പഴം പൊരിക്ക് വരെ റീ ഇമ്പേഴ്സ്‌മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടരുത്! നിയമസഭയിലെ 'ശിവതാണ്ഡവം' പുറത്തെടുത്താല്‍ പോരായിരുന്നോ? പ്രതിഫലം ചോദിച്ച നവ്യ നായരെ അവഹേളിച്ച മന്ത്രിക്കെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങള്‍; ഗതികെട്ട് പ്രസ്താവന പിന്‍വലിച്ചു ശിവന്‍കുട്ടിയുടെ തടിയൂരലും

പഴം പൊരിക്ക് വരെ റീ ഇമ്പേഴ്സ്‌മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടരുത്!

Update: 2024-12-10 01:44 GMT

തിരുവനന്തപുരം: സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗത ഗാനത്തിന് ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ കടുത്ത അമര്‍ഷമായിരുന്നു സൈബര്‍ ലോകത്ത് ഉടലെടുത്തത്. വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടിയെ പിന്തുണക്കാന്‍ ആരും തയ്യാറായില്ല. സൈബറിടത്തിലെ സിപിഎം അണികള്‍ പോലും ശിവന്‍കുട്ടിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു. അധ്വാനിക്കുന്നവര്‍ക്ക പണം കൊടുക്കണം എന്ന സാമാന്യമര്യാദ പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ലേ എന്നാണ് ഇതോടെ ഉയര്‍ന്ന ചോദ്യം.

ഇത്തരം വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് മന്ത്രി പറഞ്ഞ പ്രമുഖ നടി ആരെന്ന ചോദ്യം ഉയര്‍ന്നത്. ഇതോടെ പലരും വിവാദത്തില്‍ പ്രതികരിച്ചു രംഗത്തുവന്നു. മന്ത്രി ശിവന്‍കുട്ടി സൂചിപ്പിച്ച ആ നടി നവ്യ നായരാണ് സൈബര്‍ലോകം കണ്ടെത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് സൗജന്യമായി അവരുടെ അധ്വാനത്തിന് വിലകല്‍പ്പിക്കാത്തത് എന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഈ വിഷയത്തില്‍ മന്ത്രിയെ ആരും പിന്തുണക്കാതെ വരികയും സംസ്ഥാന സര്‍ക്കാറിലെ ഓരോ ധൂര്‍ത്തുകളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമായി ഉയരുകയും ചെയ്തു.

മന്ത്രി ശിവന്‍കുട്ടിയുടെ കുടുംബത്തിലേക്ക് തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും മറ്റ് ആനൂകൂല്യവും ലഭ്യമാക്കുന്നതും സൈബറിടത്തില്‍ ചര്‍ച്ചയായി. സംസ്ഥാന യുവജനോത്സവത്തില്‍ 14000 കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക എന്നത് വലിയ ടാസ്‌ക്ക് തന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു. പണം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ നിയമസഭയില്‍ പണ്ട് മന്ത്രി തന്നെ പുറത്തെടുത്ത 'ശിവതാണ്ഡവം' പുറത്തെടുത്താല്‍ പോരായിരുന്നോ? എന്നുപോലും പരിഹാസങ്ങള്‍ സൈബറിടത്തില്‍ ഉയര്‍ന്നു.

ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിക്കെതിരെ രംഗത്തുവന്നു. കേരളീയത്തിന്റെ പേരില്‍ നടത്തിയ ധൂര്‍ത്തും കലാമണ്ഡലത്തില്‍ പുതിയ ചാന്‍സലര്‍ക്കായി പണം ചിലവാക്കുന്നതും അടക്കമുള്ള കാര്യങ്ങളും ഇതോടെ ചര്‍ച്ചയായി. ഇതോടെ മന്ത്രിയുടെ പ്രസ്താവനയില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുന്ന അവസ്ഥ വന്നു. ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനം നടത്തിയത് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരായിരുന്നു. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ സേവനമാണോ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ എന്നാണ് സന്ദീപ് ചോദിക്കുന്നത്.

സന്ദീപ് വാര്യരുടെ വാക്കുകള്‍ ഇങ്ങനെ:

''മലയാള സിനിമയിലെ ഒരു നായിക നടി ഉദ്ഘാടനത്തിന് പോയാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം. സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനം പോലെ ഏറെ പ്രയത്‌നം വേണ്ട ഒരു നൃത്തം ഒരുക്കിയെടുക്കാന്‍ അവര്‍ക്ക് ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരും. അവിടെയാണ് മന്ത്രി വലിയ തുക ചോദിച്ചതായി പറഞ്ഞ് ആ കലാകാരിയെ , അവര്‍ ആരോ ആകട്ടെ, ആക്ഷേപിക്കുന്നത് . അവര്‍ നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ടെങ്കില്‍ അത് അവരുടെ മിടുക്കാണ് .സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ സേവനമാണോ ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നല്‍കാമെങ്കില്‍ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നല്‍കിക്കൂടാ ?മന്ത്രി ആയതിനുശേഷം ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേ ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ? ആശുപത്രിയില്‍ പോയി കിടക്കുമ്പോള്‍ കണ്ണടക്കും തോര്‍ത്തുമുണ്ടിനും പഴം പൊരിക്കും വരെ സര്‍ക്കാരില്‍ നിന്ന് റീ ഇമ്പേഴ്‌സ്‌മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വിലയിടാന്‍ നില്‍ക്കരുത്''.

വിവാദം കൈവിട്ടു പോയതോടയാണ് നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ''എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ടു പ്രസ്താവന ഞാന്‍ പിന്‍വലിച്ചു. ഇനി അതു വിട്ടേക്ക്'' മന്ത്രി പറഞ്ഞു.

കലോത്സവത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ കൊണ്ടു വരുന്നതിനും കലോത്സവ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും കലോത്സവ വേദിയില്‍ സെലിബ്രിറ്റികളെ കൊണ്ടു വരാറുണ്ട്. കൊല്ലം കലോത്സവത്തില്‍ മമ്മൂട്ടി, ആശാ ശരത്, കുമാരി നിഖിലാ വിമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ആശാ ശരത്താണ് സ്വാഗത ഗാന നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയത്. കോഴിക്കോട് കലോത്സവത്തില്‍ കെ.എസ്.ചിത്ര, ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്.

കലോത്സവ വേദികളില്‍ എത്തുന്ന സെലിബ്രിറ്റികള്‍ ആ വേദിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രതിഫലം ഒന്നും ഇല്ലാതെയാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക പരിപാടിയില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വാര്‍ത്തയായത് ശ്രദ്ധയില്‍പ്പെട്ടു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല ആ പരാമര്‍ശങ്ങള്‍. അതിനാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

വെഞ്ഞാറമ്മൂട്ടില്‍ സംസ്ഥാന നാടക മത്സരത്തിന്റെ സമ്മാനദാനത്തിനു പോയപ്പോഴാണ് നടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയതെന്നു മന്ത്രി പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. ലോകത്ത് എവിടെ ആയിരുന്നാലും സുരാജ് വെഞ്ഞാറമൂട്, പഴയ നാടകനടന്‍ എന്ന നിലയില്‍ നാടകോത്സവം നടക്കുന്ന സമയത്ത് അവിടെ എത്തുമെന്നു പറഞ്ഞു. അത് ആ നാടിനോടും നാടകത്തോടുമുള്ള സ്നേഹമാണ്. ഇത് എല്ലാ സെലിബ്രിറ്റികളും പിന്തുടരുന്നത് നല്ലതാണെന്ന് ഞാന്‍ പറഞ്ഞു.

14,000 കുട്ടികള്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഏഴുമിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ സ്‌കൂള്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ 5 ലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോടു ചോദിച്ചു. അതു വാര്‍ത്തയായപ്പോള്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ആയിട്ടേ ഉള്ളു. കുട്ടികളെ നിരാശപ്പെടുത്തുന്ന വിവാദങ്ങള്‍ വേണ്ട. അതുകൊണ്ട് വെഞ്ഞാറമൂട്ടില്‍ ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News