അഞ്ചല്‍ ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ അധിക നഷ്ടപരിഹാര തുക നല്‍കിയില്ല; ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാതെ വൈകിപ്പിച്ച സര്‍ക്കാരിന് തിരിച്ചടി; കൊട്ടാരക്കര തഹസില്‍ദാരുടെ ജീപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ കാറും ജപ്തി ചെയ്ത് കൊട്ടാരക്കര സബ് കോടതി

കൊട്ടാരക്കര തഹസില്‍ദാരുടെ ജീപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ കാറും ജപ്തി ചെയ്ത് കോടതി

Update: 2025-08-03 07:45 GMT

കൊട്ടാരക്കര: ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാതെ വൈകിപ്പിച്ച സര്‍ക്കാരിന് തിരിച്ചടി. അഞ്ചല്‍ ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ അധിക നഷ്ടപരിഹാര തുക നല്‍കാത്തതിനെ ചൊല്ലിയായിരുന്നു കേസ്. തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതോടെ വസ്തു ഉടമ നല്‍കിയ ഹര്‍ജിയില്‍ കൊട്ടാരക്കര തഹസില്‍ദാരുടെ ജീപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ കാറും കൊട്ടാരക്കര സബ് കോടതി ജപ്തി ചെയ്തു.

അഞ്ചല്‍ പനയഞ്ചേരി ഗീതഭവനില്‍ ഗിരീഷ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. അഞ്ചല്‍ ബൈപാസിന് വേണ്ടി 2012ലാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ആദ്യം സര്‍ക്കാര്‍ അനുവദിച്ച തുക കുറവായിരുന്നു. ഇത് കൈപ്പറ്റിയ ശേഷമാണ് കൂടുതല്‍ നഷ്ടപരിഹാരത്തിന് കൊട്ടാരക്കര സബ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

സബ് കോടതി ഒരു ആറിന് 221782 രൂപയാണ് കൂടുതല്‍ നഷ്ടപരിഹാരമായി വിധിച്ചത്. വിധി തുക കൂടുതലാണെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കേസില്‍ സ്റ്റേ സമ്പാദിച്ചു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എല്ലാ അപ്പീല്‍ കേസുകളും സബ് കോടതി വിധിയും അംഗീകരിച്ചു. അതിനുപുറമേ ഒരു ആറിന് 320000 രൂപയായി വര്‍ധിപ്പിച്ച് എല്ലാ കേസുകളും തള്ളി. ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാത്തതിനാല്‍ പരാതിക്കാരന്‍ സബ് കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.

പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ അറ്റാച്ച്‌മെന്റ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. ലാന്‍ഡ് അക്വിസിഷന്‍ ഒന്ന് - സിവില്‍ സ്റ്റേഷന്‍ കൊല്ലം സ്‌പെഷല്‍ തഹസില്‍ദാര്‍ തുക കോടതിയില്‍ കെട്ടി വയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ജപ്തി നടപടി. വസ്തു ഉടമസ്ഥനായ ഗിരീഷിന് വേണ്ടി അഭിഭാഷകരായ കുന്നത്തൂര്‍ സി.ഗോപാലകൃഷ്ണപിള്ളയും സി.ബി. ഗോപകുമാറും നല്‍കിയ ഹര്‍ജിയിലാണ് സബ് കോടതി നടപടി. ജപ്തി ചെയ്ത രണ്ട് വാഹനങ്ങളും കൊട്ടാരക്കര കോടതി വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News