മലപ്പട്ടമാണ് ... നിങ്ങള്‍ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി; തടുക്കുവാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറും കുപ്പിയേറും പോര്‍വിളിയും; സിപി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്
മലപ്പട്ടത്ത് സി പി എം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
കണ്ണൂര്‍: പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്ത് സി.പി.എം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സംഘര്‍ഷം തുടരുകയായിരുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണന്‍ സ്മാരക മന്ദിരത്തിന് മുന്‍പിലാണ് സംഘര്‍ഷമുണ്ടായത്. ബുധനാഴ്ച്ച വൈകിട്ട് ആറിന് പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയേറ് നടത്തി. സമാപന സമ്മേളനം ഉദ്ഘാടനത്തിനെത്തിയ കെ.സുധാകരന്‍ എം.പി യും ജാഥാ ലീഡര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരിക്കുന്ന വേദിക്ക് നേരെയും കല്ലേറും വടിയേറും നടന്നുവെന്ന ആരോപണമുണ്ട്. പൊലീസ് ഇടപെട്ടാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയത്.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ ഗാന്ധിസ്തൂപം തകര്‍ത്തതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ മെയ് 14 ന് കാല്‍നട ജാഥയും സമ്മേളനവും നടത്തിയത്. ജാഥയ്ക്കിടെയും പിന്നീട് സമ്മേളനത്തിന് ശേഷവും വ്യാപക സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
തങ്ങള്‍ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാനാണ് പൊലീസ് എ.സി.പി ആവശ്യപ്പെട്ടത്. സി.പി.എമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മന:പൂര്‍വം സംഘര്‍ഷമുണ്ടാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്ന് സി.പി.എം ആരോപിച്ചു. ഓഫിസ് പൊളിക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നും സി.പി.എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മലപ്പട്ടത്ത് ഏറെ നാളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട് ആക്രമിക്കുകയും കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് കാല്‍നട പ്രചരണ ജാഥ നടത്തിയത്. സി.പി.എം മൃഗീയ ഭൂരിപക്ഷത്തില്‍ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മലപ്പട്ടം.
പൊലീസ്, അക്രമം നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്
ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സി.പി.എം പൂര്‍ണമായും മാറിയെന്നു വ്യക്തമാക്കുന്ന സംഭവമാണ് മലപ്പട്ടത്തുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കെ.സുധാകരന്‍ എം.പി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സി.പി.എം ക്രിമിനലുകള്‍ ശ്രമിച്ചു.
സമാധാനപരമായി പദയാത്ര സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് സി.പി.എം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയ നാണംകെട്ട കാഴ്ചയാണ് കേരളം കണ്ടതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് സി.പി.എം ക്രിമിനലുകള്‍ പൊലീസ് നോക്കി നില്‍ക്കെ അഴിഞ്ഞാടിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലത്തിലാണ് സി.പി.എം ക്രിമിനലുകള്‍ പ്രാകൃതമായ രീതിയില്‍ ആക്രമണം നടത്തിയത്. ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നവര്‍ സി.പി.എം റെഡ് വോളന്റിയേഴ്സിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്നാണ് പൊലീസിനോട് പറയാനുള്ളത്.
യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപവം തകര്‍ക്കുകയും വീട് ആക്രമിക്കുകയും ചെയ്ത അതേ ക്രിമിനലുകളാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത്.
ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്ന പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ക്രിമിനലുകളെ നിയന്ത്രിക്കാന്‍ തയാറാകണം. എന്തൊക്കെ ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യും. നിങ്ങള്‍ അവകാശപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊക്കെ കോണ്‍ഗ്രസ് കടന്നു വരും. പാര്‍ട്ടി ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കി തടുക്കാമെന്ന് ഒരു സി.പി.എം നേതാവും കരുതേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.