എങ്ങനെ തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്ര ഉത്തരം; ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറിയിട്ടും സിപിഎം മാത്രം അത് തിരിച്ചറിഞ്ഞില്ല; പത്മകുമാറിനെ താങ്ങിയത് തിരിച്ചടിയായെന്ന് സംസ്ഥാന സമിതി വിലയിരുത്തല്‍; രാഷ്ട്രീയ പ്രചാരണ ജാഥ ഒറ്റമൂലി!
എങ്ങനെ തോറ്റു എന്ന് ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്രവാദം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍, വിമര്‍ശനം. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്നും, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടനാപരമായ പോരായ്മകള്‍ സംഭവിച്ചെന്നും സമിതി വിലയിരുത്തി. അതേസമയം, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും യോഗം നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ശബരിമല സ്വര്‍ണക്കൊള്ള വിവാദം ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുകയും ഇത് സര്‍ക്കാരിനെതിരായ വികാരമായി മാറുകയും ചെയ്തിട്ടും പാര്‍ട്ടിക്ക് കൃത്യമായി തിരിച്ചറിയാനായില്ലെന്ന് സംസ്ഥാന സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചെന്നും, ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നും ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് ഭൂരിഭാഗം പേരും സമ്മതിച്ചു. പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയായിരുന്നെങ്കിലും അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്രവാദം
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന വിചിത്രമായ വാദമാണ് സംസ്ഥാന സമിതി മുന്നോട്ടുവെക്കുന്നത്. ഭരണരംഗത്ത് കാര്യമായ വിവാദങ്ങള്‍ ഇല്ലാത്ത കാലഘട്ടമായിരുന്നിട്ടും, സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതില്‍ സംഘടനാപരമായ വീഴ്ച സംഭവിച്ചെന്നും യോഗം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.
തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് പാര്‍ട്ടി നിലപാടുകളും സര്‍ക്കാര്‍ നേട്ടങ്ങളും വിശദീകരിക്കുന്നതിനായി ഒരു രാഷ്ട്രീയ പ്രചാരണ ജാഥ അത്യാവശ്യമാണെന്നാണ് സംസ്ഥാന സമിതിയിലെ പ്രധാന നിര്‍ദേശം. ഈ കണ്ടെത്തലുകള്‍ വരും തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ തന്ത്രങ്ങളെയും സമീപനങ്ങളെയും സ്വാധീനിക്കുന്നതില്‍ നിര്‍ണായകമാകും.
