'നിനക്ക് വിദ്യാഭ്യാസം ഉണ്ടോടീ, നിലവാരം ഉണ്ടോടീ': കോര്‍ട്ടില്‍ ആക്രോശിച്ച് ലാത്വിയന്‍ താരം ജെലീന ഓസ്താപെന്‍കോ; തോല്‍വിയെ നേരിടാന്‍ പഠിക്കണമെന്ന് കൂളായി യുഎസ് താരം ടൗണ്‍സെന്റ്; യുഎസ് ഓപ്പണില്‍ വംശീയ അധിക്ഷേപമെന്ന് ആക്ഷേപം; കളി അവസാനിച്ചപ്പോള്‍ സംഭവിച്ചത്
യുഎസ് ഓപ്പണില്‍ വംശീയ പരാമര്‍ശം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ റാക്കറ്റുകള്‍ വീശുന്നതിനിടെ വംശീയാധിക്ഷേപ വിവാദം. ടൂര്‍ണമെന്റിനിടെ ലാത്വിയന്‍ താരം ജെലീന ഓസ്താപെന്‍കോയുടെ വംശീയ അധിക്ഷേപത്തെ ടെയ്ലര്‍ ടൗണ്‍സെന്റ് മാന്യമായി നേരിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മത്സരം കഴിഞ്ഞ് ഗ്രൗണ്ട് വിടുമ്പോള്‍ ഓസ്താപെന്‍കോ ടൗണ്‍സെന്റിനോട് 'നിനക്ക് വിദ്യാഭ്യാസവും നിലവാരവുമില്ല' എന്ന് ആക്രോശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ടൗണ്‍സെന്റ് പ്രതികരിച്ചത് 'നിങ്ങള്‍ക്ക് എന്തും പറയാം, പക്ഷെ തോല്‍വി എങ്ങനെ സ്വീകരിക്കണമെന്ന് പഠിക്കണം' എന്നായിരുന്നു.
'വളരെ നന്ദി. നല്ല കളി,' എന്ന് പറഞ്ഞ ടൗണ്‍സെന്റ് അതിനുശേഷം കാണികളോട് നന്ദി അറിയിച്ച് സന്തോഷം പങ്കുവെച്ചു. ഓസ്താപെന്‍കോയുടെ പ്രതികരണം കാണികളെ പ്രകോപിപ്പിച്ചു. ടൂര്‍ണമെന്റിന്റെ ആദ്യ സെറ്റില്‍ 5-5 എന്ന നിലയില്‍ ഷോട്ട് നെറ്റില്‍ തട്ടിയപ്പോള്‍ ടൗണ്‍സെന്റ് പരമ്പരാഗത രീതിയില്‍ ക്ഷമാപണം നടത്താതിരുന്നതാണ് ഓസ്താപെന്‍കോയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. കൂടാതെ, ടൗണ്‍സെന്റ് നെറ്റിനടുത്തുവെച്ച് വാം-അപ്പ് നടത്തിയതും 'അനാദരവെന്നും മത്സര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും' ഓസ്താപെന്‍കോ ആരോപിച്ചു.
'നീ ക്ഷമ പറയണം,' ഓസ്താപെന്‍കോ പറഞ്ഞപ്പോള്‍ 'ഞാന്‍ ക്ഷമ പറയേണ്ടതില്ല,' എന്ന് ടൗണ്‍സെന്റ് മറുപടി നല്‍കി. വിജയിയായ ശേഷം ടൗണ്‍ലെന്റ് ഇ എസ് പിഎന്നിനോട് പറഞ്ഞത് ഇങ്ങനെ: ' എനിക്ക് നിലവാരവും വിദ്യാഭാസവുമില്ലെന്നും അമേരിക്കയ്ക്ക് പുറത്ത് വച്ച് ഏറ്റുമുട്ടുമ്പോള്‍ എന്തുസംഭവിക്കുമെന്ന് കാണിച്ചുതരാമെന്നും അവള്‍ വെല്ലുവിളിച്ചു'. ' ഞാന്‍ അതിനുവേണ്ടി കാത്തിരിക്കുകയാണ്. യുഎസിന് പുറത്ത് കാനഡയില്‍ അവളെ ഞാന്‍ തോല്‍പ്പിച്ചു. നമുക്ക് നോക്കാം ഇനി എന്താണ് അവള്‍ക്ക് പറയാനുള്ളതെന്ന്. ഇത് മത്സരമാണ്, തോല്‍ക്കുമ്പോള്‍ ആളുകള്‍ അസ്വസ്ഥരാകും. ചിലര്‍ മോശം കാര്യം പറയുകയും ചെയ്യും'- ടൗണ്‍സെന്റ് പറഞ്ഞു.
താന്‍ വംശീയാധിക്ഷേപം നടത്തിയെന്ന ആക്ഷേപം ഓസ്താപെന്‍കോ ശക്തമായി നിഷേധിച്ചു. ' ഞാന്‍ ഒരിക്കലും വംശീയവാദിയല്ല. ഞാന്‍ എല്ലാ രാജ്യക്കാരെയും ബഹുമാനിക്കുന്നു.' അതേസമയം ഓസ്താപെന്‍കോയുടെ പരാമര്‍ശങ്ങളില്‍ വംശീയാധിക്ഷേപ സൂചനയുണ്ടോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അവരോട് ചോദിക്കണം എന്നായിരുന്നു ടൗണ്‍സെന്റിന്റെ മറുപടി.