തൃശൂര്‍ പൂരം കലക്കലില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐ; എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹം; അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജനയുഗം മുഖപ്രസംഗം

തൃശൂര്‍ പൂരം കലക്കലില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐ

Update: 2024-09-24 02:50 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് സിപിഐ. എഡിജിപിക്കെതിരെ വിമര്‍ശനം കടുപ്പിച്ചു കൊണ്ടാണ് സിപിഐ രംഗത്തുവന്നത്. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന് തലക്കെട്ടില്‍ സിപിഐയുടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്‌ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തൃശൂര്‍ പൂരത്തിന്റെ ചുമതല മുഴുവന്‍ ജൂനിയറായ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് ശരിയല്ല.പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്ന കണ്ടെത്തലാണ് എഡിജിപി തന്നെ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

റവന്യു മന്ത്രിയുടെ പോലും യാത്രാ സൗകര്യം നിഷേധിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് വഴിയൊരുങ്ങി. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണ്. അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അടക്കം ദുരൂഹതയുണ്ട്.അട്ടിമറിയും ഗൂഢാലോചനയും ഇല്ലെങ്കമല്‍ വസ്തു നിഷ്ഠമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിലെത്തും. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ചില നിര്‍ദേശങ്ങളോടെയാണ് കൈമാറിയത്. ഡി.ജി.പിയുടെ നിര്‍ദേശങ്ങളും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ഇന്ന് പരിശോധിക്കും. ആയിരത്തി മുന്നൂറോളം പേജുള്ള റിപ്പോര്‍ട്ടില്‍ പൂര ദിവസത്തെ ചിത്രങ്ങളും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുമടക്കം ഒട്ടേറെ തെളിവുകളും ഇരുപതിലധികം പേരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. പൂരം മുടങ്ങിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സി.പി.ഐയുെട വാദം. പൂരം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെന്നാണ് ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് കാണാതെയാണ് തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുമോയെന്നതിലും ആകാംക്ഷ തുടരുകയാണ്.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐജിക്കും ഡിഐജിക്കും ക്ലീന്‍ ചിറ്റെന്നാിയരുന്നു വാര്‍ത്തകകള്‍. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, ഈ വാര്‍ത്ത തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി.

Tags:    

Similar News