ആര്‍എസ്എസ് സമ്മേളന വേദിയില്‍ ഗണഗീതം പാടി സിപിഎം ബ്രാഞ്ച് അംഗമായ യക്കോബായ വൈദികന്‍; ആര്‍എസ്എസിന്റെ അടുക്കും ചിട്ടയും ശ്ലാഘനീയമെന്ന് പുകഴ്ത്തി ഫാദര്‍ പോള്‍ തോമസ് പീച്ചിയില്‍; പല നിറമാണെങ്കിലും രാജ്യത്തിന്റെ വിജയത്തിനായി ഒന്നിക്കണമെന്നും വൈദികന്‍

ആര്‍എസ്എസ് സമ്മേളന വേദിയില്‍ ഗണഗീതം പാടി സിപിഎം ബ്രാഞ്ച് അംഗമായ യക്കോബായ വൈദികന്‍

Update: 2025-10-03 15:37 GMT

കൂത്താട്ടുകുളം: ആര്‍എസ് എസ് ശതാബ്ദി സമ്മേളനത്തില്‍ ആശംസയുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും യാക്കോബായ പള്ളി വികാരിയുമായ വൈദികന്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് മുത്തപ്പന്‍ യാക്കോബായ ഇടവക വികാരി ഫാദര്‍ പോള്‍ തോമസ് പീച്ചിയിലാണ് ആര്‍എസ്എസ് വേദിയിലെത്തിയത്. ആര്‍എസ്എസ് കൂത്താട്ടുകുളം മണ്ഡലം സംഘടിപ്പിച്ച യോഗത്തിലാണ് വൈദികന്‍ അധ്യക്ഷനായി തന്നെ പങ്കെടുത്തത്.

ആര്‍എസ്എസിന്റെ സേവനങ്ങളെ പുകഴ്ത്തി കൊണ്ടാണ് അദ്ദേഹം സംസാരിച്ചതും. ആദ്യമായാണ് വേദി പങ്കിടുന്നതെന്ന് ഫാ. പോള്‍ തോമസ് പീച്ചിയില്‍ പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവര്‍ ആര്‍.എസ്.എസില്‍ ഉള്ളതുകൊണ്ടും സ്‌നേഹത്തോടെ ക്ഷണിച്ചതുകൊണ്ടുമാണ് പങ്കെടുത്തത്. ഭാരതാംബയുടെ മക്കളായി ഭാരതത്തില്‍ ഒരുമിച്ച് ജീവിക്കണമെന്നും അധര്‍മ്മത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഫാ. പോള്‍ തോമസ് പീച്ചിയില്‍ പറഞ്ഞു. പല നിറമാണെങ്കിലും രാജ്യത്തിന്റെ വിജയത്തിനായി ഒന്നിക്കണമെന്ന് ഫാദര്‍പോള്‍ തോമസ് പീച്ചിയില്‍ ഹൈസ്‌കൂള്‍ മൈതാനത്തു നടന്ന യോഗത്തില്‍ പറഞ്ഞു.

ഗണഗീതം ആലപിച്ച് അദ്ദേഹം പ്രസംഗം കൊഴുപ്പിക്കുകയും ചെയ്തു. ആര്‍എസ്എസ് നടത്തുന്ന സാമൂഹ്യ ഇടപെടലും അവരുടെ അടുക്കും ചിട്ടയും ശ്ലാഘനീയമാണ്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മനുഷ്യത്വപരമാണ്. ആചാരപ്രകാരം ഏത് കാര്യത്തിനും വിജയദശമി നല്ല ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഉപ്പുകണ്ടം ബ്രാഞ്ച് അംഗമാണ്. ഫാദര്‍ പോള്‍ തോമസ്. എല്ലാ സിപിഎം പരിപാടികളിലെ സ്ഥിരം സാന്നിധ്യവും. സഭാ തര്‍ക്കവേളയില്‍ യാക്കോബായ സഭാ വിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു ഇദ്ദേഹം. പാര്‍ട്ടിയില്‍ അംഗത്വമുള്ള വൈദികന്‍ നേതൃത്വത്തിന്റെ അറിവോടെയാണോ പരിപാടിയില്‍ പങ്കെടുത്തത് എന്ന് വ്യക്തമല്ല.

Tags:    

Similar News