പെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ 'സീറോ' ആക്കും; 'ജീവന്‍ പ്രമാണ്‍ പത്ര'യുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?

Update: 2025-07-14 01:16 GMT

തിരുവനന്തപുരം: ഈ വിവര ചോര്‍ച്ച ഗൗരവതരം. വേണ്ടത് അതിശക്തമായ അന്വേഷണവും. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് നടക്കുന്നു. മുതിര്‍ന്ന പൗരരെ ഫോണില്‍ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് ഒടിപി ചോര്‍ത്തിയാണ് തട്ടിപ്പ്. പെന്‍ഷന്‍ വിവരങ്ങള്‍ പറയുന്നത് കൊണ്ടു തന്നെ വിളിയില്‍ വിശ്വാസ്യത വരും. അതുകൊണ്ട് തന്നെ വയസായവര്‍ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യും. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും വിവര ചോര്‍ച്ച ഉണ്ടായി എന്നാണ് നിഗമനം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ പൂര്‍ണരൂപത്തില്‍ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബര്‍ ക്രൈം വിഭാഗം അന്വേഷിക്കുന്നുണ്ട്.

കേന്ദ്രപെന്‍ഷന് ആവശ്യമായിവരുന്ന 'ജീവന്‍ പ്രമാണ്‍ പത്ര'യുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബര്‍ ക്രൈം വിഭാഗത്തില്‍ എത്തിയത്. പെന്‍ഷന്‍കാരുടെ നിയമനത്തീയതി, വിരമിക്കല്‍ തീയതി, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, സ്ഥിരം മേല്‍വിലാസം, ഇ മെയില്‍ വിലാസം, വിരമിക്കുമ്പോള്‍ ലഭിച്ച തുക, പ്രതിമാസ പെന്‍ഷന്‍തുക, നോമിനി തുടങ്ങിയ വിവരങ്ങള്‍ ഫോണിലൂടെ പറയും. ഇതെല്ലാം ശരിയായിരിക്കും. പെന്‍ഷന്‍ ഡയറക്ടറേറ്റില്‍നിന്നാണ് എന്ന വ്യാജേനയാണ് വിളിക്കുന്നത്. ഇതും വിവരങ്ങള്‍ കൃത്യമായി പറയുന്നതും വിശ്വാസ്യത കൂട്ടുകയും ചെയ്യും. അതിന് ശേഷം തട്ടിപ്പും.

വിവരങ്ങള്‍ പറഞ്ഞശേഷം ഇത് ഉറപ്പാക്കുന്നതിനായി ഒടിപി പറഞ്ഞുകൊടുക്കാനും നിര്‍ദേശിക്കുന്നു. പറയുന്ന വിവരങ്ങള്‍ ശരിയാണെന്നതിനാല്‍ പലരും ഒടിപി പറഞ്ഞുകൊടുക്കും. പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടിലെ തുക ഇതോടെ അപ്രത്യക്ഷമാകും. പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ വേണ്ട ജീവന്‍ പ്രമാണ്‍ പത്ര പുതുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍കാരെ ഫോണില്‍ വിളിക്കുകയോ ഓണ്‍ലൈനായി ബന്ധപ്പെടുകയോ ചെയ്യാറില്ല. തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പെന്‍ഷന്‍ ഡയറക്ടറേറ്റ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയാണ് പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ തട്ടിപ്പുകാരില്‍ എത്തിയതെന്നതില്‍ ആര്‍ക്കും ഉത്തരവുമില്ല.

ജീവന്‍ പ്രമാണ്‍ പത്ര എന്നത് പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഒരു സംവിധാനമാണ്. ഇത് പെന്‍ഷന്‍ ലഭിക്കുന്നതിന് ഓരോ വര്‍ഷവും സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിലൂടെ പെന്‍ഷന്‍ വിതരണ ഏജന്‍സിക്ക് പെന്‍ഷന്‍കാരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്താനാകും. പെന്‍ഷന്‍കാര്‍ക്ക് കൃത്യസമയത്ത് പെന്‍ഷന്‍ ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്. ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇതിന്റെ പേരില്‍ വരുന്ന ഫോണ്‍ വിളിയില്‍ പാവങ്ങള്‍ വീഴുകയും ചെയ്യുന്നു. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ ആണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ചോദിക്കുന്നത്.

