ത് നിയമപരമായി മുന്നോട്ട് പോകാനാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസില്‍ ലോകായുക്തയില്‍ ഹര്‍ജിക്കാരനുമായ ആര്‍.എസ്. ശശികുമാറിന്റെ തീരുമാനം. അടുത്തയിട അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബാംഗമാണ് ബാബു മാത്യു പി. ജോസഫ്.

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയാണ് ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ്. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.


ഫീ റെഗുലേറ്ററി, സൂപ്പര്‍വൈസറി കമ്മിറ്റികള്‍

റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനുള്ള മേല്‍നോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് അധ്യക്ഷനായുള്ള പ്രവേശന മേല്‍നോട്ട സമിതിയില്‍ അധ്യക്ഷന് പുറമെ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, പ്രവേശന പരീക്ഷ കമ്മീഷണര്‍, ഡോ. കെ.കെ. ദാമോദരന്‍ എന്നിവര്‍ അംഗങ്ങളുമാണ്.

ഫീ നിയന്ത്രണ സമിതിയില്‍ അധ്യക്ഷന് പുറമെ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയും വി. ഹരികൃഷ്ണന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ഡോ. സി. സതീശ്കുമാര്‍ എന്നിവര്‍ അംഗങ്ങളുമാണ്.സ്വാശ്രയ മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ കോളജ് പ്രവേശന മേല്‍നോട്ടവും ഫീസ് നിയന്ത്രണവുമാണ് സമിതികളുടെ ചുമതല.

Tags:    

Similar News