സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്ന കെ.പി. ഉദയഭാനുവിന് തിരിച്ചടിയായത് നവീന്‍ബാബു വിഷയത്തില്‍ കണ്ണൂര്‍ ലോബിയെ വെട്ടിലാക്കിയത്; വെള്ളാപ്പള്ളിയുടെ സഹായം തേടിയിട്ടും പിണറായി വഴങ്ങിയില്ല; സംസ്ഥാന കമ്മറ്റിയിലേക്ക് കുപ്പായം തുന്നിയവര്‍ക്കും പത്തനംതിട്ടയില്‍ നിരാശ

കെ.പി. ഉദയഭാനുവിന് തിരിച്ചടിയായത് നവീന്‍ബാബു വിഷയത്തില്‍ കണ്ണൂര്‍ ലോബിയെ വെട്ടിലാക്കിയത്

Update: 2025-03-10 06:12 GMT

പത്തനംതിട്ട: സംസ്ഥാന കമ്മറ്റിയംഗമായ മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സെക്രട്ടറിയേറ്റില്‍ അംഗമാകും. അങ്ങനെ വരുന്ന ഒഴിവില്‍ കയറിപ്പറ്റാം. പത്തനംതിട്ടയില്‍ നിന്നുള്ള മൂന്നു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ കരുതിയിരുന്നത് അങ്ങനെയായിരുന്നു. എന്നാല്‍, മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായപ്പോള്‍ തന്നെ ഇവരുടെ മോഹങ്ങള്‍ വാടിക്കരിഞ്ഞു.

നവീന്‍ബാബു വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും കണ്ണൂര്‍ ലോബിയെയും പ്രതിസന്ധിയിലാക്കിയ ഉദയഭാനുവിനെ പക്ഷേ, സെക്രട്ടറിയേറ്റിന്റെ ഏഴയലത്ത് അടുപ്പിക്കാന്‍ പിണറായി സമ്മതിച്ചില്ല. അനുകൂലഘടകങ്ങള്‍ ഒരു പാടുണ്ടായിരുന്നു ഉദയഭാനുവിന്. തുടര്‍ച്ചയായി രണ്ടു വട്ടം ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും തൂത്തുവാരി.

യുഡിഎഫിന്റെ കുത്തകയായിരുന്ന ജില്ലാ രണ്ടു വട്ടം തൂത്തുവാരി പിടിച്ചെടുത്തു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം, തദ്ദേശസ്ഥാപനങ്ങളിലെ അധികാരം, മറ്റു പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മിലേക്കുള്ള കുത്തൊഴുക്ക്...അങ്ങനെഏതൊരു ജില്ലാ സെക്രട്ടറിയും സ്വപ്നം കാണുന്ന നേട്ടങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ഉദയഭാനു അല്ലെങ്കില്‍ പിന്നെ ആര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരാനാണ്? സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരുന്ന ഉദയഭാനു കോന്നിയില്‍ മല്‍സരിക്കാനും തയാറെടുത്തിരുന്നു. ഇതിനായി സിറ്റിങ് എംഎല്‍എ കെ.യു. ജനീഷ്‌കുമാറിനെ വെട്ടിനിരത്താന്‍ തന്റെ അണികളെ ഇറക്കി വിടുകയും ചെയ്തു. ജനീഷിനെതിരേ പാര്‍ട്ടിക്കാര്‍ തന്നെ സമരവുമായി ഇറങ്ങുന്ന അപൂര്‍വതയും ഉണ്ടായി.

പക്ഷേ, എല്ലാം തകിടം മറിച്ചത് നവീന്‍ ബാബു വിഷയമായിരുന്നു. കണ്ണൂര്‍ ലോബി പി.പി ദിവ്യയെ സംരക്ഷിക്കാന്‍ നിന്നപ്പോള്‍ അതെല്ലാം ഉദയഭാനുവിന്റെ ശക്തമായ നിലപാടില്‍ കടപുഴകി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടി വന്നതും ജയിലില്‍ പോകേണ്ടി വന്നതും സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു. ഇതാണ് പിണറായിയെയും കണ്ണൂര്‍ ലോബിയെയും ചൊടിപ്പിച്ചത്.

ഒടുവില്‍ കര്‍ശനമായ താക്കീത് കൊടുത്താണ് പത്തനംതിട്ടയിലെ നേതൃത്വത്തെ നിലയ്ക്ക് നിര്‍ത്തിയത്. പിണറായിയുടെ അതൃപ്തി മനസിലാക്കിയ ഉദയഭാനു സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ സഹായം തേടിയെന്നാണ് പാര്‍ട്ടിയിലെ ഒരു പക്ഷം പ്രചരിപ്പിക്കുന്നത്. വിശ്വസ്തനായ കൊടുമണ്‍ ഏരിയാ കമ്മറ്റി അംഗത്തിന്റെ കൂടെയായിരുന്നു വെളളാപ്പള്ളി സന്ദര്‍ശനം എന്നാണ് പ്രചാരണം. എന്നാല്‍, എസ്എന്‍ഡിപി യോഗ നേതാക്കളൊന്നും ഇത് അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്.

ഉദയഭാനു സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഒഴിവില്‍ കയറാനായി മൂന്നു പേരുകളാണ് ജില്ലയില്‍ നിന്ന് ഉയര്‍ന്നത്. മുന്‍ എം.എല്‍.എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.ബി. ഹര്‍ഷകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. സനല്‍കുമാര്‍ എന്നിവരാണ് സംസ്ഥാന കമ്മറ്റി അംഗത്വം പ്രതീക്ഷിച്ചിരുന്നത്. ഇതിനായി ഇവര്‍ കരുനീക്കവും നടത്തിയിരുന്നു.

താന്‍ സംസ്ഥാന കമ്മറ്റി അംഗത്വം ആഗ്രഹിച്ചിരുന്നുവെന്നാണ് എ. പത്മകുമാര്‍ പറഞ്ഞത്. ഹര്‍ഷകുമാറാകട്ടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ വേണ്ടിയാണ് ആശ വര്‍ക്കര്‍മാരുടെ സമരനേതാവ് എസ്. മിനിയെ അധിക്ഷേപിച്ച് സംസാരിച്ചത്. എം.വി. ഗോവിന്ദന്‍ ഇത് തളളുകയും ചെയ്തു. ആര്‍. സനല്‍കുമാറിന് തിരിച്ചടിയായി വന്നത് തിരുവല്ലയിലെ കടുത്ത വിഭാഗീയതയും ഇതു സംബന്ധിച്ചുള്ള വിവാദങ്ങളുമാണ്. ഇനി രാജു ഏബ്രഹാം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിവു വരുമെന്നും അപ്പോള്‍ അത് കിട്ടുമെന്ന് കരുതിയിരുന്ന നേതാക്കളുമുണ്ട്. എന്തായാലും ഉദയഭാനുവിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ ഈ സമവാക്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു.

Tags:    

Similar News