പുരാവസ്തു തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഡി മണി എന്നത് ദാവൂദ് മണിയോ? ഇയാള്‍ തിരുവനന്തപുരത്ത് വെച്ച് ഒരു ഉന്നതന് വന്‍ തുക കൈമാറിയത് രാഷ്ട്രീയ നേതാവിന്; മുന്‍മന്ത്രിയേയും ഡി മണിക്ക് അറിയാം; 2019-2020 കാലഘട്ടത്തില്‍ കടത്തിയത് നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍; കൂട്ടു നിന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊള്ളസങ്കേതമോ?

Update: 2025-12-23 04:29 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുരാവസ്തു മാഫിയയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ കേസിന്റെ ഗതി തന്നെ മാറ്റിമറിക്കും. ശബരിമലയില്‍ നിന്ന് 2019-2020 കാലഘട്ടത്തില്‍ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതായി വിദേശ വ്യവസായി അന്വേഷണസംഘത്തിന് മൊഴി നല്‍കി. തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഡി. മണിയാണ് ഈ വിഗ്രഹങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. 2020 ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടന്ന അതീവ രഹസ്യമായ കൂടിക്കാഴ്ചയില്‍ വെച്ച് ഡി. മണി ഒരു ഉന്നതന് വന്‍ തുക കൈമാറിയതായും വിവരമുണ്ട്. ഡി മണിയെന്നാല്‍ ദാവൂദ് മണിയാണെന്ന ചര്‍ച്ചയും സജീവമാണ്.

സ്വര്‍ണത്തിന് പുറമെ ശബരിമലയില്‍ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതായി ഒരു പ്രവാസി വ്യവസായി മൊഴി നല്‍കിയതും പ്രത്യേക അന്വേഷണ സംഘം ഗൗരവത്തില്‍ എടുക്കുന്നു. പുരാവസ്തു തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഡി. മണിയാണ് ഈ വിഗ്രഹങ്ങള്‍ കൈക്കലാക്കിയത്. ഇയാള്‍ തിരുവനന്തപുരത്ത് വെച്ച് ഒരു ഉന്നതന് വന്‍ തുക കൈമാറിയത് രാഷ്ട്രീയ നേതാവിനാണ്. മുന്‍ മന്ത്രിയുമായി അടക്കം ഇയാള്‍ക്ക് ബന്ധമുണ്ട്. ശരിക്കുള്ള സ്വര്‍ണപ്പാളികള്‍ എവിടെപ്പോയി എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മെറ്റലര്‍ജി വിദഗ്ദ്ധരുടെ സഹായത്തോടെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ റിപ്പോര്‍ട്ട് കേസില്‍ അതീവ നിര്‍ണായകമാണ്.

നിലവില്‍ ഡി. മണിയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ പുരാവസ്തു മാഫിയയുടെ സാന്നിധ്യമുണ്ടെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ നിലവില്‍ ജയിലിലാണ്. ഇതോടൊപ്പം തന്നെ, കേസിലെ വന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശബരിമലയില്‍ സ്വര്‍ണം പൊതിയാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായത് സ്വന്തം പണം കൊണ്ടല്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്‍ നല്‍കിയ ഒന്നരക്കോടി രൂപയും മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ പണവുമാണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ ഈ പണം പോറ്റി പലിശയ്ക്ക് കൊടുത്ത് കോടികള്‍ ലാഭമുണ്ടാക്കിയതായും വിവരമുണ്ട്. നിലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ ജയിലിലാണ്. കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇ.ഡി പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. ദ്വാരപാലക പാളികളിലെ സ്വര്‍ണം വാങ്ങിയതിന്റെ വില ഇനത്തില്‍ റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ 2.70 ലക്ഷം രൂപയ്ക്ക് മാളികപ്പുറത്തമ്മയ്ക്ക് 2020-ല്‍ സമര്‍പ്പിച്ച മാലയുടെ വിവരങ്ങള്‍ യഥാസമയം ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നതും ഗൗരവമാണ്.

സ്വര്‍ണക്കൊള്ള വിവാദമായശേഷം മാത്രമാണ് മഹസറില്‍ ഇത് ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഗോവര്‍ദ്ധന്‍ സ്വര്‍ണ വിലയായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ നല്‍കിയ 9.95 ലക്ഷത്തിന്റെ അഞ്ച് ഡിഡികളുടെ വിവരം ദേവസ്വം രേഖകളില്‍ ഉണ്ടോ എന്നതിലും സംശയം ബാക്കി. ഈ പണം ചെല്ലാന്‍ എഴുതി ബാങ്കില്‍ അടച്ചിട്ടുണ്ടൊ എന്നും ഒന്നാം നമ്പര്‍ രസീത് എഴുതി ഗോവര്‍ദ്ധന് നല്‍കിയിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്.

ഏത് ഇനത്തിലാണ് പണം വകകൊള്ളിച്ചത് എന്നതും പരിശോധിക്കേണ്ടതാണ്. ശേഷിച്ച പണം പോറ്റി വശം ബോര്‍ഡിന് നല്‍കിയതായാണ് ഗോവര്‍ദ്ധന്‍ പറയുന്നത്. അത് ദേവസ്വത്തില്‍ അടച്ചതിന് രസീതുണ്ടൊ എന്നും കണ്ടത്തേണ്ടതുണ്ട്.

Tags:    

Similar News