സുനാമി മുന്നറിയിപ്പുണ്ടായത് വെട്ടിലാക്കിയത് ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ; നാടുകാണാന്‍ ഇറങ്ങിയവര്‍ തിരികെ എത്തിയപ്പോള്‍ കപ്പല്‍ പലതും തുറമുഖം വിട്ടു; ആശങ്കയില്‍ വെട്ടിലായി സഞ്ചാരികള്‍; തുറമുഖത്തില്‍ കപ്പലിലേക്ക് ഭ്രാന്തമായി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
സുനാമി മുന്നറിയിപ്പുണ്ടായത് വെട്ടിലാക്കിയത് ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ
ഹവായ്: ഇന്ന് രാവിലെ റഷ്യയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായത് വെട്ടിലാക്കിയത് ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ്. ക്രൂയിസ് കപ്പലുകളില്‍ ലോകം കാണാനിറങ്ങിയ ഇവരെ ഉപേക്ഷിച്ച് കപ്പലുകള്‍ പലതും തുറമുഖങ്ങള്‍ വിട്ടു പോകുകയായിരുന്നു. റഷ്യയുടെ കിഴക്കന്‍ കാംചത്ക ഉപദ്വീപിനടുത്തുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് പസഫിക്കില്‍ 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഹവായ്, ജപ്പാന്‍, റഷ്യ, കൊളംബിയ, യുഎസ് പടിഞ്ഞാറന്‍ തീരത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
ക്രൂയിസ് കപ്പലുകള്‍ യാത്രക്കാരില്ലാതെ ഹവായ് വിട്ടുപോകുന്നതായി മനസിലാക്കിയതോടെ പരിഭ്രാന്തരായ വിനോദസഞ്ചാരികള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ദുഖവും നിരാശയും പങ്കു വെയ്ക്കുകയായിരുന്നു. ഡെമിഫ്രീമാന്‍ എന്ന ടിക് ടോക്ക് ഉപഭോക്താവ് ആളുകള്‍ ഒരു തുറമുഖത്തിലൂടെ തങ്ങളുടെ കപ്പലിലേക്ക് ഭ്രാന്തമായി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ശുദ്ധ ഭ്രാന്താണ് എന്നാണ് രോഷാകുലയായ ഒരു സ്ത്രീ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
സമുദ്രത്തിലെ സുനാമിയുടെ മധ്യത്തിലായിരിക്കും നമ്മള്‍ എന്നും അവര്‍ കളിയാക്കി. വടക്കുപടിഞ്ഞാറന്‍ ഹവായി ദ്വീപുകളുടെ ചില തീരങ്ങളില്‍ വേലിയേറ്റ നിരപ്പില്‍ നിന്ന് മൂന്ന് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മൗയി ദ്വീപിലേക്കും പുറത്തേക്കുള്ളതുമായ വിമാനങ്ങള്‍ മുന്‍കരുതലായി റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മറ്റൊരു വീഡിയോയില്‍, ഹവായിയില്‍ ക്രൂയിസ് യാത്ര നഷ്ടപ്പെട്ട ആളുകള്‍ ഒരു ബസ് നിറയെ ഇരിക്കുന്നതായി കാണപ്പെട്ടിരുന്നു. തങ്ങള്‍ തുറമുഖത്ത് എത്തിയെങ്കിലും കപ്പല്‍ അവിടം വിട്ടു പോയതായി യാത്രക്കാര്‍ പരാതിപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ പലരുടേയും കുടുംബാംഗങ്ങള്‍ ഈ കപ്പലുകളില്‍ ഉണ്ടെന്നും തങ്ങളെ കാണാതെ കുട്ടികള്‍ പരിഭ്രാന്തരായി കാണുമെന്നും പലരും ചൂണ്ടിക്കാട്ടി. അവരുമായി ആശയവിനിമയം നടത്താനും മാര്‍ഗമില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
സുനാമി ഭീതി കാരണം കരയില്‍ കുടുങ്ങിപ്പോയ കപ്പല്‍യാത്രക്കാരെ ഉയര്‍ന്ന മേഖലകളിലേക്ക് മാറ്റുകയായിരുന്നു. ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ 600 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പറയപ്പെടുന്നത്. യുഎസ് സംസ്ഥാനമായ ഹവായിയില്‍ വലിയ സുനാമി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.