വ്യക്തിപരമായ വളര്‍ച്ചയിലും സര്‍ഗത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു ചുവട് പിന്നോട്ട് വെക്കുന്നു; കരിയറില്‍ ഒരു വര്‍ഷത്തെ അപ്രതീക്ഷിത ഇടവേള പ്രഖ്യാപിച്ച് ഡാബ്സി; പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെ; 'ചങ്കില്‍കുത്തുന്ന വര്‍ത്തമാനം പറയല്ലേ'യെന്ന് ആരാധകരുടെ കമന്റും
'ചങ്കില്‍കുത്തുന്ന വര്‍ത്തമാനം പറയല്ലേ'യെന്ന് ആരാധകരുടെ കമന്റും
തിരുവനന്തപുരം: വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി സംഗീതാസ്വാദകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത റാപ്പറും ഗായകനും ഗാനരചയ്താവുമാണ് ഡബ്സി എന്ന മുഹമ്മദ് ഫാസില്‍.തല്ലുമാല എന്ന ചിത്രത്തിലെ ''മണവാളന്‍ തഗ്'' എന്ന ഗാനത്തിലൂടെ റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഡബ്സി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഒരു ആരാധകവൃന്ദം സൃഷ്ടിച്ചെടുത്തത്.സിനിമയും പരിപാടികളുമമൊക്കെയായി തന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നുപോകുന്ന ഡബ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുന്നതായി താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.കരിയര്‍ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുകയാണ് എന്നാണ് ഡബ്സി പറഞ്ഞത്. ഒരു ചുവട് പിന്നോട്ട് വെയ്ക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാര്‍ജ് ആവാനും പുതിയ പ്രചോദനങ്ങള്‍ കണ്ടെത്താനും സഹായിക്കുമെന്നും ഉടന്‍ വീണ്ടും കാണമെന്നും ഡബ്സി കുറിച്ചു.
''പ്രിയരേ,നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.വളരെയധികം ആലോചനകള്‍ക്കും പരിഗണനകള്‍ക്കും ശേഷം, എന്റെ വ്യക്തിപരമായ വളര്‍ച്ചയിലും സര്‍ഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു വര്‍ഷത്തെ ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കല്‍ മാത്രമല്ല. ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാര്‍ജ് ആവാനും പുതിയ പ്രചോദനങ്ങള്‍ കണ്ടെത്താനും എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാന്‍ ഏറെ ആവേശഭരിതനാണ്. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഉടന്‍ വീണ്ടും കാണാം'' -ഡാബ്‌സീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഗായകന്റെ അപ്രതീക്ഷിത തീരുമാനം ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.ഇങ്ങളിങ്ങനെ ചങ്കീകുത്തുന്ന ബര്‍ത്താനം പറയല്ലേ മനുഷ്യാ....വേഗം തിരിച്ചുവരണം..,ഒന്നും കാണാതെ നിങ്ങളിങ്ങനെ ഒരു തീരുമാനം എടുക്കില്ല..സംതിങ്ങ് ബിഗ് ഇസ് കുക്കിങ്ങ്,ബ്രേക്ക് എടുത്തോ പക്ഷെ വേഗം തിരിച്ചുവരണെ..,നിങ്ങളെ വല്ലാതെ മിസ് ചെയ്യും..വേഗം തിരിച്ചുവരു..നിങ്ങള്‍ തന്ന സ്വാഗ് നമുക്ക് മറ്റാരും തരൂല..,നിങ്ങള്‍ക്ക് ഒരു വര്‍ഷം ചെറിയ കാലയളവാണ്.. പക്ഷെ ഞങ്ങള്‍ക്ക് വളരെ വലുതാണ്..എങ്കിലും നിങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.
അടുത്തിടെ ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് ഡബ്സി വിവാദത്തില്‍പ്പെട്ടിരുന്നു. മാര്‍ക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.ഗാനം പോരെന്നും ഡാബ്സീയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകര്‍ വിമര്‍ശിച്ചു.ഇതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഡാബ്സീയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു.പക്ഷെ ഇതോടെ കാര്യങ്ങള്‍ വീണ്ടും മാറി.ഗായകനെ മാറ്റിയതോടെ അത് പാടില്ലായിരുന്നുവെന്നും ഡബ്സിയെ പിന്തുണക്കു്ന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി.എന്നാല്‍ ഇതൊക്കെ പ്രചരണം തന്ത്രം മാത്രമാണെന്നും ഒരു വിഭാഗം വാദിച്ചു.
ചര്‍ച്ചകള്‍ പരിധിവിട്ടപ്പോഴാണ് പക്വതായാര്‍ന്ന പ്രതികരണവുമായി ഡബ്സി തന്നെ രംഗത്തുവന്നത്.വിവാദങ്ങള്‍ തന്നെ ബാധിക്കില്ലെന്നാണ് അന്ന് ഡാബ്സീ വ്യക്തമാക്കിയത്.'മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോള്‍ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാന്‍ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല.പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്' -എന്നായിരുന്നു ഡബ്സീ പറഞ്ഞത്.
പിന്നാലെയാണ് ഇപ്പോള്‍ കരിയറില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവും ഡബ്സി നടത്തിയിരിക്കുന്നത്.