പതിനാറ് മാസമായി പെന്‍ഷനില്ലാതെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍; കുടിശിക നല്‍കാന്‍ വേണ്ടത് 992 കോടിയോളം രൂപ; പത്തു പൈസ നല്‍കാനില്ലാതെ ക്ഷേമ ബോര്‍ഡ്; ദുരിതത്തിലായത് കിടപ്പു രോഗികള്‍ അടക്കമുള്ളവര്‍; തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളെ കഷ്ടത്തിലാക്കുമ്പോള്‍

പതിനാറ് മാസമായി പെന്‍ഷനില്ലാതെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍

Update: 2025-09-24 09:28 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യുന്നതിനിടയില്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ദുരിതം തുടരുന്നു. നാലു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് 16 മാസത്തെ പെന്‍ഷന്‍ കുടിശികയാണ് കിട്ടാനുള്ളത്. കുടിശിക തീര്‍ക്കാന്‍ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് ഏകദേശം 992 കോടി രൂപയോളം വേണ്ടിവരും. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 62 കോടി രൂപയാണ് ആവശ്യം. 16 മാസത്തെ കുടിശികയായ 992 കോടി രൂപ ഒരുമിച്ച് നല്‍കാന്‍ ബോര്‍ഡിന് നിലവില്‍ കഴിയില്ലെന്നതിനാല്‍ കുടിശിക വിതരണം നീളുമെന്ന് ഉറപ്പാണ്.

ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും വരുമാനം കുറഞ്ഞതുമാണ് പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്. പെന്‍ഷന്‍ മാത്രമല്ല, ബോര്‍ഡില്‍ നിന്നുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ബോര്‍ഡിന്റെ പ്രധാന വരുമാനം കെട്ടിട നിര്‍മാണത്തിന്മേലുള്ള ബില്‍ഡിംഗ് സെസാണ്. ഈ സെസ് പിരിക്കാനുള്ള ചുമതല തദ്ദേശ വകുപ്പിനാണ്. സെസ് പിരിവ് കാര്യക്ഷമമാക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 2024 ജനുവരി 16 മുതലും, പഞ്ചായത്തുകളില്‍ 2024 ഏപ്രില്‍ മുതലും സെസ് പിരിവ് ആരംഭിക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിന് ശേഷം പ്രതിമാസം 30 കോടി രൂപയായിരുന്ന സെസ് പിരിവ് 50 കോടിയായി വര്‍ധിച്ചു.

സെസ് പിരിവ് വര്‍ദ്ധിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ കുടിശികയും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്. ധനവകുപ്പ് പ്രത്യേക താല്‍പര്യമെടുത്താല്‍ മാത്രമേ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ കഴിയൂ. കഴിഞ്ഞ ഓണത്തിനും തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ തുക ലഭിച്ചിരുന്നില്ല. അംഗങ്ങള്‍ക്ക് 60 വയസാകുമ്പോഴാണ് പെന്‍ഷല്‍ കിട്ടുന്നത്. അംഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം,

മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പു രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം ഉള്‍പ്പെടെയുള്ളവയും കുടിശികയാണ്.

സംസ്ഥാനത്ത് അഞ്ചു വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാഗാന്ധി വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി വികലാംഗ (മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള) പെന്‍ഷന്‍, ഇന്ദിരാഗാന്ധി വിധവ പെന്‍ഷന്‍ എന്നിവയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍െ്റ ഭാഗമായുള്ളത്. ഇതില്‍ ആദ്യത്തെ രണ്ടു വിഭാഗവും കേരളം പ്രഖ്യാപിച്ച് നടപ്പിലാക്കിയതാണ്.

മറ്റുള്ളവയുടെ മൊത്തം തുകയുടെ നിശ്ചിത ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനം 700 രൂപ മുതല്‍ 1300 രൂപവരെ ചെലവഴിക്കുമ്പോള്‍ കേന്ദ്രം 200 രൂപ മുതല്‍ 500 രൂപ വരെയാണ് നല്‍കുന്നത്. പ്രായപരിധി, ഭിന്നശേഷിപരിധി എന്നിവയൊക്കെ മാനദണ്ഡമാക്കിയാണ് കേന്ദ്രവിഹിതം നിശ്ചയിക്കുന്നത്.

Tags:    

Similar News