വില കൂടിയാലും, വിറ്റില്ലെങ്കിലും വന്‍തുക നല്‍കി വാങ്ങണം; കമ്മീഷനു വേണ്ടി കൂടിയ തുക നല്‍കി വാങ്ങി സംഭരിക്കാന്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം; കാലാവധി കഴിഞ്ഞ വില്‍ക്കാത്ത സാധനങ്ങള്‍ കുഴികുത്തി മൂടി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍

കാലാവധി കഴിഞ്ഞ വില്‍ക്കാത്ത സാധനങ്ങള്‍ കുഴികുത്തി മൂടി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍

Update: 2025-09-10 05:48 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പനയില്ലാത്ത പലവ്യഞ്ജന സാധനങ്ങള്‍ കമ്മീഷനു വേണ്ടി വാങ്ങിക്കൂട്ടാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതുമൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി ഔട്ട്ലെറ്റുകള്‍. സബ്സിഡിയില്ലാത്ത സാധനങ്ങള്‍ പുറത്തുള്ള വിപണിവിലയേക്കാള്‍ കൂടുതല്‍ നല്‍കി വാങ്ങാനാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. വന്‍തുക നല്‍കി വാങ്ങുന്ന സാധനങ്ങള്‍ കേടാകുന്നതിനെത്തുടര്‍ന്ന് ഔട്ട്ലെറ്റ് ജീവനക്കാര്‍ കുഴിച്ചുമൂടുന്നു. ഓണം വിപണി ലക്ഷ്യമിട്ട് വാങ്ങിക്കൂട്ടിയ നിരവധി സാധനങ്ങള്‍ ഔട്ട്ലെറ്റുകളില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നതായും ജീവനക്കാര്‍.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആയിരത്തോളം കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളുണ്ട്്. ഉത്സവകാലങ്ങളില്‍ കൃത്രിമ വിലക്കയറ്റം തടയുന്നതിനും അവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് വിപണിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുും ഔട്ട്ലെറ്റുകളില്‍ വിപണനമേളകള്‍ നടത്താറുണ്ട്. അരി, വെളിച്ചെണ്ണ, മുളക്, മല്ലി, വിവിധയിനം പയര്‍ ഉത്പന്നങ്ങള്‍ തുടങ്ങി 13 ഇനം പലവ്യഞ്ജന സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ജില്ലാ കേന്ദ്രത്തില്‍ ഒരു ദിവസം പരമാവധി 150 ആളുകള്‍ക്കും മറ്റു കേന്ദ്രങ്ങളില്‍ ഒരു ദിവസം പരമാവധി 75 ആളുകള്‍ക്കും മാത്രമേ സബ്സിഡി ഇനങ്ങള്‍ നല്‍കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. ഇതില്‍ ചില സബ്സിഡി സാധനങ്ങള്‍ക്കു പുറമേ മറ്റു ചിലവയും കൂടുതലായി സംഭരിക്കാന്‍ ഡയറക്ടറേറ്റില്‍ നിന്നും അനൗദ്യോഗികമായി നിര്‍ദ്ദേശിക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

കിലോക്ക് 65 രൂപ നിരക്കില്‍ വന്‍തോതില്‍ ശര്‍ക്കര വാങ്ങിക്കൂട്ടാന്‍ നിര്‍ദ്ദേശമെത്താറുണ്ട്. പുറത്ത് വിപണിയില്‍ അതിലും കുറഞ്ഞവിലയില്‍ നല്ല ശര്‍ക്കര ലഭിക്കുമെന്നതിനാല്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ കെട്ടിക്കിടക്കുന്ന ശര്‍ക്കര കാലാവധി കഴിയുമ്പോള്‍ കുഴിച്ചു മൂടാതെ നിവൃത്തിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കടുക്, നെയ്യ്, ജീരകം എന്നിങ്ങനെ മറ്റുചില സാധനങ്ങളുടെയും കാര്യം വ്യത്യസ്തമല്ല. വില കൂടുതലാണെന്നും വില്‍പ്പന കുറവാണെന്നും അഭിപ്രായപ്പെട്ടാലും കാര്യമില്ലെന്നും അച്ചടക്ക നടപടിയെടുക്കുമെന്ന ഭയത്തെത്തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ട അവസ്ഥയിലാണെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ വില്‍പ്പനയുള്ള സാധനങ്ങളുടെ വിപണി വിലകൂടി ആധാരമാക്കി പ്രത്യേക പട്ടികയുണ്ടാക്കി പര്‍ച്ചേസ് നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വിതരണം ചെയ്യുന്ന കമ്പനിയുടെ ഗുണമേന്‍മ കൂടി അടിസ്ഥാനമാക്കിയാകണം ഓര്‍ഡര്‍ നല്‍കേണ്ടത്. ചില മേഖലകളില്‍ കൂടുതല്‍ വില്‍പ്പനയുള്ള സാധനങ്ങള്‍ കുടുതലായി സംഭരിക്കേണ്ടതുണ്ട്. അതിനായി ഔട്ട്ലെറ്റുകളുടെ അഭിപ്രായത്തിന് മുന്‍ഗണന നല്‍കണമെന്നും ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു. ചില സാധനങ്ങള്‍ വടക്കന്‍ ജില്ലകളിലെ സഹകരണ സംഘങ്ങളുടെ പേരിലാണ് വിതരണം ചെയ്യുന്നത്. അവ കടലാസ് സംഘങ്ങളാണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags:    

Similar News