താന്‍ അനുകൂല ബഞ്ചില്‍ ഹര്‍ജി നല്‍കി അനുകൂല വിധി സമ്പാദിച്ചെന്നും അത് ഫോറം ഷോപ്പിങ്ങാണെന്നും ഹൈക്കോടതി ജഡ്ജിയെ ആക്ഷേപിച്ചു; കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയച്ചത് കോടതിയലക്ഷ്യം; കേസെടുക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; ആരോപണം സത്യവിരുദ്ധമെന്നും പരാതിയില്‍

കെ. എം എബ്രഹാമിനെതിരെ കോടതിയലക്ഷ്യ കേസെടുക്കുന്നതിന് പരാതി

Update: 2025-08-02 14:54 GMT

കൊച്ചി : മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എം എബ്രഹാമിനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുക്കുന്നതിനു വേണ്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

കെ എം എബ്രഹാം വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെ ക്കുറിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് സി ബി ഐ അന്വേഷിക്കുവാന്‍ ഹൈക്കോടതി കഴിഞ്ഞ ഏപ്രില്‍ പതിനൊന്നിന് ഉത്തരവിട്ടിരുന്നു. അനുകൂലബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്ത് ആ ബെഞ്ചില്‍ നിന്ന് തന്നെ ഉത്തരവ് വാങ്ങിച്ചെന്നും, അത് ഫോറം ഷോപ്പിങ്ങാണെന്നും വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ ആക്ഷേപിച്ചു കൊണ്ട് കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിന് കത്ത് നല്‍കിയിരുന്നു. ഈ പ്രവര്‍ത്തി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ ഹര്‍ജിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ പരാതി നല്‍കിയത്.

ഫോറം ഷോപ്പിങ് ആരോപണം സത്യവിരുദ്ധം

കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് 2018 ഫെബ്രുവരി 28 നാണ്. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ബാബു ആ സമയത്തു ജില്ലാ ജഡ്ജിയായിരുന്നു. പിന്നീട് 2021 ഫെബ്രുവരി 25 നാണ് ജസ്റ്റിസ് കെ ബാബു ഹൈക്കോടതി ജഡ്ജിയാവുന്നത്. ആ വസ്തുത നിലനില്‍ക്കേ അനുകൂലബെഞ്ചില്‍ ഹര്‍ജി കൊടുത്ത് അതേ ബെഞ്ചില്‍ നിന്ന് തന്നെ അനുകൂല വിധി വാങ്ങിച്ചുവെന്ന കെ എം എബ്രഹാമിന്റെ ആരോപണം സത്യവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതിയില്ലാതെ, ഹൈക്കോടതി ജസ്റ്റിസിന്റെ അഡ് മിനിസ്‌ട്രേഷന്‍ സൈഡില്‍ റൂള്‍ 7 പ്രകാരം പരാതി നല്‍കിയാല്‍, ആ പരാതി പരിഗണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരഭിക്കാവുന്നതാണ്. 2010 ഒക്ടോബര്‍ 12 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് കെ എം ജോസഫ് , ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ എം വി ജയരാജിനെതിരെയുള്ള കോടതിയലക്ഷ്യ കേസിലെ സുപ്രധാന വിധി ചൂണ്ടിക്കാട്ടിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞത്

2018 ലാണ് താന്‍ ഹര്‍ജി കൊടുത്തത്. 7 ജഡ്ജിമാര്‍ വാദം കേട്ട കേസാണ്. അധികാരം ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ എബ്രഹാം ശ്രമം നടത്തി. നിയമപരമായി അദ്ദേഹത്തിന് രക്ഷപ്പെടാന്‍ ആകില്ലെന്നും ജോമോന്‍ പറഞ്ഞു. മനഃപൂര്‍വ്വം പരാതിക്കാരനെയും കോടതിയെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ കെ എം എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നും. വരവില്‍ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

Tags:    

Similar News