'എടോ വിജയാ' എന്ന് ആഞ്ഞടിച്ച വെളിയം; കാബിനറ്റില്‍ നിന്ന് മന്ത്രിമാരെ വിട്ടുനിര്‍ത്തിയ കാനം; ഇപ്പോള്‍ അവഗണന സഹിക്കാനാവാതെ പൊട്ടിത്തെറിച്ച് ബിനോയ് വിശ്വവും; പിഎംശ്രീ ഒരു മറ മാത്രം; ഘടകകക്ഷികള്‍ക്ക് ഭരണത്തില്‍ റോളില്ല; പിണറായിസത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം!

പിണറായിസത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം!

Update: 2025-10-24 17:00 GMT

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചതിന്റെ പേരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത് അവഗണനയില്‍ മനം മടുത്ത്. പിഎംശ്രീ വിവാദം ഒരു മറ മാത്രമാണെന്നും യഥാര്‍ത്ഥ പ്രശ്നം സിപിഎമ്മിന്റെ വല്യേട്ടന്‍ കളി തന്നെയാണെന്നും പ്രമുഖ സിപിഐ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ പാര്‍ട്ടിയിലും മുന്നണിയിലും സമ്പൂര്‍ണ്ണ പിണറായിസമാണ്. പ്രധാന വിഷയങ്ങളില്‍ പോലും കൂടിയാലോചനകള്‍ നടക്കുന്നില്ല. മന്ത്രിസഭ ഹെഡ്മാഷും കുട്ടികളും എന്ന രീതിയിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുപറയുന്നോ അതിന് തലയാട്ടി കൊടുക്കുന്ന പണിയാണ് ഫലത്തില്‍, സിപിഐ മന്ത്രിമാര്‍ക്കുപോലും വന്നുചേര്‍ന്നിരക്കുന്നത്.

ഭരണം സമ്പുര്‍ണ്ണമായി പിണറായി ക്യാമ്പില്‍ ഒതുങ്ങുകയാണ്. നേരത്തെ തൃശൂര്‍ പുരം കലക്കല്‍ വിവാദത്തിലും, എഡിജിപി അജിത്കുമാറിന്റെ കാര്യത്തിലുമൊക്കെ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തിലൊക്കെ ഏകപക്ഷീയമായ തീരുമാനമാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുണ്ടായിരുന്നത്. ഇനി താണുകൊടുക്കയാണെങ്കില്‍ തങ്ങള്‍ ഒന്നുമല്ലാതാവുമെന്ന തിരിച്ചറിവിലും, സിപിഐക്ക് അകത്ത് നിരന്തരം വിമര്‍ശനം ഉയര്‍ന്നതുകൊണ്ടുമാണ് ബിനോയ് വിശ്വം നിലപാട് കടുപ്പിച്ചത്. മാത്രമല്ല തുടര്‍ഭരണം കിട്ടിയതോടെ സിപിഐ തളരുകയും സിപിഎം വളരുകയും ചെയ്യുന്ന അവസ്ഥയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ ഏതാനും സീറ്റുകള്‍ സിപിഎം എടുക്കുമെന്നും അവര്‍ക്ക് ഭീതിയുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിശക്തമായി പ്രതികരിച്ചത്.

സിപിഐയില്‍ കടുത്ത അമര്‍ഷം

പിഎംശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മന്ത്രിസഭാ യോഗത്തില്‍ സിപിഐ വ്യക്തമാക്കിയിരുന്നു. പിന്നീട് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച പോലും ചെയ്യാതെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുകയായിരുന്നു. നീക്കം തിരിച്ചറിഞ്ഞ സിപിഐ, കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അജണ്ട അല്ലാതിരുന്നിട്ടും മന്ത്രി കെ.രാജന്‍ ഇത് ഉന്നയിക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. എന്നിട്ടും ധാരണാപത്രം ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിക്കുന്നത്.

തുടക്കംമുതല്‍ തങ്ങള്‍ ഉയര്‍ത്തിയ നിലപാട് തീര്‍ത്തും അവഗണിച്ച് സിപിഎം സ്വീകരിച്ചിരിക്കുന്ന ഏകപക്ഷീയ നിലപാട് സിപിഐയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇടതുമുന്നണിയില്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത് എന്നതാണ് സിപിഐയില്‍ പൊതുവേ ഉയരുന്ന വികാരം. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ എന്ത് സമീപനമാകും സിപിഐ സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പിനേപ്പറ്റിയുള്ള ചോദ്യത്തിന് 'എന്ത് സിപിഐ' എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുചോദ്യം. ഇതോടെ സിപിഐ ആകെ മുറിവേറ്റ നിലയിലാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ച സിപിഎമ്മിന് സിപിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാജിവെപ്പിക്കേണ്ടി വന്നത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് കാനത്തിന്റെ നിര്‍ദേശത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതോടെ സിപിഎം വഴങ്ങുകയായിരുന്നു അന്ന്. സമാനമായ സാഹചര്യമാണ് ഇപ്പോഴും വന്നു ചേര്‍ന്നിരിക്കുന്നത്. ഇതുപോലൊരു അപമാനം സിപിഐക്ക് മുന്നണിയില്‍ നിന്ന് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. പാര്‍ട്ടി ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മന്ത്രിമാരെ പിന്‍വലിക്കലും മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും അടക്കമുള്ള നിലപാടുകള്‍ സിപിഐയ്ക്ക് സ്വീകരിക്കാനാകും. മറിച്ച് മുന്നണി വിടുന്നതുപോലുള്ള കടുത്ത നിലപാടിലേക്ക് സിപിഐ പോകുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.

ബിനോയ് വെളിയത്തിന്റെ വഴിയേ

അതിനിടെ ബിനോയ് വിശ്വത്തിനെതിരെയും സിപിഐയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിനോയുടെ നട്ടെല്ലില്ലായ്മയാണ് കാര്യങ്ങള്‍ ഈ രീതിയില്‍ വഷളാക്കിയത് എന്നാണ് ആക്ഷേപം. കാനം രാജേന്ദ്രന്റെ നിര്യാണത്തിനുശേഷം, പന്ന്യന്‍ രവീന്ദ്രനും, ബിനോയ് വിശ്വവുമാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറിമാരായത്. ഇവരുടെ രണ്ടുപേരുടെയും കാലത്ത് പിണറായിയാണ് സിപിഐയെയും നിയന്ത്രിക്കുന്നത് എന്ന് ആക്ഷേപം വന്നിരുന്നു. നേരത്തെ വെളിയം ഭാര്‍ഗവനും സി കെ ചന്ദ്രപ്പനുമടക്കമുള്ള നേതാക്കള്‍ സിപിഎമ്മുമായി കട്ടക്ക് കട്ടക്ക് മുട്ടി നിന്നതുകൊണ്ടാണ് പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിന്നത്. ഇപ്പോള്‍ വെളിയത്തിന്റെ അതേ കടുത്ത ലൈനിലേക്ക് ബിനോയ് വിശ്വവും മാറണമെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന അഭിപ്രായം.

പി കെ വാസുദേവന്‍ നായര്‍ക്കുശേഷം വെളിയം സെക്രട്ടറിയായപ്പോഴാണ് സിപിഐ സിപിഎമ്മിനോട് നേര്‍ക്കുനേര്‍ മുട്ടുന്ന സാഹചര്യമുണ്ടായത്. പിണറായിയെ വരെ വിറപ്പിച്ച നേതാവ് വെളിയം. പാര്‍ട്ടിയുടെ അമരത്ത്, 1998-ല്‍ സിപിഐ സെക്രട്ടറിയായി വെളിയം സ്ഥാനമേല്‍ക്കുമ്പോള്‍, പാര്‍ട്ടിയെ നയിക്കുക മാത്രമായിരുന്നില്ല വെളിയത്തിന്റെ പണി. മുന്നണിക്കകത്ത് മേല്‍വിലാസം നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. മുഖം നോക്കാതെ പറയാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെ കാത്തിരുന്ന പാര്‍ട്ടിക്ക് വെളിയം നല്‍കിയത് പുതുജീവന്‍. വെളിയത്തിന്റെ കാര്‍ക്കശ്യവും ഗര്‍ജനവും കേരള രാഷ്ട്രീയത്തിലെ സിപിഐയുടെ അടയാളമായി. ഒപ്പം നടക്കുന്നവര്‍ സമവായത്തിനായി നാവടക്കിയപ്പോള്‍ വെളിയം അടങ്ങിനിന്നില്ല. നട്ടെല്ലോടെ വെളിയം ഒറ്റക്ക് നേരിട്ടു.

