മുന്നറിയിപ്പിൽ മാറ്റം..; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി; 'ഫിൻജാൽ' കരതൊടും; 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യത; തമിഴ്നാട്ടിൽ റെഡ് അലർട്ട്; അതീവ ജാഗ്രത!
ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി രൂപം കൊണ്ടു. തമിഴ്നാട്ടിൽ അതീവ ജാഗ്രത. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത എന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട് , പുതുച്ചേരി , തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയും ഉണ്ട്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകീട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും കാറ്റ് ശക്തിപ്രാപിച്ചു.
ഡെൽറ്റ ജില്ലകളിൽ 13,000 ഹെക്ടർ നെൽകൃഷി നശിച്ചതായി സംസ്ഥാന കൃഷി മന്ത്രി പനീർ സെൽവം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യം വന്നാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു.