പോലീസ് ഇങ്ങനെ പോയാല്‍ ഇടതുപക്ഷ മുന്നണി എങ്ങനെ മുന്‍പോട്ടു പോകും? അമേരിക്ക വെനസ്വേലയില്‍ കയറി കളിച്ചതുപോലെയാണോ ഇതും? പിണറായി ഭരിക്കുന്ന പൊലിസിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ്
പോലീസ് ഇങ്ങനെ പോയാല്‍ ഇടതുപക്ഷ മുന്നണി എങ്ങനെ മുന്‍പോട്ടു പോകും?
കണ്ണൂര്‍: തളിപ്പറമ്പില്‍ സി.പി.എമ്മും പൊലിസും റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹിയും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ കോമത്ത് മുരളീധരനെ യും റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളെയും പുതുവത്സരാഘോഷം നടത്തിയതിന്റെ മറവില്‍ കള്ള കേസെടുത്ത് വേട്ടയാടുന്നുവെന്ന് ആരോപിച്ചു മാന്തം കുണ്ട് റസിഡന്റ് സ് അസോസിയേഷന്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. നൂറ് കണക്കിനാളുകള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
പിണറായി ഭരിക്കുന്ന പൊലിസിനെതിരെയാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലിസ് നയം ഇതല്ലെന്നും സാധാരണ മനുഷ്യര്‍ക്ക് നീതി നിഷേധിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി. അജയകുമാര്‍ പറഞ്ഞു. പുതുവത്സരാഘോഷം നടത്തിയ റസിഡന്റ് സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുക വഴി 3000 പേരെയാണ് പൊലിസ് വെറുപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും കക്ഷിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയല്ല നീതി നടപ്പാക്കുകയാണ് പൊലിസ് ചെയ്യെണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ പോയാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്ങനെയാണ് മുന്‍പോട്ടു പോവുക ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നീതി നടപ്പിലാക്കുന്ന സേനയാണ് കേരളത്തിലേത്. അമേരിക്കയില്‍ ട്രംപിന്റെ പൊലിസ് വെനിസ്വലയില്‍ കയറി അവിടുത്തെ പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടിയ വാര്‍ത്തകള്‍ നമ്മള്‍ എല്ലാവരും പത്രങ്ങളില്‍ വായിച്ചതാണ്. അതുപോലെ പ്രവര്‍ത്തിക്കാനാണ് ഭാവമെങ്കില്‍ അതിവിടെ നടപ്പിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ 10.30 ന് ഹൈ വെമസ്ജിദ് പള്ളിക്ക് സമീപത്തും നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ മുന്‍പിലെത്തിയപ്പോള്‍ സി.ഐ പി. ബാബു മോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഗേറ്റ് അടച്ച് തടഞ്ഞു.
മാന്തം കുണ്ട് റസിഡന്റ് സ് അസോസിയേഷന്റെ പുതുവത്സര പരിപാടിക്കിടെ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും റസിഡന്റ് അസോ. പ്രവര്‍ത്തകരുമായ കോമത്ത് മുരളീധരന്‍, വിജേഷ്, കെ.ബിജു. എന്നിവരുടെ പേരില്‍ കള്ള കഥയുണ്ടാക്കി മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് സി.പി.എമ്മിനെ തൃപ്തിപ്പെടുത്താനാണെന്ന് ആരോപിച്ചാണ് മാന്തം കുണ്ട് റസിഡന്റ് സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ ധര്‍ണയില്‍
സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗവും റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയുമായ കോമത്ത് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്കുനി, കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം, മുസ്ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.അഷറഫ്, എം.വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു. മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.
സി.പി.എം ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുത്തു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരനെ ഡിസംബര്‍ 31 ന് പട്ടാപ്പകല്‍ വീടിന് സമീപം പരുങ്ങിനിന്നു എന്നാരോപിച്ച് പ്രഥമ മുന്‍ കരുതല്‍ അറസ്റ്റ് കാണിക്കുകയും തൊട്ടടുത്ത ദിവസം പുലര്‍ച്ചെ പോലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് വീണ്ടും കേസെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.
2021ലാണ് തളിപ്പറമ്പ് നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ കോമത്ത് മുരളീധരന്‍ അന്‍പതോളം പ്രവര്‍ത്തകരുമായി സി.പി.ഐയില്‍ ചേര്‍ന്നത്. നേതൃത്വം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കോമത്തും സംഘവും പാര്‍ട്ടി മാറിയത്. ഇതേ തുടര്‍ന്ന് മാന്തം കുണ്ടിലും കീഴാറ്റൂരും സി.പി.ഐ-സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു. പാര്‍ട്ടി കൊടികളും ബോര്‍ഡുകളും വ്യാപകമായി അക്രമിക്കപ്പെടുകയും കോമത്ത് മുരളീധരന്‍ പല തവണ കൈയ്യേറ്റത്തിന് ഇരയാവുകയും ചെയ്തിരുന്നു. പ്രതിഷേധ മാര്‍ച്ച് നിയന്ത്രിക്കാന്‍ ശ്രീകണ്ഠാപുരം സി.ഐ ശ്രീജിത്ത് കോടെരി എസ്.കെ ദിനേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