എല്ലാം ക്ഷമിക്കുന്ന പികെവിയുടെ ശൈലിയായിരുന്നില്ല വെളിയത്തിന്റെത്. സിപിഎം എന്ന 'വല്യേട്ടനു' മുന്നില്‍ റാന്‍ മൂളാന്‍ വെളിയേട്ടന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ അദ്ദേഹം കലഹിച്ചു. തന്റെ മുന്നിലുള്ള മുഖം ആരുടേതെന്ന് നോക്കിയില്ല. തനിക്ക് തോന്നുന്ന ശരി എന്ത് എന്ന് മനസ്സിലാക്കി തുറന്നു പറഞ്ഞു. വെളിയത്തിന്റെ വാക്കുകളില്‍ മുറിവേറ്റവര്‍ നിരവധി. പലപ്പോഴും ഇടതുമുന്നണി യോഗങ്ങളില്‍ അവസാനത്തെ വാക്ക് ആശാന്റെതായിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സെക്രട്ടറിമായ പിണറായി വിജയനെ വരെ വിറപ്പിച്ച നേതാവാണ് വെളിയം. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ വയനാട്, പൊന്നാനി സീറ്റുകളില്‍ ഒന്ന് പിടിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. അന്ന് വെളിയം അതി ക്ഷുഭിതനായാണ് പരസ്യമായി പ്രതികരിച്ചത്. 'എടോ വിജയാ' എന്ന് പറഞ്ഞുകൊണ്ട് മുന്നണിക്കത്തും അദ്ദേഹം ആഞ്ഞടിച്ചു. ഇതിന് മറുപടിയായി സിപിഐയുടെ ചരിത്രം പറഞ്ഞുകൊണ്ടുള്ള പിണറായിയുടെ മറുപടിയും വാര്‍ത്തയായിരുന്നു.

എന്നാല്‍ അന്ന് വെളിയം നടത്തിയ ശക്തമായ പോരാട്ടത്തെ തുടര്‍ന്ന് തങ്ങളുടെ സീറ്റ് സംരക്ഷിക്കാന്‍ സിപിഐക്കായി. എന്നാല്‍ ജനതാദള്‍ മത്സരിച്ച കോഴിക്കോട് സീറ്റ് സിപിഎം എടുത്തു. അതോടെ വീരേന്ദ്രകുമാറും കൂട്ടരും മുന്നണി വിട്ടുപോയതും വാര്‍ത്തയയിരുന്നു. അതുപോലെ തന്നെ മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസിനെ വിമര്‍ശിക്കാനും വെളിയത്തിന് മടിയുണ്ടായിരുന്നില്ല.

വെളിയത്തിനുശേഷം സി കെ ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോഴും സിപിഐയുടെ വ്യക്തിത്വം നിലനിന്നിരുന്നു. പിന്നീട് കാനം രാജേന്ദ്രന്‍ സെക്രട്ടറിയായപ്പോള്‍ ആദ്യകാലത്ത് സിപിഐയുടെ ശബ്ദം വേറിട്ട് കേട്ടിരുന്നു. പക്ഷേ പിന്നീട് കാനവും പിണറായിക്ക് ഒപ്പമായി. കാനത്തിനുശേഷം പന്ന്യനും, ബിനോയും സെക്രട്ടറിമാര്‍ ആയ സമയത്ത് സിപിഐ സിപിഎമ്മിന്റെ ബി ടീം ആവുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ ഗത്യന്തരമില്ലാതെ ബിനോയ് വീണ്ടും വെളിയം ഭാര്‍ഗവന്റെ ലൈന്‍ സ്വീകരിക്കയാണ്.


Tags:    

Similar News