13 ലക്ഷം മുടക്കി സ്ഥാപിച്ച സോളാര്‍ പ്ലാന്റ് വാറന്റി കാലയളവില്‍ തകരാറിലായി; കമ്പനിയെ വിവരം അറിയിച്ചപ്പോള്‍ മാറ്റിനല്‍കിയില്ല; വാറന്റി കാലഹരണപ്പെട്ടുവെന്ന് കാണിച്ചു തകരാര്‍ മാറ്റാന്‍ പണം ആവശ്യപ്പെട്ടു; സോളാര്‍ പ്ലാന്റ് മാറ്റി നല്‍കിയതുമില്ല; 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
13 ലക്ഷം മുടക്കി സ്ഥാപിച്ച സോളാര്‍ പ്ലാന്റ് വാറന്റി കാലയളവില്‍ തകരാറിലായി
കൊച്ചി: വാറന്റി കാലവിനുള്ളില്‍ തകരാറിലായ സോളാര്‍ പ്ലാന്റ് ശരിയാക്കി നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. എറണാകുളം,തേവരയിലെ വിദ്യോദയ സ്‌കൂളിന്റെ പരാതിയിലാണ് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗര നാച്ചുറല്‍ എനര്‍ജി സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തിന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നടപടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
2018-ല്‍ ഈ സ്ഥാപനത്തില്‍ നിന്നും സ്‌കൂളില്‍ 13,36,677 രൂപ നല്‍കി, 30 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്ലാന്റ് കമ്മീഷന്‍ ചെയ്ത 2018 ഒക്ടോബര്‍ മുതല്‍ അഞ്ച് വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കിയിരുന്നു. എന്നാല്‍, വാറന്റി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 2023 ഒക്ടോബര്‍ മാസത്തില്‍ പ്ലാന്റിന്റെ ഇന്‍വെര്‍ട്ടര്‍ തകരാറിലായി. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ വിവരം കമ്പനിയെ അറിയിക്കുകയും ചെയ്തു. കമ്പനിയുടെ ടെക്‌നീഷ്യന്‍മാര്‍ തകരാര്‍ സ്ഥിരീകരിച്ചെങ്കിലും ഇന്‍വെര്‍ട്ടര്‍ നന്നാക്കുകയോ മാറ്റി നല്‍കുകയോ ചെയ്തില്ല. പിന്നീട്, നിരന്തരമായ ശ്രമങ്ങളെത്തുടര്‍ന്ന്, കമ്പനി ഇന്‍വെര്‍ട്ടര്‍ കൊണ്ടുപോയെങ്കിലും, വാറന്റി കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ശരിയാക്കുന്നതിന് അന്യായമായി പണം ആവശ്യപ്പെടുകയായിരുന്നു.
കമ്പനി തങ്ങളുടെ വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും കോടതി കണ്ടെത്തി. 'സമൂഹത്തിന് സേവനം നല്‍കുന്ന ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ഇത്തരമൊരു ദുരനുഭവം ഉണ്ടായത് അത്യന്തം ഖേദകരമാണ്. സേവന ദാതാവിന്റെ നിരുത്തരവാദപരമായ സമീപനം കാരണം വിദ്യാഭ്യാസ സ്ഥാപനത്തിന് ഏറെ നാള്‍ ബുദ്ധിമുട്ടേണ്ടി വന്നു എതിര്‍കക്ഷികള്‍ കരാര്‍ ലംഘിക്കുക മാത്രമല്ല, ഉപഭോക്താവിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ അവഗണിക്കുകയും ചെയ്തു എന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
സേവനത്തിലെ വീഴ്ച, ആധാര്‍മിക വ്യാപാര രീതി, ഉപഭോക്താവിനുണ്ടായ മാനസികാഘാതം, സാമ്പത്തിക നഷ്ടം എന്നിവ പരിഗണിച്ച്, പരാതിക്കാരായ സ്‌കൂളിന് 2,50,000/ രൂപ നഷ്ടപരിഹാവും കൂടാതെ, കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജിയോ പോള്‍ കോടതിയില്‍ ഹാജരായി.