പിപിഒ നമ്പറും ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും തട്ടിപ്പുകാര്‍ പറയും. അതുകൊണ്ട് തന്നെ ട്രഷറി ഓഫീസില്‍ നിന്നുള്ള വിളിയാണെന്ന് വിശ്വസിക്കുകയും ചെയ്യും. അങ്ങനെയാണ് ചതിയില്‍ വീഴുന്നത്. പല കാരണങ്ങളാല്‍ സമയത്തിനുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മാസമോ അതിനുശേഷമോ സമര്‍പ്പിക്കാം. അതേസമയം ശ്രദ്ധിക്കേണ്ട വിഷയം, നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങാനിടയുണ്ട്. സര്‍ട്ടിഫിക്കറ്റ് സെന്‍ട്രല്‍ പെന്‍ഷന്‍ പ്രോസസ്സിംഗ് സെന്ററുകളില്‍ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ. ഈ സാഹചര്യത്തില്‍ ഈ നടപടിക്രമങ്ങള്‍ക്ക് വേണ്ടിയാണ് ഫോണ്‍ വിളിയെന്ന വ്യാജേന ഒടിപിയും കൃത്യമായി തന്നെ പറയും. ഇത് ചതിയായി മാറുകയാണ്.

റിട്ടയര്‍മെന്റിനു ശേഷം വരുമാനം ലഭിക്കുന്നത് അല്ലെങ്കില്‍ സമ്പാദ്യമുണ്ടാകുന്നത് മുതിര്‍ന്ന പൗരന്‍മാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയര്‍മെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെന്‍ഷന്‍. 60-നും 80-നും ഇടയില്‍ പ്രായമുള്ള എല്ലാ പെന്‍ഷന്‍കാരും പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നതിന് ജീവന്‍ പ്രമാണ്‍ പത്രം സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതു മനസ്സില്‍ വച്ചാണ് പുതിയ തട്ടിപ്പ്. വളരെ വേണ്ടപ്പെട്ടവരുടെ ശബ്ദത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശമോ ഫോണ്‍കോളോ നിങ്ങളെയും തേടി എത്തിയേക്കാം. രാജ്യത്തുടനീളം നിരവധി പേര്‍ വോയിസ് ക്ലോണിങ്ങ് എന്ന ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇരയുടെ ശബ്ദത്തിന്റെ ക്ലോണ്‍ സൃഷ്ടിച്ച് അവരുടെ പരിചയക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന രീതിയാണിത്. ഇതിന്റെ പുതിയ രീതിയാണ് ഇപ്പോള്‍ നടക്കുന്നത്.

വോയിസ് ക്ലോണിങ്ങിനായുള്ള ഇരയുടെ ശബ്ദ സാമ്പിളുകള്‍, റോങ് നമ്പര്‍ കോളിലൂടെയോ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നോ (ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് വീഡിയോകള്‍ ) തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താം. ഇരകളുടെ കോണ്‍ടാക്ട് ഡീറ്റെയില്‍സും മറ്റ് പ്രസക്ത വിവരങ്ങളും ശേഖരിച്ച ശേഷം സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ച് അവരുടെ വേണ്ടപ്പെട്ടവരെ വൈകാരികമായി കെണിയില്‍പ്പെടുത്തുന്ന രീതിയാണ് ഇവിടെ പ്രയോഗിക്കുന്നത്. വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതല്‍ 2500 വരെ ഫോണ്‍കോളുകള്‍ എത്തുന്നുണ്ടെന്ന് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു. ഇതില്‍ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പരാതികളില്‍ 90 ശതമാനവും ഒരു ലക്ഷം രൂപയില്‍താഴെ പണം നഷ്ടപ്പെടുന്നവയാണ്.

Tags:    

Similar News