ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും; എന്തിനാണ് കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്? സിദ്ദിഖിന്റെ ഭാര്യയുടേത് പ്രസക്തമായ ചോദ്യങ്ങള്‍; ഹണി റോസിന് നല്‍കിയ നീതി ഷറഫുന്നീസയ്ക്ക് പോലീസ് നല്‍കുമോ?
തിരുവനന്തപുരം: ഹണി ഭാസ്‌കരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത പോലീസ് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാടി ടി സിദ്ദിഖ് എം എല്‍ എയുടെ ഭാര്യ ഷറഫുന്നീസ കൊടുത്ത പരാതിയില്‍ മൗനം കാട്ടുമോ? ഹണി റോസിന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. ഹണിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നെഴുതിയതിന് പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഹണി വ്യാപക സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തുടര്‍ന്ന് സൈബര്‍ ആക്രമണത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹണി പരാതി നല്‍കിയിരുന്നു. ഇതിന് സമാനമായ പരാതിയാണ് സിദ്ദിഖിന്റെ ഭാര്യയും നല്‍കിയത്.
സിദ്ദിഖ് എം എല്‍ എയുടെ ഭാര്യ ഷറഫുന്നീസ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.സിദ്ദിഖും ഭാര്യയും കുട്ടിയും രാഹുല്‍ മാങ്കൂട്ടത്തിലും ഇരിക്കുന്ന ചിത്രത്തെക്കുറിച്ച് മോശമായി പരാമര്‍ശം നടത്തിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയും ഷറഫുന്നീസ കുറിപ്പിട്ടിട്ടുണ്ട്. ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ? യോജിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ? ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല-ഇതായിരുന്നു ഷറഫുന്നീസയുടെ നിലപാട് വിശദീകരണം.
ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്.നിങ്ങളുടെ വനിതാ നേതാക്കള്‍ക്കെതിരെ ഇത്തരം പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി പി എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങള്‍ തന്നെയല്ലേ ശൈലജ ടീച്ചര്‍ക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവര്‍ത്തകനായ എന്റെ പങ്കാളിയെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാന്‍ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല...-ഇതായിരുന്നു അവരുടെ നിലപാട് വിശദീകരണം. സിദ്ദിഖിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് ഇനിയും കേസെടുത്തില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചതിന് ശേഷം ഹണി ഭാസ്‌കരന് നേരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടിയായിരുന്നു പരാതി. നിരവധി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ക്കെതിരെ വനിതാപ്രവര്‍ത്തകരുടെ പരാതികള്‍ ഗൗനിക്കാറില്ലെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. രാഹുലില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിട്ട എത്ര സ്ത്രീകളുണ്ടാകുമെന്നും അവര്‍ കുറിച്ചു. 'ജൂണില്‍ ശ്രീലങ്കന്‍ യാത്ര നടത്തവേ സമൂഹമാധ്യമത്തില്‍ എനിക്ക് രാഹുല്‍ മെസേജ് അയച്ചിരുന്നു. മറുപടി നല്‍കിയപ്പോള്‍ നിരന്തരം മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചു. ഈ മെസേജുകളെ ദുര്‍വ്യാഖ്യാനിച്ച് മറ്റു കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ അര്‍ഹരല്ല' ഹണി റോസ് വിശദീകരിച്ചത് ഇങ്ങനെയാണ്.
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക പറഞ്ഞത്, രാഹുലടക്കമുള്ള യൂത്ത് കോണ്‍ഗ്രസിലെ സകല പെര്‍വേര്‍ട്ടുകളെക്കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനുണ്ടെന്നാണ്. ആ സ്ത്രീ കൊടുത്ത പരാതി പോലും ഷാഫി ഗൗനിച്ചില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകയായതുകൊണ്ട് മാത്രം അവര്‍ എഴുതാതിരിക്കുന്നു. എത്ര ഗതി കെട്ടിട്ടാവും ഈ തെമ്മാടിക്കൂട്ടത്തെക്കുറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞത്' ഹണി ഭാസ്‌കരന്റെ കുറിപ്പില്‍ പറയുന്നുണ്ട്.