'ഷെഹബാസ് ഷെരീഫ് പുലര്‍ച്ചെ നീന്തുകയായിരുന്നു സൂര്‍ത്തുക്കളെ നീന്തുകയായിരുന്നു': പാക് പ്രധാനമന്ത്രി 'നീന്ദ്' എന്ന് പറഞ്ഞതിനെ 'നീന്തല്‍' എന്ന് തര്‍ജ്ജമ ചെയ്ത് പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്‌തെന്ന് സൈബര്‍ ആക്രമണം; മുഖമില്ലാത്ത ഭീരുക്കളുടെയും മുഖമുള്ള 'വ്യാജന്‍'മാരുടെയും കുപ്രചാരണമെന്ന മറുപടിയുമായി ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റര്‍

പ്രശാന്ത് രഘുവംശത്തിന് എതിരെ സൈബറാക്രമണം

Update: 2025-05-19 17:20 GMT

തിരുവനന്തപുരം: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത് പുലര്‍ച്ചെ 2.30 ന് സൈനിക മേധാവി അസിം മുനീറിന്റെ കോള്‍ വന്നപ്പോഴാണ് താന്‍ അറിഞ്ഞത് എന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അടുത്തിടെ ഇസ്ലാമബാദില്‍ ഒരു പരിപാടിയില്‍ പറഞ്ഞത്. നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ആക്രമണം ഉണ്ടായതായി താന്‍ അറിഞ്ഞതും അപ്പോഴാണെന്ന് പാക് പ്രധാനമന്ത്രി പറയുന്നുണ്ട്. അതുപോലെ തന്നെ, ഇന്ത്യയുമായുളള വെടിനിര്‍ത്തലിനെ കുറിച്ച് താന്‍ അറിഞ്ഞത് രാവിലത്തെ നീന്തലിനിടെയാണെന്നും ഷെഹബാസ് ഷരീഫ് പറഞ്ഞു. ' രാവിലെയാണ്. ഞാന്‍ നീന്തുന്നതിനിടെ ഫോണ്‍ വന്നു. അസിം മുനീറിന്റെ കോളായിരുന്നു. ഇന്ത്യക്ക് നമ്മള്‍ ശക്തമായ മറുപടി നല്‍കി കഴിഞ്ഞു. പക്ഷേ ഇപ്പോള്‍ അവര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നു'. ഇങ്ങനെയാണ് വാര്‍ത്ത വന്നത്.



 


എന്നാല്‍ ഇന്ത്യ-പാക് വെടിനിറുത്തലിനെക്കുറിച്ച് താന്‍ അറിഞ്ഞത് പുലര്‍ച്ചെ നീന്തുമ്പോഴായിരുന്നു എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലെ ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്തതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ട്രോളുകളും അടക്കം സൈബറാക്രമണമാണ്.


 



പാകിസ്ഥാന്‍ പ്രധാനമന്ത്രി നീന്ദ് എന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് കള്ളപ്രചാരണം. 'നീന്ദ്്' എന്നാല്‍ ഹിന്ദിയിലും ഉറുദുവിലും 'ഉറങ്ങുക' എന്നാണര്‍ത്ഥം ഇത് ഇത് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുന്നത്.


Full View

. ഇക്കാര്യത്തില്‍ പ്രശാന്ത് രഘുവംശവും പോസ്റ്റിട്ടു.

പ്രശാന്ത് രഘുവംശത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യ പാകിസ്ഥാന്‍ വെടിനിറുത്തല്‍ എങ്ങനെ നിലവില്‍ വന്നു എന്ന് വിശദീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. രണ്ടു കാര്യങ്ങള്‍ ഷഹ്ബാസ് ഷെരീഫ് പറയുന്നു

1. 2.30 മണിയ്ക്ക് തന്നെ കരസേന മേധാവി ജനറല്‍ അസിം മുനീര്‍ വിളിച്ച് ഇന്ത്യ നൂര്‍ ഖാന്‍ താവളത്തില്‍ അടക്കം മിസൈല്‍ അയച്ചു എന്നറിയിച്ചു

2. 'പുലര്‍ച്ചെ ഫജ്ര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം നീന്തുകയായിരുന്ന സമയത്ത് രണ്ടാമത്തെ ഫോണ്‍ വന്നു. വെടിനിറുത്തലിനുള്ള ശുപാര്‍ശ വന്നു എന്നാണ് സേന മേധാവി അസിം മുനീര്‍ താന്‍ നീന്തുകയായിരുന്ന സമയത്ത് വിണ്ടും വിളിച്ച് അറിയിച്ചത്'

ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി ഞാന്‍ നല്കിയ റിപ്പോര്‍ട്ടിലും രണ്ടരയ്ക്കുള്ള ആദ്യ വിളിയും പിന്നീട് പാക് പ്രധാനമന്ത്രി നീന്തുന്ന സമയത്തുള്ള രണ്ടാമത്തെ വിളിയും കൃത്യമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'Swimming' എന്ന് ഇംഗ്‌ളീഷില്‍ തന്നെയാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. അതിന്റെ വിഡിയോ ലിങ്കില്‍ കാണാം. പാക് പ്രധാനമന്ത്രി പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത വിഡിയോയും ഒപ്പം ഇടുന്നു. നീന്ദ്(ഉറക്കം) എന്ന വാക്ക് തന്നെ പ്രധാനമന്ത്രി ഉപയോഗിച്ചിട്ടില്ല. 'SWIMMING' എന്ന വാക്ക് വ്യക്തമായി ഉപയോഗിക്കുന്നു. 'നീന്ദ്' എന്ന് പറഞ്ഞതിനെ 'നീന്തല്‍' എന്ന് തര്‍ജ്ജമ ചെയ്ത് റിപ്പോര്‍ട്ട് ചെയ്തതായി ട്രോളുകളുണ്ടാക്കി മുഖമില്ലാത്ത ഭീരുക്കളും മുഖമുള്ള 'വ്യാജന്‍'മാരും പ്രചരിപ്പിക്കുന്നത് കണ്ടു. വെറുതെ ഒന്ന് സുഖം കിട്ടാനാണെങ്കിലും (നീന്ദ് കിട്ടാനാണെങ്കിലും??) സ്ഥിരം ട്രോളന്‍മാരില്‍ ഒരു വിഭാഗവും ചില വ്യാജനിര്‍മ്മിതിക്കാരും വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതു കണ്ടതു കൊണ്ടാണ് ഈ വിശദീകരണം. നിയമനടപടി വേറെ എടുക്കുന്നുണ്ട്.

Full View


Tags:    

Similar News