ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ വിവാദ ഉത്തരവ്: വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാതി നല്‍കിയ അബ്ദുല്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കാനും മന്ത്രി ശിവന്‍കുട്ടിയുടെ നിര്‍ദേശം

വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Update: 2025-04-24 15:13 GMT

തിരുവനന്തപുരം: മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവില്‍ നടപടി. ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ വിവാദ ഉത്തരവില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം നടപടി കൈക്കൊണ്ടിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ., ജൂനിയര്‍ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ.കെ. എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

22-ാം തീയതിയാണ് അരീക്കോട് എഇഒ വിവാദമായ കത്ത് അയയ്ക്കുന്നത്. ആദായ നികുതിയുടെ കണക്കുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട അധ്യാപകരുടെ പട്ടികയാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വിവരാവകാശവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു എഇഒയുടെ നടപടി.

തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് എഇഒയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന തരത്തിലാണ് സംഭവം വിവാദമായത്. വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല എന്നതും നിര്‍ണായകമായി. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

2024 നവംബര്‍ 23-ന് കോഴിക്കോട് സ്വദേശി അബ്ദുല്‍ കലാം കെ. എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഒരു കത്ത് നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 'സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്സ് നിയമങ്ങള്‍, രാജ്യത്തെ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ നിയമങ്ങളും, സര്‍ക്കാര്‍ ചട്ടങ്ങളും കാറ്റില്‍ പറത്തി ഒരു രൂപ പോലും സര്‍ക്കാരിലേക്ക്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഇന്‍കം ടാക്സ് അടയ്ക്കാതെ മുങ്ങി നടക്കുന്നു,' എന്ന തരത്തിലുള്ള പരാതിയാണ് കത്തില്‍ പരാമര്‍ശിച്ചിരുന്നത്.

പ്രസ്തുത പരാതിയിന്മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 2025 ഫെബ്രുവരി 13 ന് ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശത്തിന് പിന്നാലെ 2025 ഫെബ്രുവരി മാസം 20 ന് മേല്‍പ്പടി പരാതിയിന്മേല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും തുടര്‍ നിര്‍ദ്ദേശം ലഭിക്കുന്നതു വരെ ഈ വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് രണ്ടാമതൊരു നിര്‍ദ്ദേശവും നല്‍കുകയുണ്ടായതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

എന്നാല്‍ 2025 ഫെബ്രുവരി 13 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് അയച്ച ആദ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടാക്കി 5 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് 2025 മാര്‍ച്ച് 4 ന്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുകയുണ്ടായി.

ഇതിനു പിന്നാലെ 2025 ഏപ്രില്‍ 22 ന് മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും 2025 ഏപ്രില്‍ 20 ന് ഡി.ഡി. ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം എന്ന സൂചന ചൂണ്ടിക്കാട്ടി ''ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി 2 ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്'' എന്ന നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഈ വിഷയങ്ങള്‍ ഒക്കെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും പരിശോധിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 2025 ഫെബ്രുവരി 13 ന് ഇറക്കിയിട്ടുള്ള നിര്‍ദ്ദേശം റദ്ദു ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്യ

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇത് സംബന്ധിച്ച് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സമൂഹത്തില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഒരു പരാതിയുമായി മുന്നോട്ടു വന്ന അബ്ദുല്‍ കലാം.കെ. യ്ക്ക് എതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഏതായാലും വിചിത്രവും അപകടകരവുമായ ഉത്തരവ് പുറത്തുവന്നതോട ഉത്തരവ് നേരത്തെ റദ്ദാക്കിയിരുന്നു.

Tags:    

Similar News