വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ വീട് ജപ്തി; യൂണിഫോം പോലും മാറ്റാതെ കുട്ടികള്‍ പടിയിറങ്ങി; അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഞ്ചംഗ കുടുംബം; തിരിച്ചടവ് മുടങ്ങിയത് കോവിഡ് കാലത്ത്; രണ്ടരലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ പട്ടിക ജാതി കുടുംബത്തെ കുടിയിറക്കി മഹീന്ദ്ര ഫിനാന്‍സ്
പട്ടിക ജാതി കുടുംബത്തെ കുടിയിറക്കി മഹീന്ദ്ര ഫിനാന്‍സ്
സി ആര്‍ ശ്യാം
എരുമേലി: വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ വീട് ജപ്തി. സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി കര്‍ക്കശമാക്കിയതോടെ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളും പഠനോപകരണങ്ങളുമായി വീട് വിട്ടിറങ്ങേണ്ടി വന്നു. മറ്റെങ്ങും പോകാന്‍ ഇടമില്ലാത്തതിനാല്‍ വീട്ട് മുറ്റത്ത് തന്നെ നിസ്സഹായരായി കഴിയുകയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട അഞ്ചംഗ കുടുംബം.
മഴ പെയ്തതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമത്തിലാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയും ഒന്‍പതാം ക്ലാസിലും രണ്ടിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കുമാണ് തങ്ങള്‍ ഇന്ന് രാവിലെ വരെ താമസിച്ച വീട് വിട്ടിറങ്ങേണ്ടി വന്നത്. യൂണിഫോം പോലും മാറാതെയാണ് ഇളയകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇവരില്‍ ഒരു കുട്ടി സ്പെഷ്യല്‍ എബിള്‍ഡ് ആണ്.
പത്തനംതിട്ട മഹീന്ദ്ര ഫിനാന്‍സിന്റേതാണ് ജപ്തി നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. 2016 ലാണ് എരുമേലി അടുക്കള കോളനിയില്‍ താമസിക്കുന്ന കൂലിപണിക്കാരനായ കുളകുറ്റിയില്‍ രാജേഷ് മൂന്ന് സെന്റ് വസ്തു പണയപ്പെടുത്തി ലോണ്‍ എടുത്തത്. ആദ്യ തവണകള്‍ മുടങ്ങാതെ തിരിച്ചടച്ചെങ്കിലും കൊറോണ വന്നതോടെ അടവ് മുടങ്ങി. 2.50 ലക്ഷം രൂപയാണ് വായ്പ്പയെടുത്തത്. 2.55 ലക്ഷം വരെ രാജേഷ് തിരിച്ചടച്ചിരുന്നു. നിലവില്‍ പലിശ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം തുക അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. 54 തവണ മുടങ്ങിയതായാണ് ബാങ്ക് പറയുന്നത്.
പിന്നീട് ബാങ്ക് പലതവണ ആവശ്യപ്പെട്ടിട്ടും തുക അടക്കാന്‍ കഴിഞ്ഞില്ല. ഒറ്റ തവണ തീര്‍പ്പാക്കുന്നതിനായി 1.30 ലക്ഷം രൂപ അടയ്ക്കണമെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചു. എന്നാല്‍ രാജേഷിന് 1 ലക്ഷം രൂപ മാത്രമെ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ഈ പണവുമായി രാജേഷ് എത്തിയെങ്കിലും ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യാന്‍ തയ്യാറായില്ല. പി്ന്നീട് ബാങ്ക് കോടതി നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. കോട്ടയം സി. ജെ. എം. കോടതിയില്‍ നിന്നും സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി ഉത്തരവും കോടതി നിയോഗിച്ച കമ്മീഷനുമായാണ് ജപ്തി നടപടിക്കായി എത്തിയത്. ബാങ്കിന്റെ ലീഗല്‍ അഡൈ്വസറും ജീവനക്കാരുമുണ്ടായിരുന്നു.
വീട് വിട്ടിറങ്ങിയാല്‍ കുട്ടികളുമായി താമസിക്കാന്‍ തങ്ങള്‍ക്ക് യാതൊരു സൗകര്യവുമില്ലെന്ന് രാജേഷും ഭാര്യയും അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണയില്‍ ബാങ്ക് നടപടി വൈകുന്നേരത്തോടെ പൂര്‍ത്തീകരിക്കുകയായിരുന്നു. കുട്ടികളുടെ പുസ്തകങ്ങളും വീട്ടുപകരണങ്ങളുമായി വീടിന് പുറത്തിറങ്ങി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് വാര്‍ഡംഗം എന്നിവര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി.
നിര്‍ദ്ധന കുടുംബത്തെ പെരുവഴിയില്‍ ഇറക്കാതെ ബാങ്ക് പിന്‍മാറണമെന്നും തിരച്ചടവിന് രണ്ട് മാസം സാവകാശം നല്‍കണമെന്നും പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. സാവകാശം നല്‍കുന്നതിനുള്ള കാലാവധി അവസാനിച്ചതായി ബാങ്ക് ലീഗല്‍ അഡൈ്വസര്‍ പറഞ്ഞു. അതേസമയം രണ്ട്, മൂന്ന് സെന്റ് വസ്തുവുള്ളവരുടെ ആധാരം സ്വകാര്യ ബാങ്കുകളില്‍ പണയപ്പെടുത്തിയിരിക്കുകയാണ്. പലരും കടുത്ത സാമ്പത്തിക ബുദ്ധുമുട്ടുള്ളവര്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീ്ടു വച്ചവരുടെ വീടും സ്ഥലവും ജപ്തി ഭീഷണി നേരിടുകയാണ്.