കേന്ദ്ര ഏജന്‍സികളെ കുടുക്കാന്‍ 'വിജിലന്‍സിനെ' ഇറക്കി പിണറായി; കേരളം കടന്നും ഉദ്യോഗസ്ഥരുടെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും യോഗേഷ് ഗുപ്തിയുടെ പുലികുട്ടികള്‍ എത്തി; മുന്നറിയിപ്പുമായി കസ്റ്റംസ് മേധാവിയുടെ കത്ത് പോലീസ് മേധാവിയ്ക്ക്; പോലീസും കസ്റ്റംസും ഭിന്നതയിലേക്ക്

Update: 2025-02-02 04:34 GMT

തിരുവനന്തപുരം: കേരളാ പോലീസും കസ്റ്റംസും തമ്മിലെ ഭിന്നത രൂക്ഷമാകും. അന്വേഷണത്തിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി എത്തുന്നത് റെയ്ഡുകളുടെ പേരിലാണ്. യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലന്‍സ്- പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ കത്ത് നല്‍കി. അസാധാരണ സാഹചര്യമാണ് ഇതുണ്ടാക്കുന്നത്.

കേരളത്തിലെ ഏത് അഴിമതിയേയും അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനം. മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളില്‍ വിജിലന്‍സ് ഇടപെട്ടിരുന്നില്ല. ഇതിന് മാറ്റം വരുത്തി. സ്വര്‍ണ്ണ കടത്തില്‍ വിജിലന്‍സ് പിടിമുറുക്കി. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംസ്ഥാനത്തിന് പുറത്തുള്ള വീടുകളില്‍ പോലും റെയ്ഡ് നടത്തിയിരുന്നു വിജിലന്‍സ്. ഇതും അസാധാരണമായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അര്‍ധ ഔദ്യോഗിക കത്ത് അയച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി സമ്മതം വാങ്ങിയ ശേഷമാണ് ഈ കത്ത് അയച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ചെറുക്കാന്‍ വിജിലന്‍സിനെ പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കത്ത് അയച്ചത്. കസ്റ്റംസ് മേധാവിയുടെ കത്തില്‍ ഇതുവരെയും സംസ്ഥാന പൊലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ ക്വാര്‍ട്ടേഴ്സ് റെയ്ഡ് ചെയ്തു. ഹരിയാനയില്‍ കൈത്തലിലെ സന്ദീപ് നെയിന്റെ കുടുംബ വീട്ടിലും പരിശോധന നടത്തി. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയിട്ടും തിരിച്ചുനല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇതിനൊപ്പമാണ് സംസ്ഥാനത്തിന് പുറത്ത് പരിശോധന നടത്തിയത്.

അതേസമയം, നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിജിലന്‍സ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്ന് വിജിലന്‍സ് വ്യക്തമാക്കി. യോഗേഷ് ഗുപ്തയാണ് വിജിലന്‍സ് ഡയറക്ടര്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയും നടപടിയെടുക്കാന്‍ വിജിലന്‍സിന് കഴിയുമെന്ന് സര്‍ക്കാരിനെ യോഗേഷ് ഗുപ്തയാണ് അറിയിച്ചത്. ഇതോടെ സര്‍ക്കാര്‍ അനുമതിയും നല്‍കി. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡുകള്‍ നടത്തിയത്.

പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേരളത്തിലും പഞ്ചാബിലും ഹരിയാനയിലുമടക്കം ഒമ്പത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. വിജിലന്‍സ് മലപ്പുറം യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. 2023 ഒക്ടോബറില്‍ കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്.

കേസില്‍ ഒന്നാംപ്രതി സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയ നവീന്‍കുമാറും കൊണ്ടോട്ടി സ്വദേശി ഷറഫലിയും ആയിരുന്നു. കേസില്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് അന്വേഷണം വിജിലന്‍സിന് കൈമാറിയത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് സംഘം മൂന്ന് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തിയത്. നവീന്‍കുമാറിന്റെ ഹരിയാനയിലെ വീട്ടിലും ഷറഫലിയുടെ കൊണ്ടോട്ടിയിലെ വീട്ടിലും പരിശോധന നടന്നു.

അതിനോടൊപ്പം തന്നെ ഈ കേസുമായും ഇവര്‍ ഇരുവരുമായും ബന്ധമുണ്ട് എന്ന് കണ്ടെത്തിയ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഹരിയാനയിലെയും പഞ്ചാബിലെയും വീടുകളിലും കൊച്ചിയിലെയും കോഴിക്കോട്ടെയും കസ്റ്റംസ് ക്വാര്‍ട്ടേഴ്സുകളിലും റെയ്ഡ് നടന്നു. ഇതുകൂടാതെ, അമാന ഗ്രൂപ്പുമായി ബന്ധമുള്ള ഒരു വ്യക്തിയടക്കമുള്ള ഏജന്റുമാരുടെ താമരശ്ശേരിയിലും കൊണ്ടോട്ടിയിലുമുള്ള വീടുകളിലും റെയ്ഡ് നടന്നു. വിജിലന്‍സിന്റെ മലപ്പുറം യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നതെങ്കിലും റെയ്ഡിനുവേണ്ടി കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി.മാരെ കൂടി ഉള്‍പ്പെടുത്തി കോഴിക്കോട് റെയ്ഞ്ച് എസ്.പി.യുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ ഉണ്ടാക്കിയിരുന്നു. ഈ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട ഒരു സ്വര്‍ണക്കടത്ത് കേസിന്റെ നിര്‍ണായകമായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡുകള്‍ നടന്നത്. റെയ്ഡില്‍ സുപ്രധാനമായ രേഖകളും പാസ്പോര്‍ട്ടുകളും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചതായാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Similar News