'ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തുന്ന സംഘടിത കൊലപാതകം'; ലൈംഗിക ചൂഷണത്തിനെതിരെ ആ ധീര വിദ്യാർത്ഥി ശബ്ദമുയർത്തിയിട്ടും നീതി ലഭിച്ചില്ല; രാജ്യം ആഗ്രഹിക്കുന്നത് മൗനമല്ല മറുപടി; ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ്

Update: 2025-07-15 12:51 GMT

ഭുവനേശ്വർ: ലൈംഗികാതിക്രമ പരാതിയിൽ നടപടി എടുക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ്. വകുപ്പുമേധാവിക്കെതിരേ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടപടി എടുക്കാതിരുന്നതിൽ മനംനൊന്ത് വിദ്യാർത്ഥിനി തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ രാജ്യം ആഗ്രഹിക്കുന്നത് പ്രധാന മന്ത്രിയുടെ മറുപടിയാണെന്നും മൗനമല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചത്. 95 ശതമാനം പൊള്ളലേറ്റ് ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20കാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ലൈംഗിക ചൂഷണത്തിനെതിരെ ആ ധീര വിദ്യാർത്ഥി ശബ്ദമുയർത്തി, പക്ഷേ നീതിക്ക് പകരം, അവളെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു കേന്ദ്ര സർക്കാരിനെ വിമർശിച്ച് കൊണ്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. സംരക്ഷിക്കേണ്ടവർ തന്നെ ആ പെൺകുട്ടിയെ അടിച്ചമർത്തി. ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തുന്ന സംഘടിത കൊലപാതകമാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ച ഒഡീഷയുടെ മകൾ ഈ ലോകം വിട്ടുപോയി എന്നായിരുന്നു സംഭവത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കമ്മ്യൂണിക്കേഷൻസിന്റെ ചുമതലയുള്ള ജയറാം രമേശ് പറഞ്ഞത്.

ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. 90% പൊള്ളലേറ്റ് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാര്‍ഥിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കിര്‍ മോഹന്‍ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. സാഹുവിനെയും കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് കുമാര്‍ ഘോഷിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തീകൊളുത്തിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠിയായ ആണ്‍കുട്ടിക്കും പൊള്ളലേറ്റിരുന്നു.

കോളജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പെണ്‍കുട്ടി ജൂണ്‍ 30ന് സമീര കുമാര്‍ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുകയും ഒരാഴ്ച മുന്‍പ് കോളജ് ക്യാംപസില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിനെ കണ്ട് മടങ്ങിയശേഷമായിരുന്നു ആത്മഹത്യാശ്രമം. പരാതി നല്‍കിയിട്ടും കോളജ് അധികൃതരോ പൊലീസോ നടപടിയെടുക്കാത്തതിനാല്‍ പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഉന്നതസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂലായ് ഒന്നിനാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥിനി, പ്രൊഫസർക്കെതിരേ പ്രിൻസിപ്പലിന് പരാതി നൽകിയത്. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കിൽ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാൽ, കോളേജ് അധികൃതർ നടപടിയെടുത്തില്ല. തുടർന്ന് ശനിയാഴ്ചയാണ് വിദ്യാർഥിനി പെട്രോളൊഴിച്ച് തീകൊളുത്തിയത്. രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ട് സഹപാഠികൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    

Similar News