സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെതിരെ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ ആശങ്ക അറിയിച്ചു; കൂടുതല്‍ പഠനം വേണ്ടേ എന്ന് മന്ത്രി പി പ്രസാദ്; ആശങ്ക അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം; ഉന്നത വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു
സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെതിരെ സിപിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുതി നല്‍കാനുള്ള ബില്ലില്‍ എതിര്‍പ്പും ആശങ്കയും അറയിച്ചു സിപിഐ രംഗത്ത്. ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയും പഠനവും ആവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ പി പ്രസാദ് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ സര്‍വ്വകലാശാല വന്നാല്‍ പ്രതിഷേധിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി.
പഴയ എതിര്‍പ്പുകളെല്ലാം മാറ്റിവെച്ചാണ് സിപിഎം സ്വകാര്യ സര്‍വ്വകലാശാലക്ക് പച്ചക്കൊടി നല്‍കാന്‍ തീരുമാനിച്ചത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് എത്തിയപ്പോഴാണ് സിപിഐ ആശങ്ക ഉയര്‍ത്തിയത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് പി പ്രസാദ് കൂടുതല്‍ പഠനവും ചര്‍ച്ചയും ആവശ്യപ്പെട്ടത്. സര്‍വ്വകലാശാലകളുടെ ഘടനയില്‍ ചില സാങ്കേതിക പ്രശ്‌നം ആരോഗ്യമന്ത്രിയും ഉയര്‍ത്തി. എറണാകുളം സമ്മേളനത്തിലാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പിന്നീട് എല്‍ഡിഎഫും ചര്‍ച്ച ചെയ്തു. മുന്നണി യോഗത്തില്‍ ആര്‍ജെഡി നേരത്തെ എതിര്‍പ്പുന്നയിച്ചതുമാണ്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്ന നിലക്കാണ് സിപിഎം സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നത്. എന്നാല്‍ ഫീസില്‍ സര്‍ക്കാറിന് നിയന്ത്രണമുണ്ടാകില്ല. സാമൂഹ്യനീതി ഉറപ്പാകുമോ എന്നതിലടക്കമാണ് സിപിഐയുടെ ആശങ്ക.
യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് സ്വകാര്യ സര്‍വ്വകലാശാല ചര്‍ച്ചക്കെതിരായ സമരത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസന്റെ മുഖത്ത് എസ്എഫ്‌ഐ അടിച്ചതോര്‍മ്മിപ്പിച്ചാണ് പ്രതിപക്ഷ പരിഹാസം. ഡല്‍ഹിയിലെ ഡോ. ബി.ആര്‍. അബേംദ്കര്‍ സര്‍വകലാശാല മുന്‍ വിസി ശ്യാം ബി. മേനോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയാറാക്കിയിരിക്കുന്നത്. ടൗണ്‍ഷിപ് മാതൃകയില്‍ കോളജുകള്‍, വിദ്യാര്‍ഥികള്‍ക്കു താമസിക്കാനുള്ള റസിഡന്‍ഷ്യല്‍ ക്യാംപസ്, ഷോപ്പിങ് മാളുകള്‍, സെമിനാറിനുള്ള വേദികള്‍ എന്നിവ ഉള്‍പ്പെടെയാണു സര്‍വകലാശാലകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
സ്വകാര്യ സര്‍വകലാശാല അനുവദിക്കാന്‍ സിപിഎം നയപരമായ തീരുമാനമെടുത്തതിനു പിന്നാലെയാണ് ബില്‍ തയാറാക്കിയത്. സംസ്ഥാനത്ത് ആരോഗ്യം, സാങ്കേതികം, നിയമം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനുള്ള താല്‍പര്യവുമായി ഇരുപതിലേറെ മാനേജ്മെന്റുകളാണ് രംഗത്തുള്ളത്. മണിപ്പാല്‍, സിംബയോസിസ്, അമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും കേരളത്തില്‍ സര്‍വകലാശാല ആരംഭിക്കാന്‍ ആലോചിക്കുന്നതായാണു വിവരം